ബൂട്ടിടാത്ത ഇന്ത്യക്കാരൻെറ കളികാണാൻ യൂറോപ്യൻമാർ തടിച്ചുകൂടി; ഇന്ത്യ മറന്ന മുഹമ്മദ് സലിമിൻെറ കഥ
text_fieldsവർഷം 1936. ചൈനീസ് ഒളിമ്പിക്സ് ടീം ഇന്ത്യയിൽ രണ്ടു സൗഹൃദമത്സരങ്ങൾ കളിക്കാനെത്തി. കൊൽകത്തയിലെ ഒന്നാം മത്സരത്തിന് ശേഷം ചൈനീസ് മാനേജർ ഇന്ത്യൻ ടീമിൻെറ നിലവാരത്തിൽ സംതൃപ്തി അറിയിച്ചു, എന്ന് മാത്രമല്ല ആ ടീമിലെ മുന്നേറ്റനിരയുടെ പേരെടുത്തു പറഞ്ഞു പ്രശംസിക്കുകയും ചെയ്തു.. എന്നാൽ രണ്ടാം മത്സരത്തിനു മുമ്പ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാൾ അപ്രത്യക്ഷമായി. വിങ്ങിൽ അസാമാന്യ മികവോടെ തീപ്പൊരി പായിക്കുന്ന, ചൈനീസ് കോച്ച് പേരെടുത്തു പറഞ്ഞ മൊഹമ്മദൻസിൻെറ സലിം ആയിരുന്നു അത്. അയാളെ കാണാനില്ല. പൊലീസും പത്രങ്ങളും അയാൾക്ക് വേണ്ടി തിരച്ചിൽ നടത്തി, കാണുന്ന സ്ഥലങ്ങളിലെല്ലാം പോസ്റ്റർ പതിപ്പിക്കുമ്പോൾ അയാൾ തൻെറ മച്ചുനിയൻ ഹാഷിമിനോടൊപ്പം ലണ്ടനിലേക്കുള്ള ഒരു കപ്പലിൽ ആയിരുന്നു.
ലണ്ടനിൽ ഷിപ്പിയാർഡ് ജോലിക്കാരൻ ആയ ഹാഷിം, അന്ന് കൊൽക്കത്തയിൽ ലീവിന് വന്നിരുന്നു. ചൈനക്കെതിരെ വിങ്ങിൽ സലീമിൻെറ മികച്ച പ്രകടനം കണ്ടയാൾ സ്തബ്ധനായി. സലിം കാഴ്ച വെക്കുന്ന അനായാസസുന്ദരമായ പന്തടക്കവും, വേഗതയും, പാസിംഗ് മികവും എന്ത് കൊണ്ടും യൂറോപ്യൻ കാൽപ്പന്തുകളിക്ക് ചേർന്നതാണെന്ന കാര്യത്തിൽ അയാൾക്ക് സംശയമേ ഇല്ലായിരുന്നു. വെള്ളക്കാരുടെ നാട്ടിൽ ഭാഗ്യം പരീക്ഷിക്കാൻ ആ സഹോദരൻ അയാളെ നിർബന്ധിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ രണ്ടാം മത്സരത്തിൽ പങ്കെടുക്കാൻ പോലും കാത്തുനില്കാതെ അയാൾക്ക് തൻെറ മച്ചുനനോടൊപ്പം കപ്പല് കയറേണ്ടി വന്നു.
വിഖ്യാതനായ സെൽറ്റിക് മാനേജർ വില്ലി മാലേക്ക് മുന്നിലാണ് ആ യാത്ര എത്തിച്ചേർന്നത്.
"ഇന്ത്യയിൽ നിന്നുള്ള ഒരു മികച്ച കളിക്കാരൻ കപ്പലിൽ വന്നിട്ടുണ്ട്. ദയവായി അയാൾക്ക് വേണ്ടി ട്രയൽ നടത്താമോ? ചെറിയൊരു പ്രശ്നമുള്ളത്, അയാൾ നഗ്നപാദങ്ങൾ കൊണ്ടാണ് കളിക്കുക."
ഒരു ഇന്ത്യക്കാരൻ... അതും ബൂട്ടില്ലാതെ.... മാലേ ഹാഷിമിനെ നോക്കിയൊന്നു ചിരിച്ചു, പക്ഷെ അയാൾ, വില്ലി മാലേ, മതത്തിനും തൊലിനിറത്തിനും അപ്പുറം, കാല്പന്തുകളിയിൽ വിശ്വസിച്ചിരുന്നു. ട്രയൽ നടത്താമെന്നയാൾ സമ്മതിച്ചു. പാർശ്വവത്കരിക്കപ്പെട്ട ഗ്ലാസ്കോയിൽ കുടിയേറിയ ഐറിഷ് ജനതയുടെ വിമോചനം ലക്ഷ്യം കണ്ട് പിറവിയെടുത്ത സെൽറ്റിക് ക്ലബ് അതല്ലാതെ വേറെന്ത് ചെയ്യാൻ...
ആ ദിവസം, ആയിരം സെൽറ്റിക് ക്ലബ് അംഗങ്ങളും മൂന്നു കോച്ച്മാരും ട്രയൽസ് കാണാനെത്തി. ജീവിതത്തിലാദ്യമായ് സലിം ഒരു ട്രയൽ നേരിടുന്നു. കോച്ചുമാർ കാണിച്ചുകൊടുത്ത കോർണറുകളിൽ, അവരാവശ്യപ്പെട്ട ആറു രീതികളിൽ സലിം പന്തുമായി തൻെറ അതുല്യമായ അനായാസസുന്ദരമായ പന്തടക്കം തെളിവാക്കി. കാണികൾ ഓളങ്ങൾ തീർത്തു... അതിന് ശേഷം ഇനിയും മൂന്നു സ്‌കിലുകൾ ഉണ്ടെന്നും താനത് കാണിക്കട്ടെയെന്നും സലിം, ഹാഷിമിലൂടെ അനുവാദം ചോദിച്ചു... മുഹമ്മദൻസിൻെറ അമൂല്യസമ്പത്തായ സലീമെന്ന, നഗ്നപാദനായ ഇന്ത്യക്കാരൻ, സെൽറ്റിക് ക്ലബിൻെറ തിരുമുറ്റത്ത് കാൽപന്ത് കൊണ്ട് തന്റെ ഇന്ദ്രജാലപ്പെട്ടി തുറന്നു വെച്ചു. സ്കോട്ടിഷ് കാണികൾക്കു മുന്നി്യ ഇന്ത്യക്കാരൻ 'സുന്ദരഫുട്ബോൾ മിഴിവോടെ വരഞ്ഞിട്ടു.
വില്ലി മാലേ തെല്ലു പോലും സംശയമില്ലാതെ അയാളെ ചേർത്ത് പിടിച്ചു. അടുത്ത മത്സരത്തിൽ സെൽറ്റികിൻെറ പച്ചയും വെള്ളയും ജേഴ്സിയിൽ സലിം കളിച്ചിരിക്കുമെന്ന് അയാൾ ഹാഷിമിനോട് പറഞ്ഞു.
രണ്ട് മത്സരങ്ങളിലാണ് സലിം സെൽറ്റികിൻെറ പച്ച - വെള്ള ജേഴ്സിയിൽ കളത്തിലിറങ്ങിയത്. തൻെറ കളിമികവ് കൊണ്ടായിരിക്കാം അയാളതിൽ വജ്രക്കല്ലു പോൽ തിളങ്ങിനിന്നു.
ആദ്യകളിയിൽ ഹാമിൽട്ടണെതിരെ സെൽറ്റിക് അനായാസം 5-1 ന് ജയിച്ചപ്പോൾ അയ്യായിരത്തിലധികം കാണികളാണ് ബൂട്ടിടാത്ത ഇന്ത്യക്കാരൻെറ കാല്പന്തുകളി കാണാൻ ഓടിയെത്തിയത്. സ്വതസിദ്ധമായ പന്തടക്കത്തോടെ അയാൾ പന്ത് തട്ടി, കൃത്യമായി ക്രോസ്സുകൾ നൽകിയും പാസുകൾ മറിച്ചും അയാൾ ഹാഷിമിൻെറയും വില്ലി മാലിയുടെയും കണികളുടെയും മനം നിറച്ചു. രണ്ടാം കളിയിൽ പക്ഷെ സലിം തന്നെ അടയാളപ്പെടുത്തിയ സുന്ദര ഫുട്ബോൾ പുറത്തെടുത്തു. ജൈവികമായ സ്നേഹത്തോടെ പന്തയാളുടെ കാലുകളിൽ ഒട്ടി നിന്നു, അസാമാന്യ കൗശലത്തോടെ അയാൾ പാസുകൾ നൽകി, ലോബുകൾ, ക്രോസ്സുകൾ എല്ലാം കിറുകൃത്യം...
വെറും കാലിൽ, തൊലി കറുത്ത ഒരിന്ത്യക്കാരൻ, മുഹമ്മദ് സലിം - കാട്ടിയ മാന്ത്രിക നിമിഷങ്ങളിൽ സ്കോട്ടിഷ് കാണികൾ മോഹനിദ്ര പൂണ്ടുനിന്നു. സെൽറ്റിക് നേടിയ 7 ഗോളിൽ മൂന്നിലും സലീമെന്ന വെറും കാലുകാരൻെറ ചാരുതയാർന്ന കയ്യൊപ്പുണ്ടായിരുന്നു. ഒരു പെനാൽറ്റിയെടുക്കാൻ നിർബന്ധിച്ചിട്ടും ആ നാണക്കാരൻ ഒഴിഞ്ഞുമാറി. കളിയുടെ രണ്ടാം പകുതി മുഴുവനും ഏഴായിരത്തിലധികം വരുന്ന കാണികൾ "സലിമിന് പന്ത് നൽകുവെന്ന് " വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. രണ്ടേ രണ്ട് കളികൾ... സെൽറ്റിക്നേ അയാൾ മനംമയക്കി വീഴ്ത്തിയിരുന്നു. അയാളുടെ വരവ് അവരുടെ സാമ്പത്തികനിലയിലും മാറ്റങ്ങൾ വരുത്തി. സെൽറ്റിക്കുമായി അയാൾ കരാറിൽ എത്തുമായിരുന്നു...
പക്ഷെ, ഏതാനും ആഴ്ചകൾ വെറും ആഴ്ചകൾ.... നാടിൻെറ, മണ്ണിൻെറ, സ്വന്തക്കാരുടെ ചൂടും ചൂരുമില്ലാതെ സലിം തണുത്തു വിറങ്ങലിച്ചു... നാടും നാട്ടുകാരും നാട്ടിലെ മൈതാനവുമില്ലാതെ സലിം എന്ന പച്ച മനുഷ്യൻ ഇല്ലായിരുന്നു. തീവ്രമായ ഗൃഹാതുരത വേട്ടയാടിയ സലീമെന്ന സാധു, തിരിച്ചു കപ്പല് കയറി. സ്കോട്ടിഷ് കാണികളെ സമ്മോഹിതരാക്കാൻ തക്കവണ്ണം കാൽപ്പന്തുകൊണ്ടിന്ദ്രജാലം കാട്ടിയ മാന്ത്രികനേ പിടിച്ചു നിർത്താൻ ആവതും വില്ലി ശ്രമിച്ചു. സലീമിനായി സൗഹൃദമത്സരം നടത്തി ഒരു വിഹിതം തരാമെന്നു പറഞ്ഞിട്ടും സലിം പിന്തിരിഞ്ഞു നടന്നു. തൻെറ വിഹിതം ഗ്ലാസ്ഗോവിലെ പട്ടിണിപ്പാവങ്ങളുടെ ഒരു നേരത്തെ പട്ടിണി മാറ്റാൻ കൊടുക്കണം എന്നാവശ്യപ്പെട്ട് ആ പച്ച മനുഷ്യൻ കിഴക്കിന്റെ അപാരമായ സഹജീവിസ്നേഹം സ്കോട്ടിഷുകാർക്ക് തൂവിനൽകി.
യൂറോപ്യൻ ഫുട്ബോളിൽ സലീമെന്ന അമേച്വർ കളിക്കാരന് പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നോ?? അവരുടെ തടിമിടുക്കിനും പ്രൊഫഷണൽ സമീപനത്തിനും ബൂട്ടിനും ശാസ്ത്രീയ പ്രതിരോധത്തിനും മുന്നിൽ സലീം ഒരു കളിയെങ്കിലും അതിജീവിച്ചു പോവുമോ? ചോദ്യങ്ങളാണ്... പക്ഷെ ഒന്നറിയാം അയാൾക്ക് കൊൽക്കത്ത ലീഗിൽ ബൂട്ടിട്ട, തടിമിടുക്കുള്ള ബ്രിട്ടീഷ് റെജിമെൻറ് ടീമുകളെ നേരിട്ട് മുട്ടുകുത്തിച്ച അനുഭവമുണ്ടായിരുന്നു വെറുംകാലിലും ബൂട്ടിലും ഒരുപോലെ മികച്ചു നിന്നിരുന്നു...
1911 ലേ മോഹൻ ബഗാൻ നേടിയ ഷിൽഡ് കപ്പ് വിജയം ഇന്ത്യൻ കാൽപ്പന്തുകളിയുടേത് മാത്രമല്ല ഇന്ത്യൻ ദേശീയതയുടെ തന്നെ വിജയമായാണ് അടയാളപ്പെടുത്തുന്നത്. വെള്ളക്കാരുടെ കളിയിൽ ബൂട്ടിടാത്ത ഇന്ത്യൻവീര്യം നേടിയ വിജയത്തിന്റെ അലയൊലികൾ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ അതിർത്തിക്കുള്ളിലെമ്പാടും ആവേശത്തിൻെറ, പോരാട്ടത്തിന്റെ വിത്ത് പാകി. ജാതി - മത - വർണ്ണ - വർഗ്ഗ ഭേദമില്ലാതെ ആ വിജയം അന്നുമിന്നും അറിയപ്പെടുന്നു. എന്നാൽ അതോടൊപ്പം പറയേണ്ട വിജയങ്ങളിലൊന്ന് 1934 ൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ് ന്റെ കൊൽക്കത്ത ലീഗ് വിജയമാണ്. ഒരു ഇന്ത്യൻ ക്ലബ് ന്റെ ആദ്യ ലീഗ് വിജയമായിരുന്നു അത്.
മോഹൻ ബഗാൻ അടക്കം പലവട്ടം രണ്ടാം സ്ഥാനം മാത്രം നേടിയപ്പോൾ, അന്ന് വരെ വിജയിച്ചു പോന്ന ഇംഗ്ലീഷ് ടീമുകളെ തകർത്തുവിട്ട്, വെള്ളിടി പോലെ വന്ന മുഹമ്മദൻസ്... 1934 മുതൽ തുടർച്ചയായി അഞ്ച് തവണ മുഹമ്മദൻസ് കിരീടം വിട്ട് കൊടുത്തതേയില്ല. ഇംഗ്ലീഷ്കാരൻ കൊണ്ട് വന്ന കളിയിൽ, ഒരിന്ത്യൻ ടീം തുടർച്ചയായി വെള്ളക്കാരെ തകർത്തുവിടുന്നു... അത് ആ കാലത്ത് വലിയൊരു ഉണർവ് തന്നെയായിരുന്നു. തങ്ങൾ, ഇന്ത്യക്കാർ വെള്ളക്കാരെക്കാൾ താഴ്ന്നവരല്ല എന്ന് അടിവരയിട്ട് മുഹമ്മദൻസ് പ്രഖ്യാപിച്ചു. അതിന്റെ അമരത്തു, വലതു വിങ്ങിൽ ഒരാൾ നിറഞ്ഞു നിന്നിരുന്നു... കാണികൾ തന്റെ കളിമികവ് കൊണ്ട് ആർപ്പു വിളിക്കുമ്പോൾ മനം നിറഞ്ഞു കരഞ്ഞു പോവുന്നൊരാൾ... ഇന്ത്യ നേടിയ ആദ്യ യൂറോപ്യൻ ഗോളിന്റെ സ്വന്തക്കാരൻ... പേര് മുഹമ്മദ് സലിം.
അതുല്യമായ പ്രകടനം മൈതാനത്തു കാഴ്ച വെച്ചിട്ടും, സലിമോ, അയാളുടെ ക്ലബ് മൊഹമ്മദൻസോ 1911 ലേ മോഹൻബഗാനേ പോലെ ഒരിക്കലും വലുതായി ആഘോഷിക്കപ്പെട്ടിട്ടില്ല. പല കാരണങ്ങളിലൊന്ന് ബംഗാളിൽ 1930കളുടെ രണ്ടാം പകുതിയോട്കൂടി രൂപപ്പെട്ട സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളായിരുന്നു എന്ന് കാണാം. 1932 ലേ കമ്മ്യൂണൽ അവാർഡും, 1935 ലേ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റും, ബംഗാളിൽ തൊള്ളായിരത്തി മുപ്പതുകളുടെ പകുതിയോട് കൂടി മുസ്ലിം വിഭാഗത്തിന്റെ പ്രാധിനിത്യം ഉയർത്തിയത് അധികാരഘടനയിലുണ്ടാക്കിയ മാറ്റങ്ങൾ ഭദ്രലോക് ഹിന്ദുക്കൾക്കിടയിൽ അതൃപ്‌തി സൃഷ്ടിച്ചു. അത് പലവിധത്തിൽ ഒളിഞ്ഞും തെളിഞ്ഞും കാണാമായിരുന്നു. അത് കൊണ്ട് തന്നെ ബംഗാളിൽ പോലും മൊഹമ്മദൻസിൻെറ വിജയങ്ങൾ വേണ്ടത്ര ആഘോഷിക്കപ്പെട്ടോ എന്നത് സംശയം തന്നെയായിരുന്നു.
പിൽകാലത്ത് വയ്യാതെ കിടപ്പിലായപ്പോൾ പണമില്ലാതെ വലഞ്ഞു നിൽക്കവേ സലീമിന്റെ രണ്ടാമത്തെ മകൻ റഷാദ് ഒരു ഭാഗ്യപരീക്ഷണം പോലെ സെൽറ്റിക് ക്ലബ്ബിലേക്ക് ഒരു കത്തെഴുതി, സെൽറ്റിക് കാല്പന്തുകളിക്കാരൻ സലിമിനോ സഹായിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട്. കാല്പന്തുകളി സമാനതകളില്ലാത്ത മനുഷ്യസ്നേഹത്തിേൻറതാണെന്ന് സെൽറ്റിക് ക്ലബ് ലോകത്തോട് വിളിച്ചു പറഞ്ഞത് അതിൻെറ മറുപടി കത്തിലായിരുന്നു. സലിം മനസ്സിലുണ്ടെന്ന കത്തിൻെറ കൂടെ ഒരു വലിയ തുകയുടെ ചെക്കും ഉണ്ടായിരുന്നു. ഇന്നും ക്യാഷ് ചെയ്യപ്പെടാതെ ആ ചെക്ക് ബാക്കിയുണ്ട് അതുല്യനായ ആ ഇന്ത്യൻ കാൽപന്ത്കളിക്കാരൻെറ ജ്വലിക്കുന്നഓർമകളും പേറിക്കൊണ്ട്.
ഇന്ത്യൻ കാൽപ്പന്തുകളിയുടെ ചരിത്രം പറയുമ്പോൾ നാമെന്നും ഓർക്കാത്ത പേരാണ് മുഹമ്മദ് സലീമിൻെറത്. ഒരിക്കലുമായാൾക്ക് അർഹിച്ചതൊന്നും രാജ്യം നൽകിയില്ല. ഇന്ത്യൻ ഫുട്ബോൾന്റെ പരിസരങ്ങളിലൊന്നും തന്നെ ഈ പേര് നാം കാണില്ല. ഭൂതകാലത്തിന്റെ മങ്ങിയ കാഴ്ചയിലേതോ പാതയോരത്ത് വീണുകിടപ്പുണ്ട് സലീമിൻെറ ഉജ്ജ്വലമായ കളിതാള്....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.