ക്രിസ്ത്യൻ പള്ളിയുടെ പുനരുദ്ധാരണത്തിനായി പണം നൽകി മുഹമ്മദ് സലാഹ്
text_fieldsകെയ്റോ: ഈജിപ്തിൽ തീപിടിത്തത്തിൽ തകർന്ന പള്ളിയുടെ പുനരുദ്ധാരണത്തിനായി മൂന്ന് മില്യൺ ഈജിപ്ഷ്യൻ പൗണ്ട് നൽകുമെന്ന് ഫുട്ബാളർ മുഹമ്മദ് സലാഹ്. ഗിസയിൽ കഴിഞ്ഞയാഴ്ച തീപിടിത്തത്തിൽ തകർന്ന പള്ളിയുടെ പുനരുദ്ധാരണത്തിനാണ് തുക വിനിയോഗിക്കുക.
കഴിഞ്ഞയാഴ്ചയാണ് അബു സിഫിൻ കോപ്ടിക് പള്ളിയിൽ തീപിടിത്തമുണ്ടായത്. 18 കുട്ടികൾ ഉൾപ്പടെ 41 പേർ തീപിടിത്തത്തിൽ മരിക്കുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നേരത്തെ ഈജിപ്തിലെ പള്ളികളുടെ പുനരുദ്ധാരണം നടത്താത്ത നടപടിക്കെതിരെ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സർക്കാർ അധികൃതരുടെ നിസംഗതക്കെതിരെയായിരുന്നു പ്രതിഷേധം. ഇതിനിടെയാണ് പള്ളിയുടെ പുനരുദ്ധാരണത്തിനായി മുഹമ്മദ് സലാഹ് പണം സംഭാവന ചെയ്തിരിക്കുന്നത്.
മുമ്പും മുഹമ്മദ് സലാഹ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം ചെലവഴിച്ചിട്ടുണ്ട്. ഈജിപ്തിലെ പ്രാദേശിക ആശുപത്രിക്കായി 12 മില്യൺ ഈജിപ്ഷ്യൻ പൗണ്ടാണ് സലാഹ് സംഭാവനയായി നൽകിയത്. 2018ൽ സലാഹ് നൽകിയ സംഭാവന ഉപയോഗിച്ച് ആശുപത്രി അധികൃതർ ബോൺ മാരോ ട്രാൻസ്പ്ലാന്റ് ഉപകരണം വാങ്ങിയിരുന്നു.
കോവിഡ് കാലത്ത് ഓക്സിജനും ആംബുലൻസും സലാഹ് നൽകിയിരുന്നു. കാർബോംബ് സ്ഫോടനത്തിൽ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തകർന്നപ്പോൾ അതിനായും സലാഹ് പണം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.