ഖത്തർ: ഏഷ്യൻ കപ്പിന് സജ്ജരായി 6000ത്തിലധികം വളന്റിയർമാർ
text_fieldsദോഹ: ലോകം അന്താരാഷ്ട്ര വളന്റിയർ ദിനം ആഘോഷിക്കുമ്പോൾ എ.എഫ്.സി ഏഷ്യൻ കപ്പ് 2023 വളന്റിയർമാർ വൻകരയിലെ ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റിനായി അരയും തലയും മുറുക്കി ഒരുങ്ങുകയാണ്. 20 പ്രവർത്തനമേഖലകളിലേക്കായി 6000 സന്നദ്ധ പ്രവർത്തകരെയാണ് പ്രാദേശിക സംഘാടക സമിതി റിക്രൂട്ട് ചെയ്തിരിക്കുന്നത്.
എ.എഫ്.സി ഏഷ്യൻ കപ്പ് 2023ന് 107 രാജ്യങ്ങളിൽ നിന്നുള്ളവരാണ് സേവനസജ്ജരായി രംഗത്തുള്ളത്. ഇതിൽ 18 മുതൽ 72 വയസ്സ് വരെയുള്ള സന്നദ്ധപ്രവർത്തകർ ഉൾപ്പെടും. റിക്രൂട്ട് ചെയ്ത വളന്റിയർമാരിൽ അഞ്ച് ശതമാനം പേർ ആദ്യമായി സന്നദ്ധ സേവനരംഗത്ത് നിലയുറപ്പിക്കുമ്പോൾ ബാക്കിയുള്ളവർ ഖത്തർ വേദിയായ പല അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിലും പലപ്പോഴായി സേവനനമനുഷ്ഠിച്ചതിന്റെ അനുഭവങ്ങളുമായിട്ടായിരിക്കും എ.എഫ്.സി ഏഷ്യൻ കപ്പിനെത്തുക.
2011ൽ ഖത്തർ രണ്ടാം തവണ എ.എഫ്.സി ഏഷ്യൻ കപ്പിന് വേദിയായപ്പോൾ വളന്റിയറായിരുന്ന അബ്ദുൽ മുഹ്സിൻ അൽ യാഫിഈ വീണ്ടും വൻകരയുടെ ചാമ്പ്യൻഷിപ്പിൽ വളന്റിയറായി തിരിച്ചെത്തിയിട്ടുണ്ട്. ‘ചെറുപ്പം മുതലേ വളന്റിയറായി സേവനമനുഷ്ഠിക്കുകയെന്നത് ഏറെ താൽപര്യത്തോടെയാണ് കണ്ടിരുന്നതെന്നും നമ്മുടെ പങ്ക് എത്ര ചെറുതായാലും വലുതായാലും നമ്മളെല്ലാവരും വലിയ ചരിത്രത്തിന്റെ ഭാഗമാകുന്നതിൽ അഭിമാനിക്കുന്നുവെന്നും 2000 മുതൽ ഖത്തറിലെ സന്നദ്ധ സേവനരംഗത്തെ സ്ഥിരസാന്നിധ്യമായ അൽ യാഫിഈ പറഞ്ഞു.
ഒക്ടോബർ അഞ്ചിന് രജിസ്ട്രേഷൻ ആരംഭിച്ചതിനുശേഷം 50,000ത്തിലധികം അപേക്ഷകളാണ് സംഘാടകർക്ക് മുന്നിലെത്തിയത്. ലുസൈൽ സ്റ്റേഡിയത്തിലെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വളന്റിയർ സെന്ററിൽ നടത്തിയ 850ലധികം അഭിമുഖ സെഷനുകളിൽ നിന്നായാണ് 6000 പേരുടെ അവസാന പട്ടിക തയാറാക്കിയത്.
സമീപവർഷങ്ങളിൽ ഖത്തർ ആതിഥേയത്വം വഹിച്ച വിവിധ അന്തർദേശീയ, മേഖല കായിക ചാമ്പ്യൻഷിപ്പുകളിലെ 35,000ത്തിലധികം വരുന്ന വളന്റിയർമാരുടെ പങ്കാളിത്തം രാജ്യത്തിനുള്ളിലെ ശക്തമായ സന്നദ്ധ സേവന സംസ്കാരത്തിന്റെ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
എ.എഫ്.സി ഏഷ്യൻ കപ്പ് 2023 സംഘാടനത്തിൽ സന്നദ്ധ പ്രവർത്തകർ വഹിക്കുന്ന പങ്കിനെ തിരിച്ചറിയുന്നുവെന്നും ടൂർണമെന്റിൽ എല്ലായ്പോഴും മാനുഷികവശം കൂടി ആഘോഷിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രദേശിക സംഘാടക സമിതിയംഗവും വർക്ക്ഫോഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടറുമായ റഷ അൽ ഖർനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.