ആരാകും സൂപ്പർ?
text_fieldsകൊൽക്കത്ത: സ്വന്തം മണ്ണിൽ, ആയിരക്കണക്കിന് ആരാധകർക്ക് മുന്നിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) കിരീടം നിലനിർത്താൻ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. വർഷങ്ങളുടെ പാരമ്പര്യമുള്ള കൊൽക്കത്തൻ കാൽപന്തു കളി സംഘത്തിന് വെല്ലുവിളിയായി ഏതു തടസ്സവും അതിജീവിച്ച് മുന്നേറുന്ന മുംബൈ സിറ്റി എഫ്.സി. കൊൽക്കത്തയിലെ ചരിത്രമുറങ്ങുന്ന സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ (വിവേകാനന്ദ യുവ ഭാരതി ക്രിരംഗൻ) ശനിയാഴ്ച ഐ.എസ്.എൽ ഫൈനലിന് വിസിലടിക്കുമ്പോൾ ആവേശം പൊടിപാറും.
ഈ സീസണിൽ മൂന്നാമത്തെ പ്രമുഖ കിരീടം ലക്ഷ്യമിട്ടാണ് ബഗാൻ ഇറങ്ങുന്നത്. ഡുറാൻഡ് കപ്പും ലീഗ് വിന്നേഴ്സ് ഷീൽഡും സ്വന്തമാക്കിയാണ് ബഗാൻ കുതിക്കുന്നത്. വിന്നേഴ്സ് ഷീൽഡ് കൈയിലൊതുക്കിയത് മുംബൈയെ തോൽപിച്ചായിരുന്നു.
23 വർഷം മുമ്പ് ദേശീയ ലീഗും ഫെഡറേഷൻ കപ്പും കൽക്കത്ത പ്രീമിയർ ഡിവിഷൻ ലീഗും സിക്കിം ഗോൾഡ് കപ്പും ബൊർദോളി ട്രോഫിയും നേടിയ ബഗാൻ, ആരാധകരുടെ മനസ്സിലുണ്ട്. ഒഡിഷയെ ഇരുപാദങ്ങളിലുമായി 3-2ന് തോൽപിച്ചാണ് ബഗാൻ ഫൈനലിലെത്തിയത്. എഫ്.സി ഗോവയെ 5-2ന് കീഴടക്കിയാണ് മുംബൈ സിറ്റി ടിക്കറ്റ് സ്വന്തമാക്കിയത്.
ബഗാൻ ജയന്റ്സ്
ഇടക്കിടെ പേര് മാറ്റുന്ന കൊൽക്കത്ത ടീം അഞ്ചാം കിരീടത്തിനായാണ് ഉറ്റുനോക്കുന്നത്. ശനിയാഴ്ച കിരീട പോരാട്ടത്തിൽ മുൻതൂക്കം ബഗാന് തന്നെയാണ്. 2014ലും 2016ലും അത്ലറ്റികോ ഡി കൊൽക്കത്ത എന്ന പേരിലായിരുന്നു കിരീടം. എ.ടി.കെ മോഹൻ ബഗാൻ എന്ന പേരിൽ 2019-20ലും കഴിഞ്ഞ സീസണിലും കിരീടം ചൂടി.
കഴിഞ്ഞ ഫൈനലിന് ശേഷമാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്ന് വീണ്ടും പേര് മാറിയത്. ഫൈനലിൽ ജയിച്ചാൽ ലീഗിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ബഹുമതിയും ബഗാന് സ്വന്തമാകും. സെമിയിൽ ഒഡിഷ താരത്തോട് മോശം ആംഗ്യം കാണിച്ചതിനാൽ വിലക്കുള്ള അൽബേനിയൻ താരം അർമാൻഡോ സാദിക്കു ഫൈനലിൽ കളിക്കില്ല. മലയാളി താരം സഹൽ അബ്ദുൽ സമദിനെ തുടക്കം മുതൽ കോച്ച് അന്റോണിയോ ഹബാസ് കളിപ്പിക്കാനിടയുണ്ട്.
ഒഡിഷക്കെതിരെ പകരക്കാരനായെത്തി സഹൽ ഗോൾ നേടിയിരുന്നു. ദിമിത്രി പെട്രാറ്റോസും ജാസൺ കമ്മിങ്ങ്സും മുൻനിരയിലുണ്ടാകും. അനിരുദ്ധ് താപ്പക്ക് പകരമാകും സഹലിനെ ആദ്യ ഇലവനിൽ ഇറക്കുകയെന്നാണ് സൂചന. ക്യാപ്റ്റൻ സുഭാഷിഷ് ബോസിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം അത്ര ശക്തമല്ല.
ലീഡ് നേടിയാൽ നിലനിർത്താൻ കഴിയാതെ ഗോൾ വഴങ്ങുന്ന അസുഖം ബഗാനുണ്ട്. ജോണി കൗകോയും ദീപക് താംഗ്രിയുമടങ്ങുന്നതാണ് മധ്യനിര. ലിസ്റ്റൺ കൊളാസോക്ക് ലെഫ്റ്റ് വിങ്ങറായി സ്ഥാനമാറ്റമുണ്ടായേക്കും.
കണക്കുകളിൽ കാര്യമില്ലെന്നും മികച്ച കളി പുറത്തെടുക്കേണ്ടി വരുമെന്നും ബഗാൻ കോച്ച് ഹബാസ് പറഞ്ഞു. മൂന്ന് വർഷം മുമ്പ് കോവിഡ് സമയത്ത് മഡ്ഗാവിൽ മുംബൈ സിറ്റിയോട് ഫൈനലിൽ തോറ്റ ചരിത്രവും ബഗാനുണ്ട്. ആ തോൽവിയുടെ പ്രതികാരമല്ല ലക്ഷ്യമിടുന്നതെന്നും ശക്തരായ എതിരാളികൾക്കെതിരായ മത്സരമാകുമെന്നും കോച്ച് പറഞ്ഞു. 11 കളിക്കാർ മാത്രമല്ല, ആർത്തലക്കുന്ന ആരാധകരും ഒപ്പമുണ്ടാകുമെന്ന് ക്യാപ്റ്റൻ സുഭാഷിഷ് ബോസ് പറഞ്ഞു.
മുന്നിലെത്താൻ മുംബൈ
രണ്ടാം കിരീടം തേടിയാണ് മുംബൈ സിറ്റി എഫ്.സിയുടെ വരവ്. സാൾട്ട് ലേക്കിൽ ബഗാനെ തോൽപിച്ച് കിരീടം. സ്വപ്നസമാനമായ നേട്ടമാകുമത്. പീറ്റർ ക്രാറ്റ്കി സീസണിന്റെ മധ്യത്തിൽ പരിശീലക സ്ഥാനമേറ്റെടുത്ത ശേഷം ടീമിന് കൂടുതൽ ഉന്മേഷം കിട്ടി.
കോച്ചിന്റെ വാക്കുകളിൽതന്നെ ശിഷ്യരുടെ മാറ്റം വ്യക്തമാണ്. നേരത്തേ ഒരു കളിസംഘം മാത്രമായിരുന്ന ടീം ഇപ്പോൾ കുടുംബം പോലെയായെന്നും ഒരേ മനസ്സോടെ കളിക്കുമെന്നും ക്രാറ്റ്കി വാർത്തസമ്മേളനത്തിൽ പറഞ്ഞു. തിങ്ങിനിറയുന്ന ബഗാൻ ആരാധകർക്ക് മുന്നിൽ കളിക്കുന്നത് താരങ്ങൾക്ക് മറ്റൊരു തരം പ്രചോദനമാണെന്നും കോച്ച് പറയുന്നു.
എഫ്.സി ഗോവക്കെതിരെ 89ാം മിനിറ്റ് വരെ 2-0ന് പിന്നിലായ ശേഷം 3-2ന് ജയിച്ച സെമി ഫൈനൽ മാജിഷക് മുംബൈയുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു. വിക്രം പ്രതാപ് സിങ്, ലാല്ലിയൻസുവാല ചാങ്തെ എന്നിവർ തകർപ്പൻ ഫോമിലാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരങ്ങളാണ് ഇരുവരും.
തുടർച്ചയായ രണ്ട് സീസണുകളിൽ പത്തോ അതിലധികമോ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ചാങ്തെ. ഡച്ച് മിഡ്ഫീൽഡർ യോവൽ വാൻ നീഫ് സസ്പെൻഷൻ കാരണം കളിക്കില്ല. ത്രൂബാൾ നീക്കത്തിലും സെറ്റ്പീസുകളിലും ടീമിന് കരുത്തായിരുന്നത് നീഫായിരുന്നു.
കരുത്തുറ്റ പ്രതിരോധവുമുണ്ട്. എന്നാൽ, പരിക്ക് കാരണം ഫുൾബാക്ക് ആശിഷ് മിശ്ര കളിക്കാത്തത് തിരിച്ചടിയാണ്. രണ്ടാംപാദ സെമിയിൽ ഗോവക്ക് ഒരു ഷോട്ടാണ് ടാർജറ്റിലേക്ക് തൊടുത്തുവിടാനായത്. ഗോൾകീപ്പർ ഫുർബ ലാചൻപക്ക് പൊസിഷനിങ് പ്രശ്നങ്ങളുണ്ടെങ്കിലും മിടുക്ക് കാണിക്കുന്ന താരമാണ്. ക്യാപ്റ്റൻ രാഹുൽ ഭേക്കെയും ഫോമിലാണ്.
25 തവണയാണ് ആകെ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയത്. 11 തവണയും മുംബൈക്കായിരുന്നു ജയം. ബഗാന് ഏഴ് തവണയും. ഏഴെണ്ണം സമനിലയിലായി. ഐ.എസ്.എല്ലിലും പരസ്പരപോരാട്ടത്തിൽ വിജയം കൂടുതൽ മുംബൈക്കാണ്. 11ൽ ആറ് കളികൾ ജയിച്ചു. ബഗാന് ജയിക്കാനായത് രണ്ട് തവണ മാത്രം.
സാധ്യത ഇലവൻ
മോഹൻ ബഗാൻ: വിശാൽ കൈത്, അൻവർ അലി, ഹെക്ടർ യൂസ്റ്റെ, സുഭാഷിഷ് ബോസ്, ജോണി കൗക്കോ, ദീപക് താംഗ്രി, ദിമിത്രി പെട്രാറ്റോസ്, സഹൽ അബ്ദുൽ സമദ്, മൻവീർ സിങ്, ജേസൺ കമ്മിങ്സ്, ലിസ്റ്റൺ കൊളാസോ.
മുംബൈ സിറ്റി: ഫുർബ ലചെൻപ, രാഹുൽ ഭേകെ, തേർ ക്രൗമ, തിരി, മെഹ്താബ് സിങ്, ലാലെങ്മാവിയ റാൾട്ടെ, ആൽബെർട്ടോ നൊഗേര, ജയേഷ് റാണെ, ലാലിയൻസുവാല ചാങ്തെ, ജോർജ് പെരേര ഡയസ്, വിക്രം പ്രതാപ് സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.