പിടിച്ച് നിലത്തിട്ട ലിസാന്ദ്രോയെ കണ്ണഞ്ചും ഡ്രിബ്ളിങ്ങിൽ വീഴ്ത്തി സലാഹിന്റെ മധുരപ്രതികാരം- വൈറലായി വിഡിയോ
text_fieldsപ്രിമിയർ ലീഗിൽ സമീപകാലത്തൊന്നും സംഭവിക്കാത്തൊരു വൻവീഴ്ചയായിരുന്നു ആൻഫീൽഡിൽ യുനൈറ്റഡ് നേരിട്ടത്. ചെമ്പടയുടെ തേർവാഴ്ച കണ്ട ദിനത്തിൽ എതിരില്ലാത്ത ഏഴു ഗോളിന് ടെൻഹാഗിന്റെ കുട്ടികൾ തോറ്റുമടങ്ങി. ലിവർപൂൾ മുന്നേറ്റം തൊട്ടതെല്ലാം ഗോളായി യുനൈറ്റഡ് പോസ്റ്റിലെത്തുന്ന അനുഭവം. അടുത്തിടെ ആൻഫീൽഡുകാർക്കൊപ്പമെത്തിയ കോഡി ഗാക്പോ തുടങ്ങിവെച്ച ഗോളുത്സവം വൈകാതെ ടീം വിടാനൊരുങ്ങുന്ന ഫർമീനോയായിരുന്നു പൂർത്തിയാക്കിയത്.
രണ്ടു ഗോളും രണ്ട് അസിസ്റ്റുമായി മുഹമ്മദ് സലാഹ് ചരിത്രത്തിലേക്ക് ഗോളടിച്ചുകയറിയ കളിയിൽ പക്ഷേ, സമൂഹ മാധ്യമങ്ങൾ ആഘോഷമാക്കിയത് യുനൈറ്റഡ് പ്രതിരോധനിരയിലെ ലിസാന്ദ്രോയുമായി നടന്ന താരത്തിന്റെ മുഖാമുഖം. വലതു വിങ്ങിൽ അതിവേഗം പന്തുമായി കുതിച്ചെത്തിയ സലാഹ് തന്നെയും കടന്ന് ഗോളിലേക്കെന്നു തോന്നിയപ്പോൾ പിന്നീടൊന്നും നോക്കാതെ ലിസാന്ദ്രോ മുഖത്തുപിടിച്ച് നിലത്തിട്ടതായിരുന്നു ആദ്യ സംഭവം. കാണാതെ പോയ റഫറി ഫൗൾ പോലും വിളിച്ചില്ല.
കളിച്ചു കാണിക്കേണ്ടത് കൈകൊണ്ടാകരുതെന്ന ബോധ്യത്തിൽ നിറഞ്ഞോടിയ സലാഹിന് വൈകാതെ മധുരപ്രതികാരത്തിന് അവസരം ലഭിച്ചു. കാലിൽ പന്തെത്തുമ്പോൾ സലാഹിനെ നേരിട്ട് ഇത്തവണയും മുന്നിലുള്ളത് ലിസാന്ദ്രോ. മുന്നോട്ടും പിന്നോട്ടും ആഞ്ഞ് യുനൈറ്റഡ് പ്രതിരോധതാരത്തെ കബളിപ്പിച്ച സലാഹിന്റെ അതിവേഗ നീക്കങ്ങളെ എങ്ങനെ പിടിച്ചുകെട്ടുമെന്നറിയാതെ നിന്ന ലിസാന്ദ്രോ നിലത്തുവീണുപോകുകയും ചെയ്തു. ഇത് അവസരമാക്കി മുന്നിലേക്ക് തള്ളിക്കൊടുത്ത പന്ത് സഹതാരം ഗാക്പോ കോരിയിട്ട് വല കുലുക്കി.
അതിവേഗവും ഡ്രിബ്ളിങ് മികവും ഒരേ സമയം പുറത്തെടുത്ത സലാഹിന് അവകാശപ്പെട്ട ദിനമായിരുന്നു ഞായറാഴ്ച. പ്രിമിയർ ലീഗിൽ ടീമിന്റെ റെക്കോഡ് സ്കോറർ പട്ടം സ്വന്തമാക്കിയ താരം റോബി ഫൗളർ ഏറെകാലമായി സൂക്ഷിച്ച റെക്കോഡാണ് കടന്നത്.
തുടർച്ചയായ ആറാം മത്സരത്തിലാണ് ലിവർപൂളിനായി സലാഹ് ഗോൾ നേടുന്നത്. ‘‘വർണിക്കാൻ എനിക്ക് വാക്കുകളില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിച്ച ദിനങ്ങളിലൊന്ന്. ക്ലബിലെത്തിയ കാലം മുതൽ ഞാൻ സ്വന്തമാക്കാൻ കാത്തിരുന്ന റെക്കോഡും എന്നെ തേടിയെത്തി’’- ഈജിപ്ത് താരത്തിന്റെ വാക്കുകൾ. രണ്ടാം പകുതിയുടെ ആരംഭത്തിൽ രണ്ടു ഗോളുകൾ ഏറ്റവും മികച്ച തുടക്കമായെന്ന് ക്ലോപ് പറഞ്ഞു.
ഇതോടെ പ്രിമിയർ ലീഗിൽ അവസാനം കളിച്ച അഞ്ചിൽ നാലു കളികളും ജയിച്ച് ലിവർപൂൾ പഴയ മികവിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങളിലാണ്. ഈയാഴ്ച ദുർബലരായ ബേൺമൗത്താണ് ലിവർപൂളിന് അടുത്ത എതിരാളികൾ.
നാലാം സ്ഥാനത്തുള്ള ടോട്ടൻഹാമിനെക്കാൾ മൂന്നു പോയിന്റ് മാത്രമാണ് ലിവർപൂളിന് കുറവ്. ഒരു കളി കുറച്ചുകളിച്ച തങ്ങൾക്ക് ഇതും എളുപ്പം പിടിക്കാനാകുമെന്ന് ക്ലോപ് കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.