‘‘വല്ലാത്ത ചെയ്ത്തായിപ്പോയി’’- ഒരു ഗോൾ പോലും വഴങ്ങാതെ എട്ടുകളി കഴിഞ്ഞെത്തിയ യുവന്റസിനെ അഞ്ചു ഗോളിന് മുക്കി നാപോളി
text_fieldsസീരി എയിൽ യുവന്റസായിരുന്നു കഴിഞ്ഞ നാളുകളിലെ ഹീറോകൾ. തോൽവി വഴങ്ങാതെ എട്ടു മത്സരങ്ങൾ. അവയിൽ ഒരു ഗോൾ പോലും സ്വന്തം വലയിലെത്തിയിട്ടുമില്ല. പക്ഷേ, എതിരാളികൾ കരുത്തരായപ്പോൾ എല്ലാം തലകീഴായിമറിഞ്ഞു. അതും സമാനതകളില്ലാത്ത തോൽവിയുമായി. പോയിന്റ് പട്ടികയിൽ ബഹുദൂരം മുന്നിലുണ്ടായിരുന്ന നാപോളി 5-1നാണ് യുവന്റസിനെ ഇല്ലാതാക്കിയത്.
ഡബ്ളടിച്ച് വിക്ടർ ഒഷിമെനും ഓരോ ഗോളുമായി ക്വിച്ച ക്വാരറ്റ്ക്ഷലിയ, അമീർ റഹ്മാനി, എൽജിഫ് എൽമാസ് എന്നിവരും നിറഞ്ഞാടിയ ദിവസത്തിൽ ഏകപക്ഷീയമായിട്ടായിരുന്നു നാപോളിയുടെ വിജയം. ഇതോടെ, ഒന്നാം സ്ഥാനത്ത് നാപോളിക്ക് ലീഡ് രണ്ടക്കം കടന്നു- 18 കളികളിൽ 47 പോയിന്റ്. യുവന്റസാകട്ടെ, 37 പോയിന്റുമായി എ.സി മിലാനുപിറകിൽ മൂന്നാമതായി. ഇരു ടീമുകൾക്കും പോയിന്റ് തുല്യമാണെങ്കിലും മിലാൻ ടീമിന് ഒരു കളി ബാക്കിയുണ്ട്.
14ാം മിനിറ്റിൽ ക്വിച്ച ക്വാരറ്റ്ക്ഷലിയയുടെ ക്ലോസ് റേഞ്ച് ഷോട്ട് യുവെ ഗോളി തടുത്തിട്ടത് തലവെച്ച് ഒഷിമെനാണ് ഗോൾവേട്ട തുടങ്ങിയത്. മടക്കാൻ ലഭിച്ച അവസരം എയ്ഞ്ചൽ ഡി മരിയ അടിച്ചത് ബാറിൽ തട്ടി മടങ്ങി. രണ്ടാം ഗോൾ വീണയുടൻ ഡി മരിയ തന്നെ ഒരു ഗോൾ മടക്കിയെങ്കിലും രണ്ടാം പകുതിയിൽ എല്ലാം നാപോളിമയമായിരുന്നു. എണ്ണം പറഞ്ഞ മൂന്നു ഗോളുകൾ കൂടി വീണതോടെ ടീം ചിത്രത്തിലില്ലാതായി.
കളി കഴിഞ്ഞയുടൻ യുവെ കോച്ച് മാക്സ് അലെഗ്രി അതിവേഗം മൈതാനം വിടുന്നതിനിടെ നാപോളി കോച്ച് ഓടിപ്പിടിച്ച് കൈകൊടുത്തത് ശ്രദ്ധിക്കപ്പെട്ടു.
സീരി എ മത്സരത്തിൽ കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് യുവന്റസ് അഞ്ചു ഗോൾ വഴങ്ങുന്നത്. മറുവശത്ത്, അവസാന മൂന്നു കളികളിലും യുവന്റസിനെതിരെ തോൽവിയില്ലാതെ മടങ്ങുന്ന ടീമായി നാപോളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.