ദേശീയ സീനിയർ വനിത ഫുട്ബാൾ: മണിപ്പൂർ വീണ്ടും ചാമ്പ്യന്മാർ
text_fieldsകോഴിക്കോട്: വാശിയേറിയ പോരാട്ടത്തിനൊടുവിൽ ദേശീയ സീനിയർ വനിത ഫുട്ബാൾ കിരീടം നിലനിർത്തി മണിപ്പൂർ. നിലവിലെ റണ്ണേഴ്സ്അപ്പായ റെയിൽവേയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 2-1ന് കീഴടക്കിയാണ് മണിപ്പൂർ 21ാം തവണയും കിരീടം സ്വന്തമാക്കിയത്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോളടിച്ചില്ല.
ആദ്യ വിസിൽ മുതൽ ആക്രമണം കൊഴുപ്പിച്ച ഇരുടീമുകളും കോർപറേഷൻ സ്റ്റേഡിയത്തിലെത്തിയ ചുരുക്കം ഫുട്ബാൾപ്രേമികളിൽ ആവേശമുയർത്തി. മികച്ച നീക്കങ്ങൾ തുടക്കത്തിൽ നടത്തിയത് റെയിൽവേയായിരുന്നു. താര ഖാത്തൂനും നവോബി ചാനുവുമായിരുന്നു മണിപ്പൂരിന് ഭീഷണിയായത്. മറുഭാഗത്ത് മണിപ്പൂർ കോർണർകിക്കിലൂടെയും ഫ്രീകിക്കിലൂടെയും റെയിൽവേയെ വിറപ്പിച്ചു. അധികസമയത്ത് ഇരുടീമുകളും കാര്യമായ ആക്രമണം നടത്തിയില്ല.
മികവ് പുലർത്തുന്ന രശ്മി കുമാരിയെ ഗോളിയാക്കിയാണ് റെയിൽവേ ഇറങ്ങിയത്. റെയിൽവേ ക്യാപ്റ്റൻ സുപ്രിയ റൗത്രേയും മണിപ്പൂരിെൻറ സുൽത്താനയും ആദ്യകിക്ക് പാഴാക്കി. നവോബി ചാനു പിന്നീട് റെയിൽവേക്കായി ഗോൾ നേടി. ബേബി സന ദേവിയാണ് ഷൂട്ടൗട്ടിൽ മണിപ്പൂരിെൻറ ആദ്യ ഗോൾ നേടിയത്. നാലാമത്തെ കിക്കിലാണ് കിരൺ ബാലയുടെ ഗോൾ പിറന്നത്. അസെം റോജദേവിയുടെ കിക്ക് റെയിൽവേ ഗോളി തടഞ്ഞു. റെയിൽവേയുടെ എൻഗൗബി ദേവി, സസ്മിത സെയ്ൻ, സുപർവ സമൽ എന്നിവരുടെ കിക്ക് ലക്ഷ്യം കണ്ടില്ല. രാജ്യത്തെ എക്കാലത്തെയും മികച്ച താരമായ ഒയ്നാം ബെംബം ദേവിയാണ് മണിപ്പൂരിനെ പരിശീലിപ്പിച്ചത്.
ചാമ്പ്യൻഷിപ്പിലെ 'മോസ്റ്റ് വാല്യുബ്ൾ' താരമായി ഇറോം പരമേശ്വരി ദേവിയെ തിരഞ്ഞെടുത്തു. തമിഴ്നാടിെൻറ സന്ധ്യ രഘുനാഥനാണ് ടോപ്സ്കോറർ. മണിപ്പൂരിെൻറ ഒക്റാം രോഷ്ണി ദേവിയെ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.