എതിരാളിയുടെ മുഖത്ത് തുപ്പി; മാർകസ് തുറാമിന് ആറ് മത്സരങ്ങളിൽ വിലക്കും പിഴയും
text_fieldsബർലിൻ: ബുണ്ടസ്ലിഗ മത്സരത്തിനിടെ ഹോഫൻഹെയിം ഡിഫൻഡർ സ്റ്റീഫൻ പോഷിന്‍റെ മുഖത്ത് തുപ്പിയതിന് ബൊറൂസിയ മോൻഷൻഗ്ലാഡ്ബാഹ് ഫോർവേഡ് മാർകസ് തുറാമിന് വിലക്കും പിഴയും.
ജർമൻ ഫുട്ബാൾ അസോസിയേഷനാണ് 23കാരനെ ആറ് മത്സരങ്ങളിൽ നിന്ന് വിലക്കുകയും 40000 യൂറോ പിഴ വിധിക്കുകയും ചെയ്തത്. ടാക്കിളിനെത്തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിലാണ് ഫ്രാൻസിന്‍റെ 1998 ലോകകപ്പ് ഹീറോയായ ലിലിയൻ തുറാമിന്‍റെ മകന്‍റെ ഭാഗത്ത് നിന്ന് മാന്യതക്ക് നിരക്കാത്ത പ്രവർത്തിയുണ്ടായത്. 10 പേരായി ചുരുങ്ങിയതോടെ അവസാന നിമിഷം ഗോൾ വഴങ്ങിയ മോൻഷൻഗ്ലാഡ്ബാഹ് 2-1ന് തോറ്റിരുന്നു.
താരത്തിന്‍റെ ഒരു മാസത്തെ ശമ്പളം വിലക്കി ക്ലബിന്‍റെ ഭാഗത്ത് നിന്നും നടപടിയുണ്ടായി. ഈ പണം സാമൂഹികസേവന പ്രവർത്തികൾക്കായി ഉപയോഗപ്പെടുത്തും. കടുത്ത വിമർശനങ്ങൾ ഉയർന്നതിന് പിന്നലെ തന്‍റെ തെറ്റ് ഏറ്റുപറഞ്ഞ മാര്‍കസ് ശിക്ഷാ നടപടികളെ സ്വാഗതം ചെയ്തു. സാമൂഹിക സേവനം ചെയ്യാന്‍ സന്നദ്ധനാണെന്ന് തുറാം അറിയിച്ചതായി ക്ലബ് സ്‌പോര്‍ട്ടിങ് ഡയരക്ടര്‍ മാക്‌സ് എബേല്‍ പറഞ്ഞു.
'പെട്ടെന്നുള്ള വികാരത്തില്‍ സംഭവിച്ച് പോയതാണ്, മന:പൂര്‍വമല്ല, ഏവരോടും മാപ്പ് പറയുന്നു, ഈ തെറ്റിന്‍റെ പ്രത്യാഘാതങ്ങളെല്ലാം ഏറ്റെടുക്കാന്‍ ബാധ്യസ്ഥനാണ് -തുറാം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഫ്രഞ്ച് ജഴ്സിയിൽ മാർകസ് മൂന്ന് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.