സുബ്രതോയിൽ വീണ്ടും കപ്പടിച്ചു, വിജയാഘോഷത്തിൽ എം.ഐ.സി
text_fieldsമലപ്പുറം: സംസ്ഥാന സുബ്രതോ കപ്പിൽ അണ്ടർ 17ൽ തുടർച്ചയായി രണ്ടാംതവണയും കിരീടം ചൂടിയ അത്താണിക്കൽ എം.ഐ.സി ഇ.എം.എച്ച്.എസ്.എസ് ടീമിന് നഗരത്തിൽ ഉജ്ജ്വല സ്വീകരണം. അത്താണിക്കലിൽനിന്ന് തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ടീമിനെ മലപ്പുറത്തേക്ക് വരവേറ്റത്. ജില്ല ഫുട്ബാൾ അസോസിയേഷൻ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് നാലിന് കുന്നുമ്മലിലായിരുന്നു സ്വീകരണം. എം.ഐ.സി ടീമിന്റെ വിജയം ജില്ലക്ക് അഭിമാനകരമാണെന്ന് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് പി. ഉബൈദുല്ല എം.എൽ.എ പറഞ്ഞു.
എം.ഐ.സി ജനറൽ സെക്രട്ടറി വി.പി. സലീം അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എയും ജില്ല ഫുട്ബാൾ അസോസിയേഷൻ ജോയന്റ് സെക്രട്ടറി സി. സുരേഷ് കുമാറും താരങ്ങളെ മെഡൽ അണിയിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹിമാൻ, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മാഈൽ, എം.ഐ.സി സെക്രട്ടറി സി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
കോഴിക്കോട് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 വിഭാഗത്തിലാണ് ടീം ജയം നേടിയത്. ഫൈനലിൽ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിനെ എതിരില്ലാത്ത അഞ്ച് ഗോളിന് കീഴടക്കിയായിരുന്നു എം.ഐ.സിയുടെ കിരീട നേട്ടം. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വ്യക്തമായ മേധാവിത്വത്തോടെയാണ് ടീം വിജയം നേടിയതെന്ന് മാനേജർ പി. മുനീർ പറഞ്ഞു. മുത്തൂറ്റ് ഗ്രൂപ്പുമായി സഹകരിച്ച് രണ്ടു വർഷം മുമ്പ് സ്കൂളിൽ ആരംഭിച്ച ഫുട്ബാൾ അക്കാദമിയാണ് ഈ നേട്ടങ്ങൾക്ക് കരുത്തായത്. സെപ്റ്റംബറിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ എം.ഐ.സി ടീം കേരളത്തെ പ്രതിനിധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.