ജർമനിയെ സമനിലയിൽ തളച്ച് മെക്സിക്കൊ
text_fieldsഫിലാഡൽഫിയ: പുതിയ പരിശീലകന്റെ കീഴിൽ രണ്ടാം മത്സരത്തിനിറങ്ങിയ ജർമനിക്ക് സമനിലക്കുരുക്ക്. സൗഹൃദ മത്സരത്തിൽ 2-2ന് മെക്സിക്കോയാണ് ജർമനിയെ തളച്ചത്. ജൂലിയൻ നെഗൽസ്മാൻ പരിശീലക സ്ഥാനമേറ്റ ആദ്യ മത്സരത്തിൽ ജർമനി 3-1ന് യു.എസ്.എയെ തോൽപിച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ജർമനിക്ക് രണ്ടാം മത്സരത്തിൽ മികവ് ആവർത്തിക്കാനായില്ല.
25ാം മിനിറ്റിൽ പ്രതിരോധ താരം അന്റോണിയോ റൂഡിഗറിലൂടെ ജർമനിയാണ് ആദ്യ ഗോളടിച്ചത്. റോബിൻ ഗോസൻസ് അടിച്ച കോർണറിൽ തലവെച്ചായിരുന്നു ഗോൾ. 33ാം മിനിറ്റിൽ സമനില നേടാൻ മെക്സിക്കോക്ക് മികച്ച അവസരം തുറന്നെങ്കിലും ജർമൻ ഗോൾകീപ്പർ ടെർസ്റ്റീഗൻ മാത്രം മുന്നിൽ നിൽക്കെ സാന്റിയാഗോ ഗിമെനസ് പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറത്തി. 37ാം മിനിറ്റിൽ തോമസ് മുള്ളർ ജർമനിക്കായി വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കെണിയിൽ പെട്ടു. ഉടൻ മെക്സിക്കെ നടത്തിയ കൗണ്ടർ അറ്റാക്കിൽ യുറിയേൽ ആന്റുണ ഗോളടിച്ചതോടെ സ്കോർ 1-1.
രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനകം ജർമനിയെ ഞെട്ടിച്ച് എറിക് സാഞ്ചസ് വലയിൽ പന്തെത്തിച്ചു. എന്നാൽ, മെക്സിക്കോക്കാരുടെ ആഹ്ലാദത്തിന് അധികം ആയുസുണ്ടായില്ല. പകരക്കാരനായെത്തിയ നിക്ലാസ് ഫുൾക്രഗിലൂടെ നാല് മിനിറ്റിനകം ജർമനി സമനില ഗോൾ നേടി. വിജയഗോളിനായി ഇരുനിരയും പോരാടിയെങ്കിലും ലക്ഷ്യം കാണാനായില്ല. മത്സരത്തിൽ 69 ശതമാനവും പന്ത് കൂടെ നിർത്തിയെങ്കിലും വിജയം പിടിച്ചെടുക്കാൻ നാലുതവണ ലോക ചാമ്പ്യന്മാരായ ജർമനിക്കായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.