ബ്ലാസ്റ്റേഴ്സിന് ഇന്ന് മുംബൈ ടെസ്റ്റ്
text_fieldsമുംബൈ: ഐ.എസ്.എല്ലിൽ മുന്നിലെത്താനുള്ള ഓട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനിന്ന് കടുത്ത കടമ്പ. മിന്നും ഫോമിലുള്ള മുംബൈ സിറ്റിയാണ് ഇവാൻ വുകോമാനോവിച്ചിന്റെ ടീമിന് ഞായറാഴ്ച എതിരാളികൾ. മുംബൈയുടെ തട്ടകമായ മുംബൈ ഫുട്ബാൾ അരീനയിലാണ് പോരാട്ടം.
13 കളികളിൽ 31 പോയന്റുമായി മുന്നിലുള്ള നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്.സിയുടെ തൊട്ടുപിറകിലാണ് 12 മത്സരങ്ങളിൽ 30 പോയന്റുള്ള മുംബൈ. ബ്ലാസ്റ്റേഴ്സ് 12 കളികളിൽ 25 പോയന്റുമായി മൂന്നാമതും. ഇന്ന് ജയിച്ചാലും ബ്ലാസ്റ്റേഴ്സ് മൂന്നാമത് തുടരും.
എന്നാൽ, മുംബൈയുമായുള്ള പോയന്റ് വ്യത്യാസം രണ്ടായി കുറക്കാം. മുംബൈ ജയിക്കുകയാണെങ്കിൽ അവർക്ക് ഹൈദരാബാദിനെയും മറികടന്ന് തലപ്പത്തെത്താം. ആദ്യപാദത്തിൽ കൊച്ചിയിൽ മുംബൈയുമായി ഏറ്റുമുട്ടിയപ്പോൾ 2-0 തോൽവിയായിരുന്നു ബ്ലാസ്റ്റേഴ്സിന്. ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ മൂന്നു തോൽവികളിലൊന്നായിരുന്നു ഇത്.
മുംബൈയാവട്ടെ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല. സീസണിൽ പരാജയമറിയാത്ത ഏക ടീമാണവർ. കൂടുതൽ ഗോളുകളടിച്ച ടീമും മുംബൈ തന്നെ, 36 എണ്ണം. ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം 22 ഗോളുകളാണ്.
മുൻനിരയാണ് മുംബൈയുടെ കരുത്ത്. സെൻട്രൽ സ്ട്രൈക്കർ മുൻ ബ്ലാസ്റ്റേഴ്സ് താരം ജോർഹെ പെരേര ഡയസ് ആറും വലതു വിങ്ങർ ലാലിയൻസുവാല ചാങ്തെ ഏഴും ഇടതു വിങ്ങർ ബിപിൻ സിങ് അഞ്ചും ഗോളുകൾ നേടിയിട്ടുണ്ട്. പ്ലേമേക്കർ ഗ്രെഗ് സ്റ്റുവാർട്ടാണ് ഏഴു അസിസ്റ്റുമായി അക്കാര്യത്തിലും മുന്നിൽ.
ബ്ലാസ്റ്റേഴ്സ് മുൻനിരയും അത്ര പിന്നിലല്ല. ആറു ഗോളുമായി ദിമിത്രിയോസ് ഡിയമന്റകോസ് ആക്രമണം നയിക്കുന്നു. നാലു ഗോളുമായി ഇവാൻ കലിയൂഷ്നി, മൂന്നു വീതം ഗോളുമായി അഡ്രിയാൻ ലൂന, സഹൽ അബ്ദുസ്സമദ്, രണ്ടു ഗോളുമായി അപോസ്തലോസ് ജിയാനൗ എന്നിവരുമുണ്ട്. ഡയമന്റകോസിനും ലൂനക്കും മൂന്നു വീതം അസിസ്റ്റുകളുമുണ്ട്, സഹലിന് രണ്ടും. കലിയൂഷ്നി സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തുന്നത് ടീമിന് കരുത്തുപകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.