ചിറകിൽ മെസ്സി, മരിയ, ഡി പോൾ; ദോഹയിലേക്ക് പറക്കാൻ മെസ്സിപ്പടക്ക് വിമാനമൊരുങ്ങി
text_fieldsദോഹ: അർജൻറീനയുടെ മാത്രമല്ല, ലോകത്തിന്‍റെ തന്നെ താരങ്ങളാണ് ലയണൽ മെസ്സിയുടെ സംഘം. ബ്രസീലിനൊപ്പം ഏറ്റവും ഏറെ ആരാധകരുള്ള ടീം. അപ്പോൾ, ലോകകപ്പ് ഫുട്ബാളിനായി ടീം ദോഹയിൽ പറന്നിറങ്ങുമ്പോൾ അതിനുമൊരു തലയെടുപ്പു വേണം. നവംബർ 20ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പിന് ഏതാനും ദിവസം മുമ്പായി തലസ്ഥാനമായ ബ്വേനസ് ഐയ്റിസിൽ നിന്നും സൂപ്പർതാരങ്ങളുമായി ദോഹയിലെത്തുന്നത് പ്രത്യേക വിമാനത്തിലാവും.
അർജൻറീന ദേശീയ പതാകയും ജഴ്സിയുമെല്ലാം കൊണ്ട് അലങ്കരിച്ച വിമാനത്തിന്‍റെ ചിറകിൽ സൂപ്പർ താരം ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ, റോഡ്രിഗോ ഡി പോൾ എന്നിവരുടെ ചിത്രങ്ങൾ. അർജൻറീന ദേശീയ എയർലൈൻ കമ്പനിയായ 'എയിറോലിനാസ് അർജൻറീന'യാണ് ദേശീയ ഫുട്ബാൾ ടീമന്റെ ലോകകപ്പ് യാത്രക്കായി പ്രത്യേക വിമാനം സജ്ജമാക്കിയത്.
'ഒരു ടീം, ഒരു രാജ്യം, ഒരു സ്വപ്നം' എന്ന വാചകങ്ങൾ പതിപ്പിച്ച് ഒരു നാടിന്‍റെയും ലോകമെങ്ങുമുള്ള ആരാധകരുടെയുമെല്ലാം വികാരാം വിമാനത്തിന്റെ പുറത്ത് പകർത്തിയിരിക്കുന്നു. എയർബസ് എ 330 കൂറ്റൻ വിമാനത്തിലാവും മെസ്സി ഉൾപ്പെടെ 26 അംഗ ടീമും പരിശീലക സംഘവും ടീം സ്റ്റാഫുമെല്ലാം ദോഹയിലേക്ക് പറക്കുന്നത്. ഖത്തർ സർവകലാശാല ക്യാമ്പസിലാണ് ടീമിന്‍റെ താമസവും പരിശിലനവുമെല്ലാം ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.