മെസ്സിയുടെ കേരള സന്ദർശനം, കേന്ദ്രത്തിൽ നിന്നും രണ്ട് അനുമതികൾ ലഭിച്ചതായി കായിക മന്ത്രി നിയമസഭയിൽ
text_fieldsതിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെയും നായകൻ ലയണൽ മെസ്സിയുടെയും കേരള പര്യടനത്തിന് കേന്ദ്രത്തിൽ നിന്നും രണ്ട് അനുമതികൾ ലഭിച്ചതായി കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര കായികമന്ത്രാലയത്തിന് പുറമെ റിസർവ് ബാങ്കിന്റെയും അനുമതി ലഭിച്ചതായി മന്ത്രി പറഞ്ഞു.
2022ലെ ഖത്തർ ലോകകപ്പിൽ കിരീടമുയർത്തിയ അർജന്റീനക്ക് ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും ലഭിച്ച പിന്തുണക്ക് നന്ദി അറിയിച്ച അർജന്റീന ഫുട്ബോൾ അസോസിയേഷനാണ് ടീം ഇന്ത്യയിൽ സൗഹൃദ മത്സരം കളിയ്ക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ അറിയിച്ചത്. എന്നാൽ മത്സരത്തിന് ഭീമമായ ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഈ വാഗ്‌ദാനം നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അർജന്റീന ടീമിനെ കേരളത്തിലേക്കെത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്.
ഈ വർഷം ഒക്‌ടോബറിലായിരിക്കും മെസ്സി അടങ്ങുന്ന അർജന്റീന ടീം കേരളത്തിലെത്തുക എന്നാണ് കരുതുന്നത്. ഏഴ് ദിവസവും മെസ്സിയും അർജന്റീന ടീമും കേരളത്തിലുണ്ടാകുമെന്ന് കായിക മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സൗഹൃദ മത്സരത്തിന് പുറമെ പൊതുപരുപാടികളിലും താരം പങ്കെടുക്കാൻ സാധ്യതയുണ്ട്.
അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് കേരളം അർജന്റീന ഫുട്ബോൾ അസോസിയേഷന് നേരത്തെ മെയിൽ അയച്ചിരുന്നു. പിന്നാലെ അർജൻറീന ഫുട്ബോൾ അസോസിയേഷൻ ഈ ക്ഷണം സ്വീകരിക്കുകയും അർജൻറീന ഫുട്ബോൾ അസോയിയേഷൻ ഭാരവാഹികളും കായികമന്ത്രി വി അബ്ദുറഹിമാനും ചർച്ച നടത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിയിൽ അർജൻറീന അംബാസഡറെ സന്ദർശിച്ച് സംസ്ഥാനത്തെ ഫുട്ബോൾ വികസനത്തിന് അർജൻറീനയുമായി സഹകരിക്കുന്നതിന് താൽപര്യം അറിയിച്ചിരുന്നു. കായിക മന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനത്തിൽ ഏറെ പ്രതീക്ഷയിലാണ് കേരളവും ഫുട്ബോൾ പ്രേമികളും

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.