സോൾഷ്യെയറെ പുറത്താക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്; മൈക്കൽ കാരിക്ക് പുതിയ കോച്ച്
text_fieldsലണ്ടൻ: ഒടുവിൽ അതു സംഭവിച്ചു. കുറച്ചുകാലമായി തലക്കുമുകളിൽ തൂങ്ങിനിന്നിരുന്ന പുറത്താക്കലിെൻറ വാൾ മാഞ്ചസ്റ്റർ യുനൈറ്റഡ് കോച്ച് ഒലെ ഗുണ്ണർ സോൾഷറുടെ തലക്കുമുകളിൽ പതിച്ചു. ശനിയാഴ്ച വാറ്റ്ഫോഡിനെതിരായ 4-1െൻറ കനത്ത തോൽവിക്കുപിറകെ സോൾഷറെ യുനൈറ്റഡ് പരിശീലകസ്ഥാനത്തുനിന്ന് നീക്കി. അസിസ്റ്റൻറ് കോച്ച് മൈക്കൽ കാരിക്കിനായിരിക്കും പുതിയ പരിശീലകൻ വരുന്നതുവരെ ടീമിെൻറ താൽക്കാലിക ചുമതല.
2018 ഡിസംബറിൽ ഹോസെ മൗറീന്യോ പുറത്തായതിനുപിന്നാലെ താൽകാലിക പരിശീലകനായും അടുത്ത സീസണിെൻറ തുടക്കത്തിൽ മുഴുസമയ പരിശീലകനായും നിയമിതനായ നോർവേക്കാരൻ യുനൈറ്റഡ് കോച്ച് സ്ഥാനത്ത് മൂന്നു വർഷം തികക്കാനിരിക്കെയാണ് പുറത്താവുന്നത്. ആദ്യ സീസണിൽ ടീമിനെ മൂന്നാമതും രണ്ടാം സീസണിൽ രണ്ടാമതുമെത്തിച്ച ക്ലബിെൻറ മുൻ താരത്തിന് പക്ഷേ ടീമിന് കിരീടങ്ങളൊന്നും സമ്മാനിക്കാനായിരുന്നില്ല. ഈ സീസണിൽ തുടക്കം ഭേദമായിരുന്നെങ്കിലും കഴിഞ്ഞ രണ്ടു മാസം തൊട്ടതെല്ലാം പിഴച്ചു. പ്രീമിയർ ലീഗിലെ അവസാന ഏഴു കളികളിൽ അഞ്ചും തോറ്റു. ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കുമെതിരായ പരാജയത്തിെൻറ മുറിവുണങ്ങും മുമ്പ് വാറ്റ്ഫോഡിനോട് നാണംകെട്ടതോടെ ക്ലബിെൻറ മുന്നിൽ സോൾഷറെ പുറത്താക്കുകയല്ലാതെ വഴിയില്ലാതായി. ഒന്നാം സ്ഥാനത്തുള്ള ചെൽസിയെക്കാൾ 12 പോയൻറ് പിറകിലുള്ള യുനൈറ്റഡ് ഏഴാം സ്ഥാനത്താണ്.
തോൽവിയെക്കാളും പോയൻറ് പട്ടികയിലെ സ്ഥാനത്തേക്കുളുമൊക്കെ സോൾഷറിന് തിരിച്ചടിയായത് മൂന്നു വർഷത്തോളമായിട്ടും തേൻറതായ കേളീശൈലി ടീമിന് സമ്മാനിക്കാനാവാത്തതാണ്. മാനേജ്മെൻറിെൻയും കളിക്കാരുടെയും പിന്തുണ ഏറെയുണ്ടായിരുന്ന 48കാരന് പക്ഷേ യുനൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള കളി പുറത്തെടുക്കുന്ന ടീമിനെ കെട്ടിപ്പടുക്കാനായില്ല. പ്രീമിയർ ലീഗിൽ 109 മത്സരങ്ങളിൽ 56 ജയം, 29 സമനില, 24 തോൽവി, ആകെ 168 മത്സരങ്ങളിൽ 91 ജയം, 37 സമനില, 40 തോൽവി എന്നതാണ് സോൾഷറിെൻറ റെക്കോഡ്.
കാൽനൂറ്റാണ്ടിലേറെ ടീമിനെ പരിശീലിപ്പിച്ച് യുനൈറ്റഡിനെ ഇതിഹാസ ക്ലബായി വളർത്തിയ അലക്സ് ഫെർഗൂസൺ 2013ൽ സ്ഥാനമൊഴിഞ്ഞശേഷം അതിനൊത്ത പരിശീലകനെ കണ്ടെത്താൻ ക്ലബിനായിട്ടില്ല. ഡേവിഡ് മോയസ്, റ്യാൻ ഗിഗ്സ് (താൽകാലികം), ലൂയിസ് വാൻഹാൽ, ഹോസെ മൊറീന്യോ എന്നിവർക്കൊന്നും ക്ലബിനെ ശരിയായ ദിശയിൽ മുന്നോട്ടുകൊണ്ടുപോവാനായില്ല.
സോൾഷർ പുറത്തായതോടെ പകരം ആര് എന്ന ചോദ്യത്തിനും കാര്യമായ ഉത്തരമില്ല. കഴിഞ്ഞ സീസണിനുശേഷം റയൽ മഡ്രിഡ് വിട്ട സിനദിൻ സിദാെൻറ പേരാണ് കാര്യമായി ഉയർന്നുകേൾക്കുന്നത്. എന്നാൽ, യുനൈറ്റഡിൽ സ്ഥാനമേൽക്കാൻ ഫ്രഞ്ചുകാരന് താൽപര്യമില്ല എന്ന് റിപ്പോർട്ടുണ്ട്. ലെസ്റ്റർ സിറ്റി കോച്ച് ബ്രൻഡൻ റോജേഴ്സാണ് സാധ്യത കൽപിക്കപ്പെടുന്ന മറ്റൊരാൾ. ഏതായാലും സീസൺ അവസാനം വരെ കാത്തുനിൽക്കാതെ ഉടൻ മുഴുസമയ പരിശീലകനെ യുനൈറ്റഡ് നിയമിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.