ഗോളടിച്ച് മെസ്സി, രണ്ട് പെനാൽറ്റി നഷ്ടമാക്കി എംബാപ്പെ; പി.എസ്.ജിക്ക് ജയം
text_fieldsലീഗ് വണ്ണിൽ പി.എസ്.ജിക്ക് ഉജ്വല ജയം. സൂപ്പർ താരം ലയണൽ മെസ്സി ഗോൾ നേടിയ മത്സരത്തിൽ മോണ്ട്പെല്ലിയറിനെ 3-1നാണ് കീഴടക്കിയത്. കിലിയൻ എംബാപ്പെ രണ്ട് തവണ പെനാൽറ്റി കിക്കുകൾ നഷ്ടമാക്കുകയും പരിക്കേറ്റ് മടങ്ങുകയും ചെയ്ത മത്സരത്തിൽ 72ാം മിനിറ്റിലാണ് മെസ്സി എതിർവല കുലുക്കിയത്. ഫാബിയൻ റൂസ് നൽകിയ മനോഹര പാസാണ് ഗോളിലേക്ക് വഴിതുറന്നത്. ഇതോടെ ലീഗിൽ താരത്തിന്റെ ഗോൾ സമ്പാദ്യം ഒമ്പതായി. 14 ഗോളുമായി റെയിംസിന്റെ ഫൊലാറിൻ ബലോഗൺ ആണ് ഒന്നാമത്. 13 ഗോളുമായി കിലിയൻ എംബാപ്പെ തൊട്ടു പിറകിലുണ്ട്.
55ാം മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെയാണ് പി.എസ്.ജി മുന്നിലെത്തിയത്. പിന്നാലെ ലയണൽ മെസ്സിയും ഗോളടിച്ചതോടെ ലീഡ് ഇരട്ടിയായി. എന്നാൽ, 89ാം മിനിറ്റിൽ ആർനൗഡ് നോർഡിൻ ഒരു ഗോൾ തിരിച്ചടിച്ചു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ 16കാരൻ വാറൻ സയർ എമരിയിലൂടെ പി.എസ്.ജി പട്ടിക തികച്ചു. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള പി.എസ്.ജിക്ക് ഇതോടെ 21 കളിയിൽ 51 പോയന്റായി.
മത്സരത്തിന്റെ തുടക്കത്തിൽ പി.എസ്.ജിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്കെടുക്കാൻ എത്തിയത് എംബാപ്പെ ആയിരുന്നു. കിക്ക് എതിർ ഗോൾകീപ്പർ ബെഞ്ചമിൻ ലെകോംറ്റെ തടഞ്ഞിട്ടെങ്കിലും കിക്കെടുക്കുന്നതിന് മുമ്പ് അദ്ദേഹം മുന്നോട്ടു നീങ്ങിയതിനാൽ വാർ പരിശോധനക്ക് ശേഷം റഫറി വീണ്ടും കിക്കെടുക്കാൻ നിർദേശിച്ചു. എന്നാൽ, രണ്ടാമത്തെ കിക്ക് പോസ്റ്റിൽ തട്ടി എംബാപ്പെയുടെ തന്നെ കാലിൽ എത്തിയെങ്കിലും ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 21ാം മിനിറ്റിൽ താരം പരിക്കേറ്റ് മടങ്ങുകയും ചെയ്തു. എംബാപ്പെയുടെ പരിക്ക് രണ്ടാഴ്ചക്കകം ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ നേരിടാനൊരുങ്ങുന്ന പി.എസ്.ജിക്ക് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.