ആറുവർഷം മുമ്പ് അർജന്റീന ടീമിൽ മെസ്സിയുടെ സഹതാരം; ഇന്ന് ജീവിക്കാൻ ടാക്സി ഡ്രൈവർ
text_fieldsബ്വേനസ് എയ്റിസ്: അവിശ്വസനീയമായ ഗതിവിഗതികളാണ് ഫുട്ബാൾ കളങ്ങളെ ഉദ്വേഗഭരിതമാക്കാറുള്ളത്. അസാധ്യമെന്നു തോന്നുന്ന ആംഗിളുകളിൽനിന്ന് ഏതുനിമിഷത്തിലാണ് കളിയെ മാറ്റിമറിക്കാൻ വെടിച്ചില്ലുകണക്കെയൊരു ഷോട്ട് പാഞ്ഞെത്തുകയെന്നത് പ്രവചിക്കാനാവില്ല. കളിയുടെ നക്ഷത്രപ്രഭയിൽ മുങ്ങിനിൽക്കുന്ന താരഗണങ്ങളുടെ ജീവിതത്തിന്റെ അവസ്ഥയും അതുതന്നെ. അല്ലെങ്കിൽ ജോസ് ലൂയി ഗോമസ് നാളെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരെ അർജന്റീനയുടെ കുപ്പായമിട്ട് ലയണൽ മെസ്സിക്കൊപ്പം തേരുതെളിക്കുമായിരുന്നു.
പറഞ്ഞുവരുന്നത് ലൂയി ഗോമസിനെക്കുറിച്ചുതന്നെയാണ്. 2016 റയോ ഒളിമ്പിക്സിൽ അർജന്റീന േപ്ലയിങ് ഇലവനിൽ കുപ്പായമിട്ടിറങ്ങിയ താരം. ഒരു വർഷത്തിനുശേഷം സാക്ഷാൽ മെസ്സിക്കൊപ്പം സീനിയർ ടീമിൽ അരങ്ങേറ്റം. 2017ൽ ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു അർജന്റീന സീനിയർ ടീമിനുവേണ്ടി ലൂയി ഗോമസിന്റെ സ്വപ്നതുല്യമായ അരങ്ങേറ്റം.
ഭാവിയിൽ റൈറ്റ് ബാക്ക് പൊസിഷനിൽ അർജന്റീനയുടെ കരുത്തനായി ഗോമസ് മാറുമെന്നായിരുന്നു ഫുട്ബാൾ നിരീക്ഷകരുടെ വിലയിരുത്തൽ. റേസിങ് ക്ലബിന്റെ മുൻനിരകളിക്കാരനായിരുന്നു ഗോമസ്. പിന്നീട് ലാനൂസിലേക്ക് കൂടുമാറി. അക്കാലത്താണ് ദേശീയ ടീമിലേക്ക് വിളി വന്നത്. റൈറ്റ് ബാക്കായി ഗോമസ് കാഴ്ചവെച്ച മിടുക്ക് ബാഴ്സലോണയുടെ ശ്രദ്ധയാകർഷിച്ചിരുന്നു. കാറ്റലൻ ക്ലബ് അയാളുടെ പദചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്തു. ലാനൂസിനൊപ്പം സൂപ്പർ ലീഗ, കോപ ബൈസെന്റിനാരിയോ, സൂപ്പർകോപ്പ അർജന്റീന എന്നിവയിൽ കിരീടനേട്ടത്തിൽ ഗോമസ് പങ്കാളിയായി.
എന്നാൽ, കഥ മാറിയൊഴുകിയത് പെട്ടെന്നായിരുന്നു. ലോകത്തെ കളിക്കമ്പക്കാർ മുഴുവൻ ഉറ്റുനോക്കുന്ന അർജന്റീന കുപ്പായത്തിൽ ഗോമസിന് പിന്നീടൊരു തുടർച്ചയുണ്ടായതേയില്ല. 2021ൽ കോപ സുഡാമേരിക്കാനയിൽ ഗ്രീമിയോക്കെതിരായ മത്സരശേഷം ഫസ്റ്റ് ഡിവിഷനിൽ അവൻ പിന്നീടൊരു മത്സരത്തിനും ബൂട്ടുകെട്ടിയതുമില്ല. ഇടതുകാൽമുട്ടിനേറ്റ പരിക്ക് ആ പ്രതിഭാധനനെ കളത്തിനുപുറത്തേക്ക് എടുത്തെറിഞ്ഞു. ആ പരിക്കുലച്ച ആത്മവിശ്വാസം മൈതാനത്ത് തിരിച്ചെത്തുന്നതിൽ ഗോമസിന് വിലങ്ങുതടിയായി. 2018 റഷ്യൻ ലോകകപ്പിൽ അർജന്റീന നിരയിലുണ്ടാകുമെന്ന് കരുതിയിരുന്ന കളിക്കാരൻ താരപ്രഭയിൽനിന്നുതന്നെ നിഷ്‍കാസിതനായി.
അന്നുമുതൽ ജീവിതത്തിന്റെ ഗോൾമുഖത്ത് ലക്ഷ്യം കാണാൻ പെടാപ്പാടുപെടുകയാണ് ഗോമസ്. മെസ്സിക്കൊപ്പം പതിനായിരങ്ങൾക്കു നടുവിൽ താരകുമാരനായി കളത്തിലിറങ്ങിയവൻ ഇന്ന് ജീവിക്കാൻ യൂബർ ടാക്സി ഡ്രൈവറുടെ കുപ്പായമണിയുകയാണ്. അതിനിടയിൽ കരിയറിലേക്ക് തിരിച്ചെത്താൻ കളിയുമോ എന്ന പ്രത്യാശയിൽ ഫിറ്റ്നസ് തിരിച്ചുപിടിക്കാനുള്ള പരിശീലനവും തുടരുന്നുണ്ട്. ‘ഞങ്ങളുടേത് എല്ലായ്പോഴും ലളിതമായ രീതിയിൽ മുമ്പോട്ടുപോകുന്ന കുടുംബമാണ്. ട്രെയിനിങ്ങിനുശേഷം കാറുമായി അവൻ ജോലിക്കുപോകാറുണ്ട്. ഉച്ചകഴിഞ്ഞ് തുടങ്ങുന്ന ജോലി രാത്രിവരെ തുടരും’ -ഗോമസിന്റെ പിതാവ് ‘ഒലേ’ ദിനപത്രത്തോട് പറഞ്ഞു.
തങ്ങളുടെ പഴയ താരത്തിനുവേണ്ടി റേസിങ് വാതിലുകൾ മലർക്കെ തുറന്നിട്ടിരുന്നു. 2022 ഡിസംബറിൽ കരാർ അവസാനിക്കുന്നതിനാൽ ആ വർഷമാദ്യം ഗോമസിന് തിരിച്ചെത്താനുള്ള അവസരങ്ങളാണ് ക്ലബ് മുന്നോട്ടുവെച്ചത്. എന്നാൽ, പരിക്കിന്റെ വേദനകൾ ബാക്കിയിരുന്നതിനാൽ ഫസ്റ്റ് ടീമിലും റിസർവ് ടീമിലും ഉൾപ്പെട്ടില്ല. ഇപ്പോൾ ഫിസിക്കൽ ട്രെയിനറുമൊത്ത് തീവ്രപരിശീലനത്തിലാണ് താരം. ഈ 30-ാം വയസ്സിൽ തന്നെത്തേടി മമറ്റൊരവസരം വരാതിരിക്കില്ലന്ന വിശ്വാസത്തിലാണവൻ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.