അവിശ്വസനീയ ഗോളുമായി മെസ്സി; യുറുഗ്വായ്ക്കെതിരെ അർജന്‍റീനക്ക് തകർപ്പൻ ജയം
text_fieldsേബ്വനസ് ഐറിസ്: ലോകകപ്പ് യോഗ്യത റൗണ്ടിൽ കരുത്തരായ യുറുഗ്വായ്ക്കെതിരെ അർജന്‍റീനക്ക് തകർപ്പൻ ജയം. സൂപ്പർ താരം ലയണൽ മെസ്സി വലകുലുക്കിയ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്‍റീന യുറുഗ്വായ്യെ തകർത്തത്. ലയണൽ മെസ്സിയെ കൂടാതെ റോഡ്രിഗോ ഡിപോളും ലോതാരോ മാർട്ടിനസുമാണ് അർജന്‍റീനക്കായി ഗോളുകൾ നേടി. ഇതോടെ അർജന്‍റീന 24 മത്സരങ്ങൾ പരാജയമറിയാതെ പൂർത്തിയാക്കി.
അതേസമയം ബ്രസീലിന്‍റെ വിജയക്കുതിപ്പിന് കൊളംബിയ ബ്രേക്കിട്ടു. ഒമ്പതിൽ ഒമ്പതും വിജയിച്ച് അപരാജിതരായി കുതിക്കുകയായിരുന്ന ബ്രസീലിനെ കൊളംബിയ ഗോൾരഹിത സമനിലയിൽ തളച്ചു.
അഞ്ച് പ്രതിരോധ ഭടൻമാരെ കളത്തിലിറക്കിയാണ് ഓസ്കാർ ടബേരസ് അർജന്‍റീനയെ പൂട്ടാനിറങ്ങിയത്. എന്നാൽ ആദ്യ പകുതിയൽ തന്നെ രണ്ട് തവണ വെടിപൊട്ടിച്ച് അർജന്‍റീന മത്സരം വരുതിയിലാക്കിയിരുന്നു. 38ാം മിനിറ്റിൽ ലോ സെൽസോയുടെ അസിസ്റ്റിൽ പന്ത് വലയിലാക്കി മെസ്സി ടീമിന് ലീഡ് നൽകി.
ഒരുപക്ഷേ പന്ത് നേരിട്ട് വലയിലാക്കാൻ മെസ്സിയും ലക്ഷ്യമിട്ടു കാണില്ല. ബോക്സിന് പുറത്തുനിന്ന് നിരുപദ്രവകാരമായ പാസ് നല്‍കുകയാണെന്നേ എല്ലാവരും കരുതിയുള്ളൂ. എന്നാൽ പന്ത് എതിർ ടീം ഗോൾകീപ്പറെ മറികടന്ന് വലയിലേക്ക് കയറി. അർജന്‍റീന ജഴ്സിയിലെ മെസ്സിയുടെ 80 ഗോളായിരുന്നു ഇത്. ലാറ്റിനമേരിക്കയിൽ മറ്റൊരു താരവും 80 അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടില്ല.
ആദ്യ പകുതി അവസാനിക്കാൻ മിനിറ്റ് മാത്രം ശേഷിക്കേ ലക്ഷ്യം കണ്ട ഡിപോൾ ടീമിന്‍റെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിച്ച ശേഷം ഒരുപിടി മാറ്റങ്ങളുമായി യുറുഗ്വായ് ആക്രമണം കനപ്പിക്കാൻ ശ്രമം തുടങ്ങി. എഡിൻസൺ കവാനിയായിരുന്നു തുറുപ്പുചീട്ട്. കവാനിക്ക് മികച്ചൊരു ചാൻസ് ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. ലൂയി സുവാരസിന്‍റെയടക്കം ഒരുപിടി മികച്ച സേവുമായി എമിലിയാനോ മാർട്ടിനസ് തന്‍റെ മാറ്റ് കൂട്ടി. 62ാം മിനിറ്റിലായിരുന്നു മാർടിനസിന്‍റെ വിജയഗോൾ. മൂന്നാം ഗോളിനും ലോ സെൽസോയാണ് വഴിയൊരുക്കിയത്.
ഗോൾ മാത്രം ഒഴിഞ്ഞ് നിന്നെങ്കിലും ത്രില്ലിങ് മത്സരമാണ് ബ്രസീലും കൊളംബിയയും കാഴ്ചവെച്ചത്. ആക്രമണവും പ്രത്യാക്രമണവും നിറഞ്ഞ മത്സരത്തിൽ സൂപ്പർ താരം നെയ്മർ അണിനിരന്ന ബ്രസീലിനെ പിടിച്ചുകെട്ടിയ കൊളംബിയ വിലപ്പെട്ട പോയിന്‍റ് സ്വന്തമാക്കി. സമനിലയോടെ രണ്ടാം സ്ഥാനക്കാരായ അർജന്‍റീനയുമായുള്ള ലീഡ് വർധിപ്പിക്കാനുള്ള അവസരം ബ്രസീൽ നഷ്ടപ്പെടുത്തി.
10 മത്സരങ്ങളിൽ നിന്ന് 28 പോയിന്‍റുമായി ബ്രസീൽ ഒന്നാമതും 22 പോയിന്‍റുമായി അർജന്‍റീന രണ്ടാമതുമാണ്. 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി ഇക്വഡോറാണ് മൂന്നാമത്. 16 പോയിന്‍റ് തന്നെയുള്ള യുറുഗ്വായ് നാലാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.