പോരിനൊരുങ്ങാൻ മെസ്സി അബൂദബിയിലേക്ക്; പരിശീലനം കാണാൻ കാണികൾക്കും അവസരം
text_fieldsഅബൂദബി: ലോകകപ്പ് പ്രതീക്ഷകളിലേക്ക് ബൂട്ട് കെട്ടുന്ന ലയണൽ മെസ്സിയുടെ പരിശീലനം അബൂദബിയിൽ. ആൽ നഹ്യാൻ സ്റ്റേഡിയത്തിൽ നവംബർ 13ന് വൈകീട്ട് ആറുമുതൽ നടക്കുന്ന പരിശീലനം കാണാൻ കാണികൾക്കും അവസരമുണ്ട്. 25 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. സാക്ഷാൽ മെസ്സിയെ നേരിൽ കാണാൻ ലഭിക്കുന്ന അവസരം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് യു.എ.ഇയിലെ ഫുട്ബാൾ ഫാൻസ്. നവംബർ 16ന് യു.എ.ഇക്കെതിരെ അബൂദബിയിൽ നടക്കുന്ന സൗഹൃദ മത്സരത്തിന് മുന്നോടിയായാണ് പരിശീലനം.
മെസ്സിക്കൊപ്പം ഏഞ്ചൽ ഡി മരിയ, മാർട്ടിനസ്, ജൂലിയൻ അൽവാരസ് തുടങ്ങിയ അർജന്റീനൻ താരങ്ങളും മെസ്സിക്കൊപ്പം പരിശീലനത്തിനിറങ്ങും.
ലയണൽ സ്കലോനിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന മുറകൾ നേരിൽ കാണാനുള്ള അവസരം കൂടിയാണ് അബൂദബിക്കാർക്ക് ഒരുങ്ങുന്നത്. അർജന്റീനക്കും മെസ്സിക്കും വമ്പൻ ആരാധകനിരയുള്ള കേരളത്തിൽനിന്നുള്ള പ്രവാസികളും മിശിഹയെ നേരിൽ കാണാൻ ഇവിടേക്ക് ഒഴുകും.
നവംബർ 16ന് മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന യു.എ.ഇ-അർജന്റീന മത്സരവും ആകാംക്ഷയോടെയാണ് യു.എ.ഇക്കാർ കാത്തിരിക്കുന്നത്. പരിശീലന മത്സരമാണെങ്കിലും പലകാരണങ്ങളാൽ അർജന്റീനക്ക് പ്രധാനപ്പെട്ടതാണ് ഈ മത്സരം. തുടർച്ചയായ 35 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്ന അർജന്റീനയെ സംബന്ധിച്ചിടത്തോളം ഈ മത്സരം ജയിക്കുകയോ സമനിലയാകുകയോ ചെയ്താൽ ലോക റെക്കോഡിനടുത്തെത്തും. ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽക്കാതെ കളിച്ച (37) ഇറ്റലിയുടെ റെക്കോഡിന് തൊട്ടുപിറകെ എത്താൻ അർജന്റീനക്ക് കഴിയും. ലോകകപ്പിൽ സൗദിക്കെതിരായ ആദ്യ മത്സരം കൂടി തോൽക്കാതിരുന്നാൽ ഇറ്റലിയുടെ റെക്കോഡിനൊപ്പമെത്താൻ അർജന്റീനക്ക് കഴിയും. ലോകകപ്പിന് മുമ്പ് അർജന്റീന കളിക്കുന്ന അവസാന പരിശീലന മത്സരമായിരക്കും യു.എ.ഇയിലേത്. അതിനാൽ, ലയണൽ മെസ്സി അടക്കമുള്ള മുൻനിര താരങ്ങൾ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. ഈ മത്സരം കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം തന്നെ ടീം ഖത്തറിലേക്ക് തിരിക്കും.
അർജന്റീന ഫുട്ബാൾ അസോസിയേഷനും അബൂദബി സ്പോർട്സ് കൗൺസിലും കഴിഞ്ഞ ജൂണിൽ സഹകരണ കരാർ ഒപ്പു വെച്ചിരുന്നു. ഇതനുസരിച്ച് അർജന്റീനൻ ടീമിന്റെ പരിശീലനവും സൗഹൃദ മത്സരങ്ങളും അബൂദബിയിൽ നടത്താൻ ധാരണയായിരുന്നു. ഈ കരാർ ഒപ്പുവെച്ചതിന്റെ ഫലമായാണ് അർജന്റീന ടീം എത്തുന്നത്.
അർജന്റീനയുടെ സൂപ്പർ കോപ്പ ഫൈനൽ മത്സരങ്ങൾ 2023 മുതൽ 26 വരെ തുടർച്ചയായ നാലുവർഷം അബൂദബിയിൽ നടക്കും. അർജന്റീനയുടെ മത്സരവും പരിശീലനവും കാണാൻ www.ticketmaster.ae എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. നവംബറിൽ അർജന്റീനക്കുപുറമെ മൂന്നു മത്സരങ്ങളിൽ കൂടി യു.എ.ഇ കളിക്കുന്നുണ്ട്. 9ന് കസാഖ്സ്താൻ, 23ന് പരഗ്വേ, 27ന് വെനിസ്വേല എന്നിവരുമായാണ് യു.എ.ഇയുടെ മറ്റു മത്സരങ്ങൾ.
യു.എ.ഇ-അർജന്റീന മത്സരം: ടിക്കറ്റ് വിറ്റഴിഞ്ഞു
അബൂദബി: യു.എ.ഇയും അർജന്റീനയും തമ്മിൽ നടക്കുന്ന സൗഹൃദ മത്സരത്തിന്റെ ടിക്കറ്റ് ഒരുമാസം മുമ്പേ വിറ്റഴിഞ്ഞു. 27 ദിർഹം മുതൽ 5000 ദിർഹം വരെയായിരുന്നു ടിക്കറ്റ് നിരക്ക്. നവംബർ 16ന് അബൂദബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പിന് മുമ്പുള്ള അവസാന പരിശീലന മത്സരമായതിനാൽ അർജന്റീനയുടെ ഫുൾ ടീം കളത്തിലിറങ്ങിയേക്കും. സ്വദേശികൾക്കുപുറമെ നിരവധി പ്രവാസികളും മത്സരം കാണാൻ ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പിൽ ചാമ്പ്യന്മാരാകുമെന്ന് പ്രതീക്ഷിക്കുന്ന ടീം കൂടിയാണ് അർജന്റീന. മെസ്സിയെയും സംഘത്തെയും സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് അബൂദബിയിൽ നടക്കുന്നത്. മൂന്നു ദിവസത്തോളം ടീം അബൂദബിയിലുണ്ടാവും. ശേഷം ഖത്തറിലേക്ക് പറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.