മെസ്സിയുടെ 'പിണക്കം' മാറി; അർജന്റീന സൂപ്പർ താരത്തിന് ടീമിലേക്ക് വഴിതുറന്നു
text_fieldsഅർജന്റീന മുന്നേറ്റ നിരയിലേക്ക് സൂപ്പർ താരം പൗലോ ഡിബാലയെ എത്തിക്കാൻ പരിശീലകൻ ലയണൽ സ്‌കലോണിയെ ലയണൽ മെസ്സി അനുവദിച്ചതായി റിപ്പോർട്ട്. ബാഴ്സലോണയിലായിരുന്നപ്പോൾ നെയ്മറുടെ പകരക്കാരനായി ഡിബാലയെ ടീമിലെത്തിക്കുന്നതിനെ മെസ്സി എതിർത്തതായി വാർത്ത വന്നിരുന്നു. ഒടുവിൽ കറ്റാലൻ ക്ലബ് ഉസ്മാനെ ഡെംബലയെ സൈൻ ചെയ്യുകയായിരുന്നു. മെസ്സിക്കൊപ്പം കളിക്കുന്നത് എളുപ്പമല്ലെന്ന് എ.എസ് റോമ താരം അഭിപ്രായപ്പെട്ടിരുന്നു. ഇതിൽ മെസ്സി അതൃപ്തനായിരുന്നു.
മെസ്സിയുടെ 'പിണക്കം' മാറിയതോടെ ജമൈക്കയെ നേരിടാനുള്ള അർജന്റീന ടീമിൽ ഡിബാലയെ ഉൾപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ, ആദ്യ ഇലവനിൽ സ്ഥാനം അർഹിക്കുന്നുണ്ടെന്ന് താരത്തിന് പരിശീലകനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ജോക്വിൻ കൊറിയ, ലൗട്ടരോ മാർട്ടിനെസ്, എയ്ഞ്ചൽ ഡി മരിയ, അലജാഡ്രോ ഗോമസ്, ജൂലിയൻ അൽവാരസ് എന്നിങ്ങനെ സമ്പന്നമായ ആക്രമണ നിരയുമായാണ് ഡിബാലക്ക് മത്സരിക്കേണ്ടത്.
34 മത്സരങ്ങളിൽനിന്ന് മൂന്ന് ഗോളുകൾ മാത്രമേ ദേശീയ ടീമിനായി താരം ഇതുവരെ നേടിയിട്ടുള്ളൂ. പരിക്കുകളും മോശം ഫോമും മറ്റുമാണ് തിരിച്ചടിയായത്. ഈ സീസണിന്റെ തുടക്കത്തിലാണ് താരം യുവന്റസിൽനിന്ന് എ.എസ് റോമയിലേക്ക് ചേക്കേറിയത്. യുവന്റസിനായി 293 മത്സരങ്ങൾ കളിച്ച അദ്ദേഹം 115 ഗോളുകളും 48 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ജോസ് മൗറീഞ്ഞോയുടെ കീഴിൽ റോമക്ക് വേണ്ടി നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.