2030 ലോകകപ്പ്: സ്പെയിനിനും പോർച്ചുഗലിനുമൊപ്പം ആതിഥേയത്വത്തിന് മൊറോക്കോയും
text_fieldsസോക്കർ ലോകകപ്പ് നൂറ്റാണ്ട് തികക്കുന്ന 2030ലെ മാമാങ്കത്തിന് ആതിഥേയത്വ മോഹമറിയിച്ച് യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം മൊറോക്കോയും. സ്പെയിൻ, പോർച്ചുഗൽ രാജ്യങ്ങൾക്കൊപ്പം മൂന്നാം രാജ്യമായാണ് മൊറോക്കോ താൽപര്യം പ്രഖ്യാപിച്ചത്. ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ യോഗത്തിൽ മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ സന്നദ്ധത അറിയിച്ചുള്ള കത്ത് വായിച്ചു. യൂറോപും ആഫ്രിക്കയും ഒന്നിച്ച് ലോകകപ്പ് വേദിയാവുന്നത് ഫുട്ബാൾ ചരിത്രത്തിൽ സമാനതകളില്ലാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2026 ലോകകപ്പ് ആതിഥേയത്വത്തിന് മൊറോക്കോ ശ്രമം നടത്തിയിരുന്നു. എന്നാൽ, നാലു വർഷം മുമ്പ് അമേരിക്കൻ രാജ്യങ്ങൾക്ക് ലഭിച്ചതോടെ അടുത്ത ലോകകപ്പിൽ വേദിയൊരുക്കാൻ ശ്രമം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു.
സ്പെയിൻ, പോർച്ചുഗൽ രാജ്യങ്ങൾക്കൊപ്പം യുക്രെയ്നും സംയുക്ത ആതിഥേയത്വത്തിന് കഴിഞ്ഞ ഒക്ടോബറിൽ താൽപര്യമറിയിച്ചിരുന്നു. എന്നാൽ, റഷ്യൻ അധിനിവേശ സാഹചര്യത്തിൽ ഇനിയും മുന്നോട്ടുപോകില്ലെന്ന് തിരിച്ചറിഞ്ഞാണ് മൊറോക്കോ നീക്കം.
ഇക്കാര്യത്തിൽ സ്പെയിൻ ഔദ്യോഗികമായി നിലപാട് അറിയിച്ചിട്ടില്ല. ബുധനാഴ്ച റുവാൻഡയിൽ ചേരുന്ന യോഗത്തിലാകും തീരുമാനമെടുക്കുകയെന്ന് സ്പാനിഷ് സോക്കർ ഫെഡറേഷൻ അറിയിച്ചു.
ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായി മാറിയ മൊറോക്കോ വമ്പന്മാരെ അട്ടിമറിച്ച് അവസാന നാലുവരെയെത്തിയാണ് മടങ്ങിയത്. അതുകഴിഞ്ഞ് ഫെബ്രുവരിയിൽ ഫിഫ ക്ലബ് ലോകകപ്പ് വേദിയാകുകയും ചെയ്തു.
അടുത്ത വർഷം സെപ്റ്റംബറിലാകും 2030 ലോകകപ്പ് ആതിഥേയ രാജ്യങ്ങളെ തീരുമാനിക്കുക. ആദ്യ ലോകകപ്പ് നടന്ന ഉറുഗ്വായ് അടക്കം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും രംഗത്തുണ്ട്.
2026 ലോകകപ്പ് യു.എസിനൊപ്പം കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് നടക്കുക. 48 രാജ്യങ്ങൾ മാറ്റുരക്കാനുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.