മുഹമ്മദ് ഇയാസ് ഇനി ‘മിനർവ’യുടെ താരം
text_fieldsകുന്ദമംഗലം: സെവൻസ് സ്പോർട്സ് എഫ്.സി ഫുട്ബാൾ അക്കാദമിയിൽ നിന്ന് കളിപഠിച്ച പത്തു വയസ്സുകാരൻ മുഹമ്മദ് ഇയാസ് ഉയരങ്ങളിലേക്ക്. ജെ.ഡി.ടി ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയും ചെലവൂർ സ്വദേശിയുമായ മുഹമ്മദ് ഇയാസ് മിനർവ പഞ്ചാബിന്റെ 2034 ലോകകപ്പ് ലക്ഷ്യമാക്കി നടത്തുന്ന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന-ജില്ലതല ടീമുകളിലേക്ക് നിരവധി താരങ്ങളെ സംഭാവന ചെയ്ത കുന്ദമംഗലത്തെ സെവൻസ് സ്പോർട്സ് അക്കാദമിക്ക് മറ്റൊരു പൊൻതൂവലായിമാറി ഇയാസിന്റെ നേട്ടം.
കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന സെലക്ഷൻ ട്രയൽസിൽ നിന്നും 10 താരങ്ങളെ അക്കാദമി സെലക്ട് ചെയ്തു. ഈ 10 താരങ്ങളെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ താരങ്ങളോടൊപ്പം പഞ്ചാബിൽ ഫൈനൽ ട്രയൽസിൽ പങ്കെടുപ്പിച്ചു. ജൂൺ ഒമ്പതു മുതൽ 20 വരെ നടന്ന ഫൈനൽ ട്രയൽസ് കഴിഞ്ഞപ്പോൾ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് നാലുപേരാണ്. വയനാട്ടിൽ നിന്ന് പ്രത്യുഷ്, മലപ്പുറത്തുനിന്ന് ശ്രീപത്, നരിക്കുനിയിൽ നിന്ന് ബിലാൽ എന്നിവരും ഇയാസിനോടൊപ്പം തിരഞ്ഞെടുക്കപ്പെട്ടു.
ഏഴാം വയസ്സ് മുതൽ കുന്ദമംഗലം ഹയർ സെക്കൻഡറി ഗ്രൗണ്ടിൽ സെവൻസ് സ്പോർട്സ് എഫ്.സി നടത്തുന്ന ഫുട്ബാൾ അക്കാദമിയിൽ പരിശീലനം നടത്തിവരുന്ന മുഹമ്മദ് ഇയാസിന്റെ ഈ നേട്ടത്തിന് പിന്നിലുള്ള കോച്ചുമാരുടെ പങ്ക് എടുത്തുപറയേണ്ടതാണ്. ടെക്നിക്കൽ ഡയറക്ടർ നിയാസ് റഹ്മാൻ, ഹെഡ് കോച്ച് നവാസ് റഹ്മാൻ, നൗഫൽ ബഷീർ, ചന്ദ്രൻ, ഫാസിർ, ഫവാസ് തുടങ്ങിയവരാണ് പരിശീലകർ. ദൈവാനുഗ്രഹവും അക്കാദമിയിലെ ചിട്ടയായ പരിശീലനവുമാണ് ഇയാസിനെ ഈ നേട്ടത്തിന് അർഹനാക്കിയതെന്ന് പിതാവ് ഷംസുദ്ദീൻ പറഞ്ഞു.
എഫ്.സി മിനർവ 2034 ലോകകപ്പ് സ്ക്വാഡിലേക്കുള്ള ഫൈനൽ ട്രയൽസിൽ പങ്കെടുത്ത് പഞ്ചാബിൽനിന്നും കഴിഞ്ഞ ദിവസമാണ് ഇയാസും പിതാവും എത്തിയത്. ജൂലൈ അവസാനത്തോടെ തിരിച്ചുപോകാനുള്ള തയാറെടുപ്പിലാണ് ഇരുവരും. ചെലവൂർ അരീക്കൽ ഷംസുദ്ദീന്റെയും നൗഷീനയുടെയും ഇളയ മകനായ ഇയാസ് അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. ഫുട്ബാൾ ലഹരിയായ പിതാവിന്റെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ ഈ നേട്ടത്തിന് പിന്നിലുണ്ട്. കുടുംബത്തിന്റെ ത്യാഗത്തിനും പിന്തുണക്കും ഇയാസിന്റെ ഫുട്ബാളിനോടുള്ള ഇഷ്ടത്തിനും വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.