ഇഞ്ചോടിഞ്ചിൽ ഗോവ വീണു; ത്രില്ലർ പോരിനൊടുവിൽ മുംബൈ ഫൈനലിൽ
text_fieldsബാംബോലിം:നിശ്ചിത സമയവും എക്സ്ട്രാ സമയവും കഴിഞ്ഞിട്ടും ഗോളൊന്നും വീണില്ല. ഒടുവിൽ വിജയിയെ നിർണയിക്കാൻ മത്സരം ഷൂട്ടൗട്ടിലേക്ക്. 120 മിനിറ്റ് കളിച്ചിട്ടും ഗോൾരഹിതമായി പിരിഞ്ഞ കളി ഷൂട്ടൗട്ടിലും സ്കോർബോർഡ് മുറിച്ചില്ല (2-2). ഒടുവിൽ സഡൻഡെത്തിലെ നാലാം കിക്ക് വിധി നിർണയിച്ചു. ഗോവയുടെ ഗ്ലാൻ മാർടിൻസ് പുറത്തേക്കടിച്ചപ്പോൾ, മുംബൈയുടെ റൗളിൻ ബോർജസ് വലകുലുക്കി. ഷൂട്ടൗട്ടിൽ ഇരു ടീമിനും രണ്ടു കിക്ക് മാത്രമേ വലയിലെത്തിക്കാൻ കഴിഞ്ഞുള്ളൂ. ഇതാദ്യമായാണ് മുംബൈ ഫൈനലിന് യോഗ്യത നേടുന്നത്.
ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ കൂടുതൽ അവസരങ്ങൾ തുറന്നത് എഫ്.സി ഗോവയായിരുന്നെങ്കിലും ഗോൾവലക്ക് മുമ്പിൽ വൻമരം കണക്കേ നിന്ന ഗോൾകീപ്പർ അമരീന്ദർ സിങ്ങിനെ മറികടക്കാനായില്ല. പരിചയസമ്പന്നരായ ജോർജ് ആർടിസും എഡു ബേഡിയയും മുന്നേറ്റം നയിച്ചപ്പോൾ, മുംബൈ പ്രതിരോധനിരക്ക് പിടിപ്പതു പണിയായി. മുംബൈയുടെ മറുപകുതിയിൽ ആഡം ഫോണ്ടെയും ഹ്യൂഗോ ബൗമസുമായിരുന്നു 90 മിനിറ്റ് നിയന്ത്രിച്ചത്. എന്നാൽ, മികച്ച മുന്നേറ്റങ്ങൾകൊണ്ട് കളംഭരിച്ചത് ഗോവയായിരുന്നു. ബേഡിയ, ഓർടിസ്, ആൽബർടോ നൊഗ്വേര കൂട്ടിെൻറ ആക്രമണംകൊണ്ട് മുർതദ ഫാളും ഹെർനാനും നയിച്ച മുംബൈ പ്രതിരോധം വീർപ്പുമുട്ടി. പലപ്പോഴും ഭാഗ്യത്തിന്റെ കൂടി അകമ്പടിയിലാണ് മുംബൈ രക്ഷപ്പെട്ടത്. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.