സൗദിയിൽനിന്ന് 1639 കോടി രൂപയുടെ ഓഫർ! പണമല്ല, സലാഹിന് പ്രിയം ലിവർപൂൾ
text_fieldsലണ്ടൻ: എത്ര പണം കിട്ടിയാലും തൽക്കാലം ലിവർപൂൾ വിട്ട് താൻ എങ്ങോട്ടുമില്ലെന്ന് സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലാഹ്. വമ്പൻ തുകക്ക് സലാഹ് സൗദി അറേബ്യൻ ക്ലബിലേക്ക് കൂടുമാറുമെന്ന ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് താരത്തിന്റെ ഏജന്റ് വ്യക്തമാക്കി.
സൗദി ക്ലബായ അൽ ഇത്തിഹാദ് രണ്ടു വർഷത്തെ കരാറിന് സലാഹിന് 155 ദശലക്ഷം പൗണ്ട് (ഏകദേശം 1639 കോടി രൂപ) വാഗ്ദാനം ചെയ്തതായി സൗദി ദിനപത്രം അൽ റിയാദിയ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, 2025 വരെ ലിവർപൂളിൽ തുടരുന്നതിനുള്ള മൂന്നു വർഷത്തെ കരാറിൽ കഴിഞ്ഞ വർഷം ഈജിപ്ഷ്യൻ താരം ഒപ്പുചാർത്തിയിട്ടുണ്ട്.
‘സലാഹ് ലിവർപൂൾ എഫ്.സിയിൽ തുടരാനുള്ള പ്രതിബദ്ധതയിലാണ്. ഈ വർഷം ലിവർപൂൾ വിടുമായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം കരാർ പുതുക്കാൻ ഞങ്ങൾ ഒപ്പിടുമായിരുന്നില്ലല്ലോ’ -സലാഹിന്റെ ഏജന്റ് റാമി അബ്ബാസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വിശദീകരിച്ചു.
31കാരനായ സലാഹ് 2017ലാണ് ഇറ്റാലിയൻ ക്ലബായ എ.എസ് റോമയിൽനിന്ന് ലിവർപൂളിലെത്തിയത്. ഇംഗ്ലീഷ് ക്ലബിനുവേണ്ടി ഇതുവരെ 305 കളികളിൽ 186 ഗോളുകൾ അടിച്ചിട്ടുണ്ട്. ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ്, ഫിഫ ക്ലബ് വേൾഡ് കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.