കൂടുതൽ ഡെക്കറേഷനില്ല, ബ്ലാസ്റ്റേഴ്സ് തോറ്റു; വിനയായത് പെനൽറ്റി
text_fieldsപോയന്‍റ് പട്ടികയിൽ ഒന്നാംസ്ഥാനക്കാരായ മുംബൈ സിറ്റിക്കെതിരെ ജയം മാത്രം ലക്ഷ്യമിട്ടിറിങ്ങിയ ബ്ലാസ്റ്റേഴ്സിന് തോൽവി. ഒന്നിനെതിരെ രണ്ടുഗോളുകൾക്കായിരുന്നു മുംബൈയുടെ വിജയം. ആദ്യം സ്കോർ ചെയ്ത ശേഷമാണ് തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്സിന്റെ തോൽവി.
ഗോൾകീപ്പർമാരെ നിരന്തരം സമ്മർദ്ദത്തിലാക്കിയാണ് ഇരുടീമുകളും കളിതുടങ്ങിയത്. ആക്രമിച്ചുകളിച്ച ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾ മുംബൈ സിറ്റി ഗോൾകീപ്പർ അമരീന്ദർ സിങ് നിഷ്പ്രഭമാക്കിയപ്പോൾ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ ലഭിച്ച സുവർണാവസരങ്ങൾ മുംബൈ അവിശ്വസനീയമാം വിധം പുറത്തേക്കടിച്ചു.
27ാം മിനുറ്റിൽ കോർണറിന് തലവെച്ച് വിസന്‍റെ ഗോമസ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. ഇരു ടീമുകളും ആക്രമണപാതയിൽ മുന്നേറിയെങ്കിലും ആദ്യപകുതിയിൽ മറ്റൊരുഗോൾ പിറന്നില്ല. രണ്ടാം പകുതിയുടെ ആദ്യ മിനുറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിന് പണികിട്ടി. പ്രതിരോധനിരയിലെ വിള്ളൽ മുതലെടുത്ത് ബിപിൻ സിങ് മുംബൈയെ ഒപ്പമെത്തിച്ചു.
67ാം മിനുറ്റിൽ ലഭിച്ച പെനൽറ്റിയാണ് മുംബൈയുടെ വിജയ ഗോളിന് വഴിയൊരുക്കിയത്. പെനൽറ്റി അനാവശ്യമാണെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആഞ്ഞുവാദിച്ചെങ്കിലും റഫറി ചെവികൊണ്ടില്ല. ഗോൾസാധ്യതയില്ലാത്ത അവസരത്തിൽ റഫറി പെനൽറ്റി വിധിച്ചത് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ഉൾെകാള്ളാനായില്ലെന്ന് ശരീരഭാഷയിൽ വ്യക്തമായിരുന്നു. കിക്കെടുക്കാനെത്തിയ ആദം ലെ ഫോന്ദ്ര പന്ത് അനായാസം വലയിലെത്തിച്ച് മുംബൈയെ മുന്നിലെത്തിച്ചു.
ആദ്യപകുതിയിൽ ശ്രദ്ധേയമുന്നേറ്റങ്ങൾ നടത്തിയ ബ്ലാസ്റ്റേഴസ് രണ്ടാംപകുതിയിൽ നനഞ്ഞപടക്കമായി. ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലെ വമ്പൻ പിഴവുകൾ മുതലെടുക്കാൻ മുംബൈ മുന്നേറ്റനിരക്കുമായില്ല. ഫോമിലുള്ള ഗാരിഹൂപ്പറെ സബ്സ്റ്റിറ്റ്യൂട്ട് ആക്കിയാണ് ബ്ലാസ്റ്റേഴ്സ് കളിതുടങ്ങിയത്.
15 മത്സരങ്ങളിൽ നിന്നും 33 പോയന്‍റുമായി മുംബൈ ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചപ്പോൾ 16 കളികളിൽ നിന്നും 15 പോയന്‍റുമായി ബ്ലാസ്റ്റേഴ്സിന്റെ അവസ്ഥ ശോകമാണ്. ഫെബ്രുവരി 11ന് ഒഡിഷക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.