‘മെസ്സീ, നിങ്ങൾ ആ ഗോൾ നേടുമ്പോൾ റമിൽ തുവ്വൂരിലെ വീട്ടിൽ അർജന്റീന പതാക പുതച്ച് നിത്യനിദ്രതയിലായിരുന്നു...’
text_fieldsതുവ്വൂർ (മലപ്പുറം): വെള്ളിയാഴ്ച രാവിലെ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ എക്വഡോറിനെതിരെ ലയണൽ മെസ്സിയുടെ മാന്ത്രിക ഫ്രീകിക്കിൽ അർജന്റീന ജയം നേടുമ്പോൾ ആരവങ്ങളോടെ അതാഘോഷിക്കാൻ റമിൽ സേവ്യറുണ്ടായിരുന്നില്ല. തുവ്വൂരിലെ വീട്ടിൽ അവനപ്പോൾ നിത്യനിദ്രയിലായിരുന്നു. അപ്പോഴും, ജീവിതം മുഴുവൻ നെഞ്ചോട് ചേർത്തുവെച്ച അർജന്റീനയുടെ ആകാശനീലിമ മിടിപ്പു നിലച്ച ആ ഹൃദയത്തെ പൊതിഞ്ഞുനിന്നു. ജീവിതത്തിൽ ഏറെ പ്രിയമായിക്കണ്ട ആ പതാക പുതച്ചായിരുന്നു അവന്റെ അന്ത്യയാത്ര. കളിയെയും ആ കളിസംഘത്തെയും അത്രമേൽ സ്നേഹിച്ച റമിൽ തന്റെ അന്ത്യാഭിലാഷമായി കൂട്ടുകാരോട് പറഞ്ഞേൽപിച്ചതിങ്ങനെ -‘മരിച്ചാൽ, എന്റെ മൃതശരീരത്തിൽ അർജന്റീനയുടെ പതാക പുതപ്പിക്കണം’. രോഗം ബാധിച്ചു കിടപ്പിലായപ്പോൾ കാണാനെത്തിയ കൂട്ടുകാരോട് അവസാന ആഗ്രഹമായാണ് റമിൽ അതു പറഞ്ഞത്. വീട്ടിൽ പൊതുദർശനത്തിന് വെച്ച റമിലിന്റെ ചേതനയറ്റ ശരീരത്തിൽ നിറകണ്ണുകളോടെയാണ് സുഹൃത്തുക്കൾ ആ പതാക പുതപ്പിച്ചത്.
ഖത്തർ ലോകകപ്പിലുടനീളം റമിൽ ആവേശഭരിതനായിരുന്നു. ആദ്യകളി തോറ്റ ശേഷം അർജന്റീന വീരോചിതമായി പൊരുതിക്കയറിയ വേളകളിൽ റമിലിന്റെ നേതൃത്വത്തിൽ ആരാധകർ തുവ്വൂരിൽ ആഘോഷം കൊഴുപ്പിച്ചു. ഒടുവിൽ ദോഹയിലെ ലൂസൈൽ സ്റ്റേഡിയത്തിൽ ഇതിഹാസതാരം ലയണൽ മെസ്സി ലോകകപ്പുയർത്തിയപ്പോൾ റമിൽ സേവ്യർ ഫേസ്ബുക്കിൽ കുറിച്ചത് ഇതായിരുന്നു -‘മെസ്സിയുടെ മാത്രമല്ല, എന്റെ ജീവിതവും പൂർണമായി. ഇനി ഞാൻ മരിച്ചാലും സങ്കടമില്ല’. ആ വാക്കുകൾ ഇന്നലെ അറംപറ്റുകയായിരുന്നു. തുവ്വൂരിലെ ഫുട്ബാൾ ആരാധകരെ മുഴുവൻ സങ്കടക്കടലിലാഴ്ത്തിയാണ് വെള്ളിയാഴ്ച പുലർച്ചെ റമിൽ സേവ്യർ യാത്രയായയത്. മെസ്സിയും ഫുട്ബാളും പിന്നെ അർജന്റീനയുമില്ലാത്ത ലോകത്തേക്ക്.
തുവ്വൂർ ചെമ്മന്തിട്ടയിലെ പയ്യപ്പിള്ളിൽ സേവ്യറിന്റെ മകൻ റമിൽ (42) മെസ്സിയുടെയും അർജന്റീനയുടെയും കടുത്ത ആരാധകനായിരുന്നു. വാഹനത്തിൽ മെസ്സിയുടെ ചിത്രം. കൊച്ചു വീടിന്റെ ചുമരിലും മെസ്സി ചിരിച്ചുനിന്നു. ലോകകപ്പ് കഴിയും വരെ അണിഞ്ഞത് അർജന്റീന ജഴ്സി. അങ്ങേയറ്റത്തെ ആരാധനയാൽ റമിൽ വീട്ടിൽ വളർത്തുന്നത് പോലും വെള്ളയും നീലയും നിറമുള്ള പക്ഷികളെ.
റിട്ട. അധ്യാപിക സാറാമ്മയാണ് മാതാവ്. അയർലൻഡിൽ ജോലി ചെയ്യുകയായിരുന്ന ഏക സഹോദരൻ അവിടെവെച്ച് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അവിവാഹിതനായ റമിൽ സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.