ദേശീയ സീനിയർ വനിത ഫുട്ബാൾ: മിസോറാമിനോട് പൊരുതി തോറ്റ് കേരളം
text_fieldsകോഴിക്കോട്: ദേശീയ സീനിയർ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കേരളത്തിന് തോൽവിയോടെ തുടക്കം. വടക്കുകിഴക്കൻ ടീമായ മിസോറം 3 - 2 നാണ് കേരളത്തെ മറികടന്നത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തുടർച്ചയായി രണ്ടു ഗോളുകൾ നേടിയ കേരളം രണ്ടു ഗോളുകൾ കൂടി വാങ്ങി തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
37ാം മിനിറ്റിൽ ക്യാപ്റ്റൻ ടി. നിഖില പരിക്കേറ്റ പുറത്തുപോയത് കേരളത്തിന് തിരിച്ചടിയായി. 39ാം മിനിറ്റിൽ ഇന്ത്യൻ താരം ഗ്രേസ് ലാൽറം പാരിയിലൂടെ മിസോറമാണ് മുന്നിലെത്തിയത്. തൊട്ടുമുമ്പ് ലഭിച്ച പെനാൽട്ടി പാഴാക്കിയതിെൻറ പ്രായശ്ചിത്തമായിരുന്നു ഗ്രേസിെൻറ ഈ ഗോൾ. എന്നാൽ മിസോറം ഗോളി കോളി ഐ.ഐ.ഐ ലാൽ റുവൈസല്ലിയുടെ പോരായ്മകൾ മുതലെടുത്ത് ആതിഥേയർ ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിൽ തിരിച്ചടിച്ചു.
44ാം മിനിറ്റിൽ വൈസ് ക്യാപ്റ്റനും ഡിഫൻഡറുമായ കെ.വി. അതുല്യയും തൊട്ടടുത്ത നിമിഷം പ്രതിരോധനിരയിലെ തന്നെ ഫെബിൻ രാജും ലോങ് റേഞ്ചർ ഗോളുകളോടെ കേരളത്തിന് 2-1െൻറ മുൻതൂക്കം നേടിക്കൊടുത്തു. 79ാം മിനിറ്റിൽ മിസോറം ഒപ്പമെത്തി.
എലിസബത്തിെൻറ വകയായിരുന്നു സമനില ഗോൾ. ഇഞ്ച്വറി സമയത്തിെൻറ മൂന്നാം മിനിറ്റിൽ ലാൽനു സിയാമി കേരള ഗോളി നിസരിയെ മറികടന്ന് വലകുലുക്കി.
മത്സരഫലങ്ങൾ: മിസോറം 3 - കേരളം 2, ഒഡിഷ 9- ആന്ധ്ര 0, മധ്യപ്രദേശ് 4 - ഉത്തരാഖണ്ഡ് 1, ഹരിയാന 4 - ഗുജറാത്ത് 0.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.