മിസ്സ് യൂ... സൗദി
text_fieldsദോഹ: മെക്സിക്കോയുടെയും അർജൻറീനയുടെയും ആരാധകകൂട്ടങ്ങളുടെ ഏഷ്യൻ പതിപ്പാണ് സൗദി അറേബ്യയുടെ ഫുട്ബാൾ ആരാധകർ. പച്ചക്കുപ്പായമണിഞ്ഞ്, മുഖത്ത് ചായം പൂശി, പലരൂപങ്ങളണിഞ്ഞ്, വലിയ പതാകയുമേന്തി ഗാലറിയിലേക്ക് കൂട്ടമായി നടന്നടുക്കുന്ന സൗദി ആരാധകർ മരുഭൂ നാട്ടിൽ ഫുട്ബാളിന് പച്ചപ്പ് നൽകുന്ന പ്രതീക്ഷയാണ്.
സ്വന്തം അയൽനാട്ടിൽ വൻകരയുടെ ഫുട്ബാൾ മേളക്ക് വിസിൽ മുഴങ്ങിയപ്പോഴും സൗദിക്കാർ തന്നെയായിരുന്നു ഗാലറിയിൽ മെക്സിക്കൻ തിരമാലകൾ തീർത്തത്. കഴിഞ്ഞ ലോകകപ്പ് വേളയിൽ ഖത്തറിൽ കണ്ട അതേ ആവേശവുമായി ഏഷ്യൻ കപ്പ് ഫുട്ബാൾ വേദികളിലും സജീവമായിരുന്നു സൗദി ആരാധക സംഘങ്ങൾ.
ദക്ഷിണ കൊറിയക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽവി വഴങ്ങുമ്പോൾ സൗദി ആരാധകരുടെ നിരാശ
സ്റ്റേഡിയത്തിലേക്കുള്ള യാത്രകളിൽ ദോഹ മെട്രോയെയും മുശൈരിബിലെ സ്റ്റേഷനെയും സ്റ്റേഡിയം പരിസരങ്ങളെയും അവർ പൂരനഗരികളാക്കിമാറ്റി. പച്ചക്കടൽപോലെ ഗാലറിയിലേക്ക് ഒഴുകിയെത്തുന്നവർ കിക്കോഫ് വിസിൽ മുഴക്കത്തിനും മണിക്കൂർ മുമ്പ് ഗാലറിയിൽ ഇരിപ്പുറപ്പിക്കുന്നതും ഏഷ്യൻ ഫുട്ബാളിലെ വേറിട്ട കാഴ്ചയായിരുന്നു.
വാദ്യമേളങ്ങൾ മുഴക്കിയും താളത്തിൽ പാട്ടുപാടിയും ഗാലറിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നവർ കളത്തിലിറങ്ങുന്ന താരങ്ങളിലേക്ക് പകരുന്ന ഊർജം ചെറുതല്ല. സ്കോർ ബോർഡിൽ ടീം പിന്നിലാകുമ്പോഴും താരങ്ങളുടെ ബൂട്ടിൽനിന്ന് പന്ത് നഷ്ടമാകുമ്പോഴും ഗാലറിയുടെ ആരവം വർധിച്ച വീര്യത്തോടെ ഉയരും. ഗോൾ പോസ്റ്റിന് പിന്നിൽ നിലയുറപ്പിക്കുന്ന പച്ചക്കുപ്പായക്കാർ പകരുന്ന ഊർജത്തിലാണോ സാലിം ദൗസരിയും സംഘവും മുന്നേറുന്നതെന്ന് പോലും തോന്നിയേക്കാം.
ഏഷ്യൻകപ്പ് ഗ്രൂപ് റൗണ്ടിൽ ഒമാനെതിരെ പിന്നിൽ നിന്നപ്പോഴും കിർഗിസ്താനെ നിലംപരിശാക്കിയപ്പോഴുമെല്ലാം ഈ ആവേശം ഖത്തറിലെ വേദികളെ സജീവമാക്കി. അതു തന്നെയായിരുന്നു പ്രീക്വാർട്ടറിൽ കരുത്തരായ ദക്ഷിണ കൊറിയയെ സൗദി നേരിടുമ്പോഴും കണ്ടത്.
‘ഏഷ്യ ഈസ് ഗ്രീൻ’ എന്ന കൂറ്റൻ ബാനറും തങ്ങളുടെ ടീമിന് പിന്തുണയും രാജാവിന് ആശംസയും നേർന്നുള്ള ‘ചാൻറുകളു’മായി അവർ കിക്കോഫ് വിസിൽ മുഴക്കത്തിനും ഒരു മണിക്കൂർ മുമ്പ് ഗാലറിയെ സജീവമാക്കിയിരുന്നു.
കളത്തിലെ സൗദിയുടെ 11 പേരെയും നിറഞ്ഞ ഗാലറിയെയും ഒരേസമയം നേരിടേണ്ട ഭീഷണിയിലായിരുന്നു ദക്ഷിണ കൊറിയ. ഒരു ഗോളിന് സൗദി ലീഡ് നേടിയതിന് പിന്നാലെ തിരിച്ചെത്താനുള്ള ഓരോ ശ്രമത്തിലും ഗാലറിയും അവർക്ക് ഭീഷണിയായി. ദക്ഷിണ കൊറിയക്ക് അനുകൂലമായി ഫ്രീകിക്കോ കോർണറോ മറ്റോ ലഭിക്കുമ്പോൾ സ്വന്തം ആരാധകർ ഉയർത്തുന്ന ആരവങ്ങൾ സൗദിയുടെ അലകടലിൽ അലിഞ്ഞില്ലാതായി.
ഒടുവിൽ 10 മിനിറ്റ് ഇഞ്ചുറി ടൈമിലേക്ക് നീങ്ങിയ കളിക്കൊടുവിലും സൗദി ക്വാർട്ടർ സ്വപ്നങ്ങളിലായിരുന്നു. എന്നാൽ, പ്രസിങ് ഗെയിമിലൂടെ നിരന്തര ഭീതി വിതച്ച കൊറിയ ലോങ് വിസിലിന് 90 നിമിഷം ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. ഉജ്ജ്വല ഫോമിലായിരുന്ന സൗദി ഗോൾകീപ്പർ അഹമ്മദ് അൽ കാസറിന്റെ പ്രതിരോധത്തെ മറികടന്ന് ചോ സുങ് ഗുവിന്റെ ഹെഡ്ഡർ വലയിൽ പതിച്ചപ്പോൾ സൗദി ഗാലറി ആദ്യമായി നിശ്ശബ്ദമായി. പിന്നെ എക്സ്ട്രാ ടൈമിലും ഒടുവിൽ ഷൂട്ടൗട്ടിലുമായി അവരുടെ കണ്ണീരിറ്റിയ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തെയാണ് കണ്ടത്. വാഹനങ്ങളിലായി അബു സംറ അതിർത്തി കടന്നും ആകാശം വഴിയും ഏഷ്യൻ കപ്പ് വേദികളെ മനോഹരമാക്കാനെത്തിയ സൗദിയുടെ പാതി വഴിയിലെ പുറത്താവലായിരിക്കും ഈ മേളയുടെ വലിയ നഷ്ടവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.