ഫുട്ബാളിന്‍റെ വളർച്ച; ലാ ലിഗ അധികൃതരുമായി മന്ത്രി വി. അബ്ദുറഹ്മാന്‍ ചര്‍ച്ച നടത്തി
text_fieldsതിരുവനന്തപുരം: കേരള ഫുട്‌ബാളിന്റെ ഉന്നമനത്തിനുള്ള അന്താരാഷ്ട്ര സഹകരണം ലക്ഷ്യമിട്ട് ലോകത്തെ മുൻനിര ഫുട്ബാൾ ക്ലബുകളിലൊന്നായ സ്‌പെയിനിലെ ലാ ലിഗ അധികൃരുമായി കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ കൂടിക്കാഴ്ച നടത്തി. ഫുട്‌ബാള്‍ പരിശീലനം, കായികാനുബന്ധ കോഴ്‌സുകള്‍ തുടങ്ങിയ വിഷയങ്ങളിലെ സഹകരണ സാധ്യതകള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. കഴിഞ്ഞ ദിവസം അര്‍ജന്റീന ഫുട്‌ബാള്‍ അസോസിയേഷന്‍ ഉന്നതരുമായും മന്ത്രി ചര്‍ച്ച നടത്തി.
അന്താരാഷ്ട്ര തലത്തില്‍ സ്‌പെയിൻ നടത്തുന്ന ഫുട്‌ബാള്‍ വികസന പ്രവര്‍ത്തനങ്ങളും ഇന്ത്യ കേന്ദ്രീകരിച്ചുള്ള പദ്ധതികളും വിശദമായി പരാമര്‍ശിച്ചു. കേരളത്തിലെ ഫുട്‌ബാള്‍ സംവിധാനങ്ങളിലും ലീഗുകളിലും പ്രതീക്ഷ പുലര്‍ത്തുന്നതായി ലാ ലിഗ അധികൃതര്‍ വ്യക്തമാക്കി. നിലവാരമുള്ള ഫുട്‌ബാള്‍ ഇക്കോസിസ്റ്റം വളര്‍ത്തുന്നതിലൂടെ കേരളത്തിന്റെ കായികനയത്തിലെ പ്രധാന ഘടകമായ കായിക സമ്പദ്‌വ്യവസ്ഥയില്‍ ലാ ലിഗയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രാഥമിക ധാരണകളും ഉണ്ടായി.
ലാ ലിഗയുടെ സ്‌പോര്‍ട്‌സ് മാനേജ്മന്റ് പ്രാവീണ്യം ഉപയോഗപ്പെടുത്തി കേരളത്തില്‍ കായികാധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന്റെ സാധ്യതകളും പരിശോധിച്ചു. കേരളത്തില്‍ ഉടന്‍ ആരംഭിക്കുന്ന കോളജ് ലീഗിനെ ലാ ലിഗ വൃത്തങ്ങള്‍ പ്രത്യേകം അഭിനന്ദിച്ചു. കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതി നാഥ്, കായിക ഡയറക്ടര്‍ വിഷ്ണുരാജ് എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.