ഒന്നാമതെത്താൻ രണ്ടാം സ്ഥാനക്കാർ മൂന്നാമന്മാരോട്
text_fieldsകൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് പോയന്റ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനക്കാർ ഇന്ന് നേർക്കുനേർ. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ മോഹൻ ബഗാന്റെ എതിരാളികൾ കേരള ബ്ലാസ്റ്റേഴ്സാണ്. നിലവിൽ എഫ്.സി ഗോവക്കൊപ്പം 23 പോയന്റുള്ള മഞ്ഞപ്പടക്ക് മറിനേഴ്സിനെതിരെ സമനില പിടിച്ചാലും മൂന്നാം സ്ഥാനത്തേക്കു കയറാം. രണ്ടു മത്സരങ്ങൾ കുറച്ചുകളിച്ച ഗോവ അടുത്ത മത്സരത്തിലൂടെത്തന്നെ വീണ്ടും ടോപ്പിലെത്താൻ സാധ്യതയുള്ളതിനാൽ ആധികാരിക ജയം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. 19 പോയന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ബഗാൻ സ്വന്തം കാണികൾക്കു മുന്നിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്.
ഗോവയോടേറ്റ ഒറ്റ ഗോൾ തോൽവിക്കുശേഷം പഞ്ചാബ് എഫ്.സിയെ എവേ മത്സരത്തിലും മുംബൈ സിറ്റിയെ ഹോം മാച്ചിലും തകർത്താണ് ബ്ലാസ്റ്റേഴ്സിന്റെ വരവ്. നേരെ മറിച്ചാണ് ബഗാന്റെ അവസ്ഥ.
നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് തോൽപിച്ചതിനു പിന്നാലെ മുംബൈയോടും ഗോവയോടും മുട്ടുമടക്കി. പഞ്ചാബിനും മുംബൈക്കുമെതിരെ സമഗ്രാധിപത്യം പുലർത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. എന്നാൽ, കൊൽക്കത്തയിൽ ആ ഫോം നിലനിർത്താനാവുമോയെന്ന് കണ്ടറിയണം. അരപ്പതിറ്റാണ്ട് കാലം ബ്ലാസ്റ്റേഴ്സിലുണ്ടായിരുന്ന സഹൽ അബ്ദുസ്സമദ് ഇപ്പോൾ ബഗാന്റെ മധ്യനിരയിലെ കരുത്തനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.