‘ആൻഫീൽഡിൽ ഇതെന്‍റെ അവസാന വർഷം’; ലിവർപൂൾ വിടുമെന്ന് സ്ഥിരീകരിച്ച് മുഹമ്മദ് സലാഹ്
text_fieldsലണ്ടൻ: ലിവർപൂൾ താരമെന്ന നിലയിൽ ഇതെന്‍റെ അവസാന സീസണാകുമെന്ന് ഈജിപ്ഷ്യൽ സൂപ്പർതാരം മുഹമ്മദ് സലാഹ്. പ്രീമിയർ ലീഗ് കിരീട നേട്ടത്തോടെ ക്ലബ് വിടാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു. ഇതോടെ ക്ലബിന്‍റെ സമീപകാല വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച 32കാരനും ലിവർപൂളും സീസണൊടുവിൽ വേർപിരിയുമെന്ന അഭ്യൂഹങ്ങൾക്കും സ്ഥിരീകരണമായി.
സീസണിൽ സലാഹുമായുള്ള ക്ലബിന്‍റെ കരാർ അവസാനിക്കും. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ക്ലബ് ഒന്നും പറയാത്തതിന്‍റെ നീരസം അടുത്തിടെ താരം പരസ്യമാക്കിയിരുന്നു. ലിവർപൂളിന് മറ്റൊരു പ്രീമിയർ ലീഗ് കിരീടം നേടികൊടുക്കുകയാണ് സീസണിൽ തന്‍റെ മുഖ്യലക്ഷ്യമെന്ന് സലാഹ് പറഞ്ഞു. ‘സീസണിൽ പ്രീമിയർ ലീഗ് കിരീടമാണ് ആഗ്രഹിക്കുന്നത്. ക്ലബിൽ ഇതെന്‍റെ അവസാന വർഷമാകും. ക്ലബിനും ഈ നഗരത്തിനും നൽകാനാഗ്രഹിക്കുന്ന തന്‍റെ സ്പെഷൽ സമ്മാനമാണിത്’ -താരം പറഞ്ഞു. 2020ലാണ് ക്ലബ് അവസാനമായി പ്രീമിയർ ലീഗ് കിരീടം നേടിയത്.
കോവിഡ് അടച്ചുപൂട്ടലിൽ അന്നത്തെ കിരീട നേട്ടം ക്ലബിന് വലിയതോതിൽ ആഘോഷിക്കാൻ കഴിഞ്ഞില്ല. 30 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അന്ന് കിരീടത്തിൽ മുത്തമിട്ടതെന്നും എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ കാരണം ആഘോഷിക്കാനായില്ലെന്നും താരം പറഞ്ഞു. ഇത്തവണ ആ സങ്കടം തീർക്കാനാകുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു. സെപ്റ്റംബർ ഒന്നിന് പ്രീമിയൽ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡുമായുള്ള മത്സരശേഷവും ലിവർപൂളിൽ ഇത് അവസാന സീസണാകുമെന്ന് താരം സൂചന നൽകിയിരുന്നു.
ഈവർഷം ജൂണിലാണ് താരവും ക്ലബും തമ്മിലുള്ള കരാർ അവസാനിക്കുന്നത്. ഇന്നും പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സലാഹ്. സീസണിൽ ഗോൾവേട്ടക്കാരിൽ ഒന്നാമൻ. 17 ഗോളുകളും 13 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. 2017ൽ ലിവർപൂളിൽ ചേർന്ന സലാഹ്, അവരുടെ ചാമ്പ്യൻസ് ലീഗ് (2019), പ്രീമിയർ ലീഗ് (2020) വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചു. സൗദി ക്ലബുകൾ താരത്തിനായി വലവിരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.