മുഹമ്മദ് സലായും സൗദിയിലേക്ക്? അൽ ഇത്തിഹാദിന്‍റെ വാഗ്ദാനം ക്രിസ്റ്റ്യാനോയേക്കാൾ മോഹവില
text_fieldsലിവർപൂളിന്‍റെ ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലായും സൗദിയിലേക്കെന്ന് സൂചന. പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അൽ നസ്ർ നൽകുന്നതിനേക്കാൾ മോഹവിലയാണ് സൗദി പ്രോ ലീഗിലെ അൽ ഇത്തിഹാദ് ക്ലബ് താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
സലാ സൗദിയിലേക്ക് ചേക്കേറുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മൂന്ന് വര്‍ഷത്തേക്ക് 65 മില്യണ്‍ പൗണ്ടിന്‍റെ വാര്‍ഷിക പ്രതിഫലമാണ് സലാക്ക് അല്‍ ഇത്തിഹാദ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് ഖത്തർ നെറ്റ്‍വർക്കായ ബീൻ സ്പോർട്സ് റിപ്പോർട്ട് ചെയ്തു. ഭാവിയില്‍ ക്ലബില്‍ ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. സൗദിയിലെ ട്രാന്‍സ്ഫര്‍ വിൻഡോ സെപ്റ്റംബര്‍ 20നാണ് അവസാനിക്കുക.
അൽ ഇത്തിഹാദ് ക്ലബ് വൈസ് പ്രസിഡന്‍റ് സലായെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാൻ തുടങ്ങിയതും അഭ്യൂഹങ്ങൾ വര്‍ധിപ്പിച്ചിട്ടുണ്ട്. സൗദി പ്രോ ലീഗിലെ നിലവിലെ ചാമ്പ്യന്മാരാണ് അൽ ഇത്തിഹാദ്. ഫ്രഞ്ച് സൂപ്പർതാരം കരീം ബെൻസേമ, എൻകോളോ കാന്‍റെ, ഫാബീഞ്ഞോ, തിയാഗോ ജോട്ട തുടങ്ങിയ താരങ്ങളെ ഇതിനകം ഇത്തിഹാദ് ക്ലബിലെത്തിച്ചിട്ടുണ്ട്. ലീഗിലെ പ്രമുഖരെല്ലാം വമ്പൻ താരങ്ങളെ ക്ലബിലെത്തിച്ചതോടെ കിരീടം നിലനിര്‍ത്താൻ സലായെ പോലൊരു താരത്തെ കൂടി ടീമിലെത്തിക്കാനാണ് അൽ ഇത്തിഹാദിന്‍റെ നീക്കം.
2017ൽ റോമയിൽനിന്ന് ലിവര്‍പൂളിലെത്തിയ സലാ ക്ലബിനായി ആകെ 306 മത്സരങ്ങളിൽ നിന്ന് 186 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ ആറു സീസണുകളിലും ക്ലബിന്‍റെ ടോപ് സ്കോററായിരുന്നു. ക്ലബിന്‍റെ എക്കാലത്തെയും ഗോൾ വേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ് സലാ. അതേസമയം, സലാക്ക് സൗദി ക്ലബിൽനിന്ന് മോഹവാഗ്ദാനം ലഭിച്ചെന്ന റിപ്പോർട്ടുകൾ ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പ് നിഷേധിച്ചു.
സലാക്കുവേണ്ടി ഞങ്ങളെ ആരും സമീപിച്ചിട്ടില്ല, ഒരു തരത്തിലുള്ള വാഗ്ദാനവും ലഭിച്ചിട്ടില്ല. സലാ ഇപ്പോഴും ലിവര്‍പൂള്‍ താരമാണെന്നും ക്ലോപ്പ് പറഞ്ഞു. സൗദി ക്ലബ് വമ്പൻ ഓഫർ നൽകിയെന്ന വാര്‍ത്തകള്‍ സലായുടെ ഏജന്‍റ് റാമി അബ്ബാസും നിഷേധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.