ജിറോണയും കടന്ന് ചെമ്പട പ്രീ-ക്വാർട്ടറിനരികെ; ചാമ്പ്യൻസ് ലീഗ് ഗോളിൽ ഫിഫ്റ്റിയടിച്ച് സലാഹ്
text_fieldsജിറോണ: യുവേഫ ചാമ്പ്യൻസ് ലീഗിലെ ആവേശപോരിൽ ജിറോണയുടെ വെല്ലുവിളി മറികടന്ന് ലിവർപൂൾ പ്രീ-ക്വാർട്ടറിനരികെ. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെമ്പടയുടെ ജയം. സൂപ്പർതാരം മുഹമ്മദ് സലാഹാണ് പെനാൽറ്റി വലയിലാക്കിയത്.
ഗ്രൂപ്പ് റൗണ്ടിൽ കളിച്ച ആറു മത്സരങ്ങളും ജയിച്ച് ഒന്നാമതുള്ള ആർനെ സ്ലോട്ടും സംഘവും ആധികാരികമായാണ് നോക്കൗട്ട് റൗണ്ടിന് അടുത്തെത്തിയത്. ജിറോണയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്‍റെ ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഫിനിഷിങ്ങിലെ പോരായ്മയാണ് ആതിഥേയർക്ക് വിനയായത്. പരിക്കേറ്റ് പുറത്തിരുന്ന ബ്രസീൽ ഗോൾകീപ്പർ അലിസൺ ടീമിൽ മടങ്ങിയെത്തിയതും ലിവർപൂളിന് കരുത്തായി. കൊണ്ടും കൊടുത്തും ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു ആദ്യ പകുതിയിലെ പോരാട്ടം.
ഗോൾ കീപ്പർമാരും തകർപ്പൻ സേവുകളുമായി കളംനിറഞ്ഞു. 63ാം മിനിറ്റിൽ മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് മധ്യനിര താരം ഡോണി വാൻ ഡി ബീക്ക് ബോക്സിനുള്ളിൽ ലൂയിസ് ഡയസിനെ ഫൗൾ ചെയ്തതിനാണ് റഫറി ലിവർപൂളിന് അനുകൂലമായി പെനാൽറ്റി വിധിച്ചത്. റയൽ മഡ്രിഡിനെതിരായ മുൻ മത്സരത്തിൽ പെനാൽറ്റി നഷ്‌ടമാക്കിയ മുഹമ്മദ് സലാഹ് ഇത്തവണ ഒരു പിഴവും വരുത്തിയില്ല, അനായാസം പന്ത് വലയിലാക്കി. ഇതോടെ ചാമ്പ്യൻസ് ലീഗിൽ ഈജിപ്ഷ്യൻ താരത്തിന്‍റെ ഗോൾ നേട്ടം അമ്പതായി.
സീസണിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി 22 മത്സരങ്ങളിൽനിന്ന് താരം ഇതുവരെ 16 ഗോളുകളാണ് നേടിയത്. കഴിഞ്ഞ ആറു മത്സരങ്ങളിൽ ഏഴു തവണ വല ചലിപ്പിച്ചു. ഗ്രൂപ്പ് റൗണ്ടിൽ രണ്ടു മത്സരങ്ങൾ കൂടി ബാക്കിനിൽക്കെയാണ് ലിവർപൂൾ ഏറെക്കുറെ അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചത്. ജനുവരിയിൽ ആൻഫീൽഡിൽ ഫ്രഞ്ച് ക്ലബ് ലില്ലി, പി.എസ്.വി ഐന്തോവൻ എന്നീ ടീമുകൾക്കെതിരെയാണ് ടീമിന്‍റെ ബാക്കി മത്സരങ്ങൾ. പേശീവലിവിനെ തുടർന്നാണ് അലിസൺ ടീമിന് പുറത്തായത്. ഒക്ടോബർ അഞ്ചിന് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെയാണ് താരം അവസാനമായി കളിച്ചത്. കഴിഞ്ഞ 18 മത്സരങ്ങളിൽ 16 എണ്ണത്തിലും ലിവർപൂൾ ജയിച്ചുകയറി.
ആറു മത്സരങ്ങളിൽ ആറു ജയവുമായി 18 പോയന്‍റുമായാണ് ലിവർപൂൾ പട്ടികയിൽ ഒന്നാമത് തുടരുന്നത്. ഇത്രയും മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള ജിറോണ 30ാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.