മിനി ഖത്തർ @ പാലക്കുളം
text_fieldsമഞ്ചേരി: പാലക്കുളം ഇപ്പോൾ മിനി ഖത്തറാണ്. ലോക ഫുട്ബാൾ മാമാങ്കത്തിന് അരങ്ങുണരാൻ 34 ദിവസം ബാക്കിനിൽക്കെ പ്രദേശത്തെ കെട്ടിടങ്ങൾ മുഴുവനായും വിവിധ ടീമുകളുടെ ആരാധകർ ഏറ്റെടുത്ത മട്ടാണ്. രണ്ട് കെട്ടിടങ്ങളുടെ ചുമരുകൾ ഇപ്പോൾ ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ വർണപ്പതാകകളാൽ നിറഞ്ഞു. അങ്ങാടിയുടെ ഹൃദയഭാഗത്തായി അർജന്റീന, ബ്രസീൽ, പോർചുഗൽ, ഇംഗ്ലണ്ട്, ഘാന എന്നീ ടീമുകളുടെ കൊടികളാണ് ചുമരിൽ വരച്ചത്. കാൽപന്തുകളിയെ നെഞ്ചിലേറ്റുന്ന എഫ്.സി പാലക്കുളം ക്ലബ് അംഗങ്ങളാണ് തങ്ങളുടെ ഇഷ്ട ടീമുകളുടെ കൊടികൾ വരച്ചത്.
അർജന്റീന ആരാധകരാണ് ആദ്യം ചുമരിലെ 'സൗഹൃദമത്സരം' തുടങ്ങിയത്. ആകാശനീലയും വെള്ളയും കലർന്ന തങ്ങളുടെ പതാക അവർ ഹൃദയത്തിനൊപ്പം കെട്ടിട ചുമരിലും തീർത്തു. വിട്ടുകൊടുക്കാൻ ബദ്ധവൈരികളായ ബ്രസീൽ ആരാധകരും ഒരുക്കമായിരുന്നില്ല. മറ്റൊരു കെട്ടിടം മുഴുവനും അവരും ഏറ്റെടുത്തു. പച്ചയും മഞ്ഞയും കലർന്ന തങ്ങളുടെ കൊടിയുടെ നിറം മുഴുവനായും അടിച്ചുതീർത്തു. ഇതോടെ പോർചുഗൽ ഫാൻസും ഇംഗ്ലണ്ട് ആരാധകരും വെറുതെയിരുന്നില്ല. തങ്ങളുടെ ടീമിന്റെ കൊടിയുടെ നിറം അവരും വരച്ചിട്ടു.
ആഫ്രിക്കൻ കരുത്തരായ ഘാനയുടെ ആരാധകരും ചുവരിൽ ഇടംപിടിച്ചു. പാലക്കുളത്തെ മുതിർന്നവർ മുതൽ ചെറിയ കുട്ടികൾ വരെ ഈ 'കൊടിയുദ്ധ'ത്തിൽ പങ്കുചേർന്നു. മത്സരം ഇനിയും അവസാനിച്ചിട്ടില്ലെന്ന് ആരാധകർ പറയുന്നു. ഇനി ലയണൽ മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങി പ്രധാന താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് അവർ. ചുവരിലും താരങ്ങളുടെ ചിത്രങ്ങൾ വരക്കാൻ ശ്രമം നടത്തുന്നുണ്ട്. ടീമിനെ പ്രഖ്യാപിക്കുന്നതോടെ ഫ്ലക്സ് സ്ഥാപിച്ച് ലോകകപ്പിനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ്. ബ്രസീലിനും അർജന്റീനക്കുമാണ് കൂടുതൽ ആരാധകരെന്ന് ക്ലബ് അംഗങ്ങൾ പറഞ്ഞു. അങ്ങാടിയിലെ ചെറിയ മൈതാനത്ത് ലോകകപ്പ് മത്സരങ്ങൾ മുഴുവൻ ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരവും ഒരുക്കാനുള്ള ശ്രമത്തിലാണ് ക്ലബ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.