ഏറ്റവും മികച്ച താരം മെസ്സിയോ എംബാപ്പെയോ? ഫിഫ ചുരുക്കപ്പട്ടികയിൽ ഇരുവർക്കുമൊപ്പം കരീം ബെൻസേമയും
text_fieldsഫിഫ പുരസ്കാരങ്ങൾ ഈ മാസാവസാനം പ്രഖ്യാപിക്കാനിരിക്കെ ഏറ്റവും മികച്ച താരമാകാൻ ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, കരീം ബെൻസേമ എന്നിവർ. കഴിഞ്ഞ ദിവസമാണ് ഫിഫ മൂന്നുപേരടങ്ങിയ ചുരുക്കപ്പട്ടിക പുറത്തുവിട്ടത്.
നീണ്ട ഇടവേളക്കു ശേഷം ലോകകപ്പ് കിരീടം അർജന്റീനയിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മെസ്സിക്കാണ് മുൻതൂക്കം. ഏഴു ഗോളടിക്കുകയും ഗോൾഡൻ ബാൾ പുരസ്കാരം സ്വന്തമാക്കുകയും ചെയ്ത താരം ടൂർണമെന്റിലുടനീളം കണ്ണഞ്ചുന്ന പ്രകടനമാണ് പുറത്തെടുത്തിരുന്നത്.
പി.എസ്.ജിയിൽ മെസ്സിയുടെ സഹതാരം കൂടിയായ എംബാപ്പെ ഫ്രാൻസിനായി ലോകകപ്പിൽ നടത്തിയത് മാസ്മരിക പ്രകടനമായിരുന്നു. 2022ൽ ബാലൻ ദി ഓർ പുരസ്കാരത്തിൽ മുത്തമിട്ട കരീം ബെൻസേമയാകട്ടെ, പരിക്കുമൂലം ലോകകപ്പിൽ ഇറങ്ങിയിരുന്നില്ല. റയൽ മഡ്രിഡിനെ ഉയരങ്ങളിലെത്തിക്കുന്നതിൽ സഹായിച്ചതാണ് ബെൻസേമക്ക് അവസാന പട്ടികയിലെത്തിച്ചത്.
വനിതകളിൽ സ്പാനിഷ് താരം അലക്സിസ് പുട്ടെല്ലാസ് തന്നെയാകും ഇത്തവണയും ഏറ്റവും മികച്ച താരം. കഴിഞ്ഞ ജൂലൈ മുതൽ കാൽമുട്ടിനേറ്റ പരിക്കുമൂലം പുറത്താണെങ്കിലും അവരെ വെട്ടാൻ പിൻഗാമികളില്ലെന്നാണ് സൂചന. ബെത് മീഡ്, അലക്സ് മോർഗൻ എന്നിവരാണ് വനിതകളുടെ ചുരുക്കപ്പട്ടികയിൽ പേരുള്ള മറ്റുള്ളവർ.
ഫെബ്രുവരി 27ന് പാരിസിൽ നടക്കുന്ന ചടങ്ങിലാകും പ്രഖ്യാപനം. പരിശീലകരുടെ പട്ടികയിൽ അർജന്റീന കോച്ച് സ്കലോണി, സിറ്റിയുടെ പെപ് ഗാർഡിയോള, റയൽ കോച്ച് അഞ്ചലോട്ടി എന്നിവരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.