മൊറോക്കോയും തുനീഷ്യയും ആരാധകരുടെ ടീമുകൾ
text_fields2021 നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന പ്രഥമ ഫിഫ അറബ് കപ്പിൽ തുനീഷ്യയും മൊറോക്കോയും കളത്തിലിറങ്ങിയപ്പോൾ സ്റ്റേഡിയം ആരാധകരാൽ നിറഞ്ഞുകവിഞ്ഞിരുന്നു. ലോകകപ്പിൽ ഇതിലേറെ പിന്തുണ അവർക്ക് പ്രതീക്ഷിക്കാം. കാർത്തേജ് ഈഗിൾസ് എന്നറിയപ്പെടുന്ന തുനീഷ്യക്കും അറ്റ്ലസ് ലയൺ എന്നറിയപ്പെടുന്ന മൊറോക്കോക്കും ഗാലറിയിലെ പിന്തുണ കുറഞ്ഞ കാരണത്താൽ വിഷമിക്കേണ്ടിവരില്ലെന്ന് സാരം. ബെൽജിയം, ക്രൊയേഷ്യ, കാനഡ എന്നിവർക്കൊപ്പം ഗ്രൂപ് എഫിൽ മൊറോക്കോ ഇറങ്ങുമ്പോൾ, ഗ്രൂപ് ഡിയിൽ ഫ്രാൻസ്, ഡെൻമാർക്ക്, ആസ്ട്രേലിയ എന്നീ വമ്പന്മാർക്കൊപ്പമാണ് തുനീഷ്യയുടെ സ്ഥാനം.
ഏറ്റവും കൂടുതൽ തവണ ലോകകപ്പിൽ പങ്കെടുത്ത അറബ് രാജ്യങ്ങൾ സൗദി അറേബ്യ, തുനീഷ്യ, മൊറോക്കോ എന്നിവരാണ്. ഖത്തർ ലോകകപ്പുൾപ്പെടെ ആറു തവണയാകും ഇവർ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. 14 ഗോൾ നേടിയ മൊറോക്കോയാണ് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീം. കൂടുതൽ വിജയങ്ങൾ അൽജീരിയക്കും സൗദി അറേബ്യക്കും, മൂന്നു വീതം.2018ലും 2022ലുമാണ് ഏറ്റവും കൂടുതൽ അറബ് രാജ്യങ്ങൾ (നാല്) ഒരു ലോകകപ്പിൽ പങ്കെടുക്കുന്നത്. 2018ൽ സൗദി അറേബ്യ, മൊറോക്കോ, ഈജിപ്ത്, തുനീഷ്യ എന്നിവരാണെത്തിയത്.
1986ൽ മൊറോക്കോയും അൽജീരിയയും ഇറാഖും എത്തിയപ്പോൾ, 1998ൽ മൊറോക്കോയും സൗദി അറേബ്യയും തുനീഷ്യയുമെത്തി. 1982ൽ കുവൈത്തും അൽജീരിയയും 1990ൽ യു.എ.ഇയും ഈജിപ്തും, 1994ൽ മൊറോക്കോ, സൗദി അറേബ്യ, 2002ൽ സൗദി അറേബ്യ, തുനീഷ്യ, 2006ൽ സൗദി അറേബ്യ, തുനീഷ്യ എന്നീ അറബ് ടീമുകളും ലോകകപ്പിൽ പങ്കെടുത്തു. 1934, 1978, 2010, 2014 എന്നീ വർഷങ്ങളിൽ യഥാക്രമം ഈജിപ്ത്, മൊറോക്കോ, തുനീഷ്യ, അൽജീരിയ, അൽജീരിയ തുടങ്ങി ഓരോ അറബ് രാജ്യങ്ങളാണ് ലോക ചാമ്പ്യൻഷിപ്പിൽ പന്തുതട്ടിയത്.
അറബ് രാജ്യങ്ങളിൽനിന്നുള്ള പ്രബല ടീമുകളായ അൽജീരിയ, ഈജിപ്ത് എന്നിവരുടെ അഭാവം ഏറ്റവും കൂടുതൽ പ്രകടമാകുന്ന ലോകകപ്പായിരിക്കും ഖത്തറിലേത്. ഇരു ടീമുകളും അവസാന റൗണ്ട് യോഗ്യതാ മത്സരങ്ങളിൽ നിർഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണ് ഫൈനൽ റൗണ്ടിലെത്താതെ പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.