ലിവർപൂളിന് കരാർ പുതുക്കേണ്ടി വരുമോ? റെക്കോഡുകൾ ഭേദിച്ച് സലാഹിന്‍റെ പ്രീമിയർ ലീഗ് തേരോട്ടം
text_fieldsലിവർപൂളിലെ മുഹമ്മദ് സലാഹിന്‍റെ അവസാന സീസണായിരിക്കും ഇതെന്ന വാർത്തകൾ ഫുട്ബാൾ ലോകത്ത് പരുക്കുന്നുണ്ട്. പ്രായം 32 കഴിഞ്ഞ സലാഹിന് ഇനിയും പ്രീമിയർ ലീഗിൽ കളിക്കാനാകുമോ എന്നുള്ള ചോദ്യങ്ങൾ നിരന്തരമാണ്. എന്നാൽ നിലവിൽ മികച്ച പ്രകടനമാണ് സലാഹ് പുറത്തെടുക്കുന്നത്. ഈ സീസൺ ലിവർപൂളിന് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ അവസാന സീസൺ ആണെങ്കിൽ ആളുകൾ എന്നും ഓർത്തിരിക്കുന്ന രീതിയിൽ സലാഹ് ഇത് നിർത്തുമെന്ന് ഉറപ്പാണ്.
ടോട്ടനാമിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രണ്ട് ഗോളും രണ്ട് അസിസ്റ്റുമാണ് സലാഹ് നേടിയത്. മത്സരത്തിൽ ടോട്ടനാമിന്‍റെ മൂന്ന് ഗോളിനെതിരെ ലിവർപൂൾ ആറെണ്ണമടിച്ചു. രണ്ട് ഗോളും അത്രയും തന്നെ അസിസ്റ്റും സ്വന്തമാക്കിയതോടെ ഒരു പ്രീമിയർ ലീഗ് സീസണിൽ ക്രിസ്മസ് ആകുന്നതിന് മുമ്പ് തന്നെ പത്തിന് മുകളിൽ ഗോളും അസിസ്റ്റും നേടുന്ന ആദ്യ താരമായി മാറുവാൻ സലാഹിന് സാധിച്ചു.ഈ സീസണിൽ ഇതുവരെ 15 ഗോളാണ് താരം പ്രീമിയർ ലീഗിൽ അടിച്ചുകൂട്ടിയത്. സീസണിൽ ഗോളടിയിൽ ഏറ്റവും മുന്നിലും അദ്ദേഹം തന്നെ. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളടി മെഷീൻ എർലിങ് ഹാളണ്ടിന് 13 ഗോളാണുള്ളത്.
ഗോളുകളും അസിസ്റ്റും രണ്ടക്കം കടന്നതിലൂടെ മറ്റൊരു റെക്കോഡ് കൂടി സലാഹ് സ്വന്തം പേരിലാക്കി. ആറാം തവണയാണ് സലാഹ് പ്രീമിയർ ലീഗ് ഒരു സീസണിൽ 10ന് മുകളിൽ ഗോളും അസിസ്റ്റം സ്വന്തമാക്കുന്നത്. ഈ നേട്ടം ഏറ്റവും കൂടുതൽ സ്വന്തമാക്കുന്ന താരവും സലാഹായി മാറി. വെയ്ൻ റൂണി അഞ്ച് സീസണിൽ പത്തിൽ കൂടുതൽ ഗോളും അസിസ്റ്റും നേടിയ റെക്കോഡാണ് സലാഹ് പഴങ്കഥയാക്കിയത്. ഈ സീസണിൽ ലിവർപൂളുമായി കരാർ തീരുന്ന ഈ 32 കാരന്‍റെ നിലവിലെ ഫോം പരിഗണിച്ച് കരാർ പുതുക്കുമോ എന്ന് കണ്ട് തന്നെ അറിയണം.
അതേസമയം ലിവർപൂളിന്‍റെ 16 കളിയിൽ നിന്ന് 12 ജയവും ഒരു തോൽവിയും മൂന്ന് സമനിലയുമായി 39 പോയിന്‍റോടെ ലിവർപൂൾ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാമതുള്ള ചെൽസിയക്ക് 17 കളിയിൽ 35 പോയിന്റുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.