മറഡോണക്ക് ആദരം; 'അർജൻറീന ജഴ്സി'യിൽ റോമയെ തകർത്ത് നാപോളി
text_fieldsനേപ്ൾസ്: 'സാധാരണയിൽ കവിഞ്ഞ ഒരു പ്രകടനം നടത്താൻ ഞങ്ങൾ നിർബന്ധിതരായിരുന്നു. അദ്ദേഹത്തിന് വേണ്ടിയും ആ വിടവാങ്ങലിൽ വിറച്ച് നിൽക്കുന്ന നേപ്ൾസിലെ ജനങ്ങൾക്ക് വേണ്ടിയും ഞങ്ങൾക്ക് ജയിക്കണമായിരുന്നു. ഈ ജയം ഞങ്ങൾ അദ്ദേഹത്തിന് സമർപ്പിക്കുന്നു' സീരി 'എ'യിൽ എ.എസ് റോമയെ 4-0ത്തിന് തകർത്ത ശേഷം നാപോളി നായകൻ ലോറൻസോ ഇൻസിഗ്നേയുടെ വാക്കുകളാണിവ.
ക്ലബ് ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തെത്തുടർന്ന് മരവിച്ച് നിൽക്കുന്ന നേപ്ൾസിലെ ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണ് രണ്ട് ഹോം പരാജയങ്ങൾക്ക് ശേഷം സ്വന്തം മൈതാനത്തുള്ള ഉജ്വല വിജയം.
ലോറൻസോ ഇൻസിഗ്നേ (30'), ഫാബിയൻ റൂയിസ് (64'), ഡ്രീസ് മെർടൻസ് (81'), മാറ്റിയോ പോളിറ്റാനോ (86') എന്നിവരാണ് നാപോളിയുടെ സ്കോറർമാർ. ഇതിഹാസ താരത്തിനോടുള്ള ആദരസൂചകമായി അർജൻറീനയുടേതിന് സമാനമായ പ്രത്യേകം തയാറാക്കിയ വെള്ളയും നീലയും കലർന്ന ജഴ്സിയണിഞ്ഞായിരുന്നു ടീം കളത്തിലിറങ്ങിയത്.
വ്യാഴാഴ്ച ക്രൊയേഷ്യൻ ക്ലബായ റിയേക്കക്കെതിരെ മറഡോണയുടെ വിഖ്യാതമായ 10ാം നമ്പർ ജഴ്സിയണിഞ്ഞായിരുന്നു നാപോളിയുടെ മുഴുവൻ താരങ്ങളും പന്തുതട്ടിയത്. മത്സരത്തിൽ അവർ 2-0ത്തിനാണ് ജയിച്ച് കയറിയത്.
മറഡോണ ടീമിലുണ്ടായിരുന്ന 1987ലും 1990ലും മാത്രമാണ് നാപോളിക്ക് ലീഗിൽ കിരീടം നേടാൻ സാധിച്ചിരുന്നത്. 1989ൽ മറഡോണയുടെ ചിറകിലേറി അവർ യുവേഫ കപ്പും സ്വന്തമാക്കിയിരുന്നു. നാപോളിയുടെ ഹോംഗ്രൗണ്ടായ സ്റ്റേഡിയോ സാൻ പോളോ മറഡോണയുടെ പേരിൽ പുനർനാമകരണം ചെയ്യണമെന്ന് നേപ്ൾസ് മേയർ കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു.
ഏഴുവർഷം നാപോളി ജഴ്സിയിൽ പന്തുതട്ടിയ മറഡോണയോടുള്ള ആദരസൂചകമായി കറുത്ത ആംബാൻഡ് അണിഞ്ഞാണ് കളിക്കാർ മത്സരത്തിനിറങ്ങിയത്. ഇതിഹാസ നായകന് ആദരാജ്ഞലിയർപ്പിക്കാൻ ഇറ്റാലിയൻ ലീഗിലെ എല്ലാ മത്സരങ്ങൾക്ക് മുമ്പ് ഒരുമിനിറ്റ് മൗനം ആചരിക്കുന്നുണ്ട്.
ഒമ്പത് മത്സരങ്ങൾ പൂർത്തിയായപ്പോൾ 17 പോയൻറുമായി റോമയെ മറികടന്ന് നാപോളി അഞ്ചാം സ്ഥാനത്തേക്ക് കയറി. ഫിയോറൻറീനയെ 2-0ത്തിന് തോൽപിച്ച് 23 പോയൻറുമായി എ.സി മിലാനാണ് നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.