ഗോളടിച്ചും ഗോളടിപ്പിച്ചും ചരിത്രമെഴുതി സലാഹ്; മെസ്സിയുടെ പത്തു വർഷത്തെ റെക്കോഡിനൊപ്പം
text_fieldsലണ്ടൻ: ലിവർപൂളിനായി സീസണിലും തകർപ്പൻ ഫോമിലാണ് ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹ്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ കയറി മാഞ്ചസ്റ്റർ സിറ്റിയെ പൊളിച്ചടുക്കിയ മത്സരത്തിൽ ചെമ്പടക്കായി ഗോളടിച്ചും ഗോളടിപ്പിച്ചും കളംനിറഞ്ഞത് സലാഹായിരുന്നു.
ചാമ്പ്യന്മാരെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ നിലംപരിശാക്കിയത്. ഒന്നാം സ്ഥാനത്ത് 11 പോയന്‍റ് ലീഡോടെ കിരീട മോഹവും ആർനെ സ്ലോട്ടും സംഘവും വർണാഭമാക്കി. മത്സരത്തിന്‍റെ 14-ാം മിനിറ്റിൽ സിറ്റിയുടെ വലകുലുക്കിയ സലാഹ്, 37-ാം മിനിറ്റിൽ ഡൊമിനിക് സൊബോസ്‍ലായിയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. പ്രീമിയർ ലീഗിൽ സീസണിൽ 11ാം തവണയാണ് ഒരു മത്സരത്തിൽ സലാഹ് ഗോളടിക്കുന്നതും ഗോളിന് വഴിയൊരുക്കുന്നതും.
യൂറോപ്പിലെ ടോപ് ഫൈവ് ലീഗിൽ ഇതിന് മുമ്പ് അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലാ ലിഗയിൽ ബാഴ്സലോണക്കുവേണ്ടി 2024-15 സീസണിലായിരുന്നു മെസ്സിയുടെ നേട്ടം. തകർപ്പൻ ഫോം തുടരുകയാണെങ്കിൽ, ഈ സീസണിൽ തന്നെ മെസ്സിയുടെ റെക്കോഡ് സലാഹ് മറികടക്കും. പ്രീമിയർ ലീഗ് സീസണിൽ ഇതുവരെ 25 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ചെമ്പടക്കൊപ്പമുള്ള അരങ്ങേറ്റ സീസണിൽ താരം 32 ഗോളുകൾ നേടിയിരുന്നു. സീസണിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി താരത്തിന്‍റെ ഗോൾ നേട്ടം 30 ആയി.
ലിവർപൂളിനോടൊപ്പം തന്‍റെ അവസാന സീസണാകും ഇതെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആൻഫീൽഡിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലാണ് സലാഹുള്ളത്. ക്ലബിന്‍റെ ചരിത്രത്തിൽ ഗോൾ സ്കോറർമാരിൽ മൂന്നാം സ്ഥാനത്താണ്. ഇയാൻ റഷ് (346), റോജർ ഹണ്ട് (285) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
ലിവർപൂളിന്റെ ക്ലിനിക്കൽ പന്തടക്കത്തിനുമുന്നിൽ സിറ്റി നിഷ്പ്രഭമാകുന്ന കാഴ്ചയായിരുന്നു ഇത്തിഹാദിൽ. അലക്സിസ് മക് അലിസ്റ്റർ കൗശലപൂർവം തൊടുത്ത ഒരു കോർണർ കിക്കിൽനിന്ന് ആദ്യഗോളിന് സൊബോസ്‍ലായിയാണ് സലാഹിന് പന്ത് തട്ടിനീക്കിയത്. ഈജിപ്തുകാരന്റെ ഷോട്ട് എതിർ ഡിഫൻഡറുടെ കാലിൽതട്ടി വലയിലേക്ക് പാഞ്ഞുകയറുമ്പോൾ എഡേഴ്സൺ കാഴ്ചക്കാരൻ മാത്രമായി.
ജയത്തോടെ ഒന്നാം സ്ഥാനത്ത് 11 പോയന്റിന്റെ ലീഡാണ് ലിവർപൂളിനുള്ളത്. 27 കളികളിൽ ലിവർപൂളിന് 64ഉം 26 കളികളിൽ ആഴ്സനലിന് 53ഉം പോയന്റാണുള്ളത്. 47 പോയന്റുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് മൂന്നാമതും 44 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റി നാലാമതുമാണ്. ന്യൂകാസിൽ യുനൈറ്റഡിനും 44 പോയന്റാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.