‘മിസ്റ്റ്യാനോ പെനാൾഡോ’; പെനാൽറ്റി മിസ്സാക്കിയ റൊണാൾഡോയെ പരിഹസിച്ച് ബി.ബി.സി
text_fieldsഫ്രാങ്ക്ഫർട്ട് (ജർമനി): സ്ലോവേനിയക്കെതിരായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ നിർണായക പെനാൽറ്റി പാഴാക്കിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഹസിച്ച് ബി.ബി.സി. ‘മിസ്റ്റ്യാനോ പെനാൾഡോ’ എന്ന കുറിപ്പോടെയാണ് ബി.ബി.സി ലൈവ് റിപ്പോർട്ടിങ്ങിനിടെ ചിത്രം പങ്കുവെച്ചത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്.
അധികസമയത്തേക്ക് നീണ്ട കളിയുടെ 103ാം മിനിറ്റിലാണ് പോർച്ചുഗലിനെ തേടി പെനാൽറ്റിയെത്തിയത്. പന്തുമായി ബോക്സിൽ ഡ്രിബ്ൾ ചെയ്തു കയറിയ ഡിയഗോ ജോട്ടയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി എടുക്കാൻ നായകൻ ക്രിസ്റ്റ്യാനോയാണ് എത്തിയത്. കഴിഞ്ഞ കുറേ കളികളിൽ സ്പോട്ട് കിക്കുകളൊന്നും പാഴാക്കിയിട്ടില്ലാത്ത ക്രിസ്റ്റ്യാനോ തൊടുത്ത പെനാൽറ്റി കിക്കിനെ ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് ഗോൾകീപ്പർ ജാൻ ഒബ്‍ലാക് തട്ടിയകറ്റിയയത് ഗാലറി അവിശ്വസനീയതയോടെയാണ് നോക്കിനിന്നത്. കണ്ണീരിൽ കുതിർന്ന റൊണാൾഡോയെയാണ് അധിക സമയത്തിന്റെ ഇടവേളയിൽ കാമറക്കണ്ണുകളിൽ കണ്ടത്.
പെനാൽറ്റി പാഴാക്കിയതൊഴിച്ചു നിർത്തിയാൽ, പ്രായത്തെ തോൽപ്പിക്കുന്ന റൊണാൾഡോയുടെ പന്തടക്കവും ഊർജവും മത്സരത്തിലെ ആവേശക്കാഴ്ചയായിരുന്നു. പലതവണ താരം ഗോളിന് തൊട്ടരികിലെത്തുകയും ചെയ്തു. ഈമാസം ആറിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഫ്രാൻസാണ് പോർചുഗലിന്റെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.