മുഹമ്മദ് സലാഹിന്റെ ഈജിപ്തിലെ വീട്ടില്‍ മോഷണം
text_fieldsകെയ്റോ: ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ വീട്ടില്‍ മോഷണം. ഈജിപ്തിലെ കെയ്‌റോയിലുള്ള വില്ലയിലാണ് മോഷണം. വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കേബിള്‍ ടി.വി റിസീവറുകള്‍ മാത്രമാണ് നഷ്ടപ്പെട്ടതെന്ന് അറിയിച്ച പൊലീസ് സംഭവത്തിൽ അന്വേഷണവും ആരംഭിച്ചു.
കെയ്‌റോ നഗരത്തില്‍നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള തഗമോവയിലെ വില്ലയില്‍ ആരുമില്ലാതിരുന്ന സമയത്താണ് മോഷണം. ജനലുകള്‍ തുറന്നുകിടക്കുന്നത് കണ്ട് സലാഹിന്റെ ബന്ധുക്കളില്‍ ഒരാള്‍ മോഷണം സംശയിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിലെ ഫർണിച്ചറുകളും മറ്റും വാരി വലിച്ചിട്ട നിലയിലായിരുന്നു. ഗ്യാസ് സിലിണ്ടറും അപഹരിക്കാന്‍ ശ്രമം നടന്നെങ്കിലും ഭാരക്കൂടുതല്‍ കാരണം വീടിനോട് ചേര്‍ന്ന പൂന്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഈജിപ്ത് ഫുട്ബാൾ ടീം ക്യാപ്റ്റൻ കൂടിയായ മുഹമ്മദ് സലാഹ്, മലാവിക്കെതിരായ ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുന്നോടിയായി അടുത്തയാഴ്ച വീട്ടിലേക്ക് വരാനിരിക്കെയാണ് മോഷണം നടക്കുന്നത്. മാർച്ച് 24നാണ് മലാവിക്കെതിരായ ആദ്യ പോരാട്ടം. നാല് ദിവസത്തിന് ശേഷം എവേ മത്സരവും നടക്കും. ലിവർപൂളിനായി കഴിഞ്ഞയാഴ്ച 129ാം ഗോൾ നേടിയതോടെ ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ എന്ന നേട്ടം സലാഹ് സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.