ഇതെന്‍റെ ഉമ്മാക്ക്...എന്‍റെ മാത്രം ഉമ്മാക്ക്.. -മുഹമ്മദ് റോഷൽ
text_fieldsഹൈദരാബാദ്: ‘ഈ നേട്ടം എനിക്കേറ്റം പ്രിയപ്പെട്ടതാണ്. എന്‍റെ നേട്ടങ്ങൾക്ക് പിന്നിലെ ചാലകശക്തി എന്‍റെ പൊന്നുമ്മയാണ്. ഇത് ഞാൻ എന്‍റെ ഉമ്മാക്ക് സമർപ്പിക്കുന്നു. ഈ നേട്ടം എന്‍റെ ഉമ്മാക്ക്. എന്‍റെ മാത്രം ഉമ്മാക്ക്....’- ഇത് സന്തോഷ് ട്രോഫി സെമിഫൈനലിൽ വടക്കുകിഴക്കിന്‍റെ കരുത്തുമായെത്തിയ മണിപ്പൂരിനെ തകർത്തെറിഞ്ഞ കേരളത്തിന്‍റെ പ്രധാന വിജയശിൽപിയായ മുഹമ്മദ് റോഷലിന്‍റെ വാക്കുകൾ.
അതിജീവനത്തിന്‍റെ വഴിയിലൂടെ പൊന്നുപോലെ നോക്കി വളർത്തി ഇഷ്ടപ്പെട്ട കാൽപന്തുകളിയുടെ മൈതാനത്തേക്ക് തന്നെ പറഞ്ഞയച്ച ഉമ്മക്കല്ലാതെ മറ്റാർക്ക് മുഹമ്മദ് റോഷൽ ഈ നേട്ടം സമർപ്പിക്കും? നന്നെ ചെറുപ്പത്തിൽ പിതാവ് പിരിഞ്ഞുപോയ റോഷലിനെ അത്രക്കും കഠിനമായ വഴികളിലൂടെയാണ് ഉമ്മ ഷാഹിദ വളർത്തിയതും കളിക്കാരനാക്കിയതും. അതുകൊണ്ടുതന്നെയാവണം, ഗോൾ നേടിയപ്പോഴും കളിയിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയപ്പോഴും റോഷലിന്‍റെ കണ്ണുകൾ നിറഞ്ഞത്.
കളിയുടെ നിശ്ചിത സമയം തീരാൻ 22 മിനിറ്റ് മാത്രം ശേഷിക്കെ, പരിക്കേറ്റ നിജോ ഗിൽബർട്ടിന് പകരക്കാരനായി കളത്തിലെത്തി ഹാട്രിക്കടിച്ച് സൂപ്പർ സബ് ആയി മാറുകയായിരുന്നു റോഷൽ. റോഷൽ കളത്തിലെത്തുമ്പോൾ 2-1 എന്ന നിലയിൽ മുന്നിലായിരുന്നു കേരളം. സമനിലഗോളിനായി മണിപ്പൂർ തുടരെ തുടരെ ആക്രമണം അഴിച്ചുവിടുന്നതിനിടെയാണ് കളിയുടെ ഗതിമാറ്റിയ റോഷലിന്‍റെ വരവ്. കളിയവസാനിക്കുമ്പോൾ കേരളത്തിന്‍റെ അക്കൗണ്ടിൽ എണ്ണം പറഞ്ഞ അഞ്ചുഗോളുകൾ. റോഷലിന് സന്തോഷ് ട്രോഫിയിൽ തന്‍റെ ആദ്യ ഹാട്രിക്കും.
‘‘കേരളത്തിനായി സന്തോഷ് ട്രോഫിയിൽ ഹാട്രിക് നേടാനായതിൽ അതിയായ സന്തോഷമുണ്ട്. എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തമാണിത്. ഏറെ സന്തോഷവാനാണ്. എന്‍റെ ഏതു നേട്ടവും ഞാനെന്‍റെ ഉമ്മാക്കാണ് സമർപ്പിക്കുക. ചെറുപ്പം മുതൽ എനിക്ക് ഏറ്റവും വലിയ സപ്പോർട്ട് ഉമ്മയാണ്. ഗോളടിക്കണമെന്നത് എന്‍റെ ആഗ്രഹവും പ്രാർഥനയുമായിരുന്നു. ആ പ്രാർഥന പടച്ചവൻ കേട്ടു. അലഹംദുലില്ലാഹ്. ഫൈനലിലും കളിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. ടീം കപ്പടിക്കണമെന്നാണ് ഞങ്ങളുടെ എല്ലാവരുടെ ലക്ഷ്യം. ...’’ - മുഹമ്മദ് റോഷൽ പറഞ്ഞു. കളി കഴിഞ്ഞയുടനെ റോഷൽ ഉമ്മയെ വിളിച്ചിരുന്നു. വികാരാധീനയായാണ് ഉമ്മ സന്തോഷം പങ്കുവെച്ചതെന്ന് റോഷൽ പറഞ്ഞു.
കോഴിക്കോട് പുതിയങ്ങാടി കോയറോഡ് സ്വദേശിയാണ് മുഹമ്മദ് റോഷൽ. നിലവിൽ ഈസ്റ്റ് ബംഗാളിനായി കളിക്കുന്ന ഈ 21 കാരൻ കൊൽക്കത്ത ലീഗ് ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ ടീമിലംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.