സെമി ഉറപ്പിക്കാൻ ഇന്ന് ബ്ലാസ്റ്റേഴ്സ്-മുംബൈ മുഖാമുഖം
text_fieldsവാസ്കോ: ഐ.എസ്.എൽ നോക്കൗട്ട് തേടി ഇന്ന് കരുത്തരുടെ നേരങ്കം. മൂന്നു ടീമുകൾ സെമിയിലേക്ക് ഏകദേശം ടിക്കറ്റുറപ്പിച്ചു കഴിഞ്ഞ ലീഗിൽ അവശേഷിച്ച ഏക ഇടം സ്വന്തമാക്കാൻ പോയന്റ് പട്ടികയിൽ നാലും അഞ്ചും സ്ഥാനങ്ങളിലുള്ള മുംബൈയും മലയാളികളുടെ സ്വന്തം മഞ്ഞപ്പടയും തമ്മിലാണ് മുഖാമുഖം.
ജയത്തിൽ കുറഞ്ഞതൊന്നും ഇരു ടീമുകളെയും രക്ഷിക്കില്ലെന്നതിനാൽ പോരാട്ടം തീപാറും. ഇന്ന് ജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് അവസാന നാലിലെ സ്വപ്നങ്ങൾക്ക് നിറംവെക്കും. അതേ സമയം, സമനില പോലും കാര്യങ്ങൾ അപകടത്തിലാക്കും. ഇരു ടീമുകളും 18 കളികൾ പൂർത്തിയാക്കിയപ്പോൾ ഒരു പോയന്റ് അധികം നേടി മുംബൈയാണ് മുന്നിൽ. പോയന്റ് പട്ടികയിൽ നാലാമതുള്ള മുംബൈക്ക് 31 പോയന്റുണ്ട്. കേരളത്തിന് 30ഉം. ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദ് 35 പോയന്റുമായി ഇതിനകം നോക്കൗട്ട് ഉറപ്പാക്കി കഴിഞ്ഞു. 34 പോയന്റുള്ള ജാംഷഡ്പുരിനും എ.ടി.കെ മോഹൻ ബഗാനും ഒരു സമനില കൊണ്ട് നേടാവുന്നതേയുള്ളൂ.
കഴിഞ്ഞ കളിയിൽ ചെന്നൈയിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തകർത്തുവിട്ട മഞ്ഞപ്പട ഫോം വീണ്ടെടുത്ത ആവേശത്തിലാണ്. എന്നാൽ, അവസാന മത്സരത്തിൽ ഗോവക്കെതിരെ മുംബൈയും ജയം പിടിച്ചതാണ്. മുംബൈ ഈ സീസണിൽ മൊത്തം 20 ഗോളുകൾ വഴങ്ങിയിട്ടുണ്ട്. പ്രതിരോധത്തിലെ ഈ പിഴവ് അവസരമാക്കാൻ ബ്ലാസ്റ്റേഴ്സ് മുന്നിലാണെന്ന് തെളിയിക്കുന്നതായിരുന്നു ആദ്യ കളിയിൽ 3-0ന് സമ്പൂർണ വിജയം.
എന്നാൽ, ആദ്യ മുഖാമുഖത്തിലെ വൻ വീഴ്ചക്ക് പകരം ചോദിക്കുകയെന്നതാകും മുംബൈ ലക്ഷ്യം. കളി സമനിലയിലായാൽ കേരളം പിന്നെയും ഒരു പോയന്റ് പിറകിൽ സഞ്ചരിക്കുകയാകും. അപ്പോൾ ഇരു ടീമിന്റെയും അവസാന കളികളിലേക്ക് കാത്തിരിപ്പാണ് ഏക മാർഗം. ഹൈദരാബാദാണ് മുംബൈക്ക് എതിരാളികളാകുകയെങ്കിൽ താരതമ്യേന ദുർബലരായ ഗോവയാകും കേരളത്തിനെതിരെ. സെമിയുറപ്പിച്ച ഹൈദരാബാദ് കളി തണുപ്പിക്കുന്നതുൾപ്പെടെ വിഷയങ്ങളും വെല്ലുവിളിയാകും. കഴിഞ്ഞ ദിവസം എ.ടി.കെ മോഹൻ ബഗാനോട് ബംഗളൂരു പരാജയപ്പെട്ടതാണ് േപ്ല ഓഫ് സാധ്യത പട്ടികയിൽ അഞ്ചു ടീമുകളായി ചുരുക്കിയത്.
''ഒരു ഫുട്ബാളറെന്ന നിലക്ക് ശരിക്കും കാത്തിരിക്കുന്ന അങ്കമാണിത്. ഏറ്റവും മികച്ച ടീമുകളിലൊന്നിനെതിരെയാണ് പന്തു തട്ടാനുള്ളത്. ടീം ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇനി എല്ലാം കളത്തിൽ കാണാം''- പറയുന്നത് കേരള പരിശീലകൻ ഇവാൻ വുകോമാനോവിച്ച്.
കേരള നിരയിൽ ഉറുഗ്വായ് താരം അഡ്രിയൻ ലൂണയുടെ ഗോളുകളും അസിസ്റ്റുകളുമാണ് ആരാധകർ കാത്തിരിക്കുന്നത്. അസിസ്റ്റുകളിൽ അഹ്മദ് ജഹൂഹിനും ഗ്രെഗ് സ്റ്റുവർട്ടിനുമൊപ്പം സീസണിലെ ടോപ്പറാണ് നിലവിൽ ലൂണ. മലയാളി താരം കെ.പി. രാഹുൽ തിരിച്ചുവരുമെന്ന് കോച്ച് സൂചന നൽകിക്കഴിഞ്ഞു.
പരിക്കുമായി പുറത്തിരിക്കുന്ന നിഷു കുമാറും മുംബൈക്കെതിരെ ഇറങ്ങിയേക്കും. സഹൽ അബ്ദുസ്സമദ് ഉൾപ്പെടെ തിളങ്ങിയാൽ മഞ്ഞപ്പടക്ക് ജയം അനായാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.