നാഷൻസ് ലീഗ്: സ്പെയിൻ-പോർചുഗൽ സമനില; ചെക്കിനും നോർവേക്കും ജയം
text_fieldsബാഴ്സലോണ: യുവേഫ നാഷൻസ് ലീഗിൽ കരുത്തരുടെ മുഖാമുഖത്തിൽ തുല്യത. സ്പെയിനും പോർചുഗലുമാണ് ഓരോ ഗോൾ പങ്കിട്ട് പോയന്റ് പങ്കുവെച്ചത്. 25ാം മിനിറ്റിൽ അൽവാരോ മൊറാറ്റയുടെ ഗോളിൽ മുന്നിൽ കടന്ന സ്പെയിൻകാരെ 82ാം മിനിറ്റിൽ പകരക്കാരൻ റിക്കാർഡോ ഹോർട്ടയുടെ ഗോളിലാണ് പറങ്കികൾ തളച്ചത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയാണ് നിലവിലെ റണ്ണറപ്പുകളായ പോർചുഗൽ കളി തുടങ്ങിയത്. അതിനവർക്ക് തുടക്കത്തിൽ വില കൊടുക്കേണ്ടിയും വന്നു. പോർചുഗൽ മുന്നേറ്റങ്ങൾക്ക് മൂർച്ചയില്ലാതെ പോയപ്പോൾ മറുവശത്ത് സ്പെയിൻ ഇരമ്പിക്കയറി. 17കാരൻ ഗാവിയാണ് സ്പെയിനിന്റെ ഗോളിന് ചരടുവലിച്ചത്.
ഗാവിയുടെ മനോഹര പാസിൽ പാബ്ലോ സറാബിയ നൽകിയ അവസരം മൊറാറ്റ പാഴാക്കിയതുമില്ല. എന്നാൽ, ലീഡ് വർധിപ്പിക്കാനുള്ള അവസരങ്ങളെല്ലാം കാറ്റിൽപറത്തിയതിന് ലൂയിസ് എന്റിക്വെയുടെ ടീമിന് ഒടുവിൽ വില നൽകേണ്ടിവന്നു. കളി തീരാൻ അര മണിക്കൂർ ശേഷിക്കെ കളത്തിലിറങ്ങിയ റൊണാൾഡോയെ സ്പാനിഷ് പ്രതിരോധം കെട്ടിപ്പൂട്ടി നിർത്തിയെങ്കിലും മറ്റൊരു പകരക്കാരൻ ഹോർട്ടയെ തടയാനായില്ല. ജാവോ കാൻസലോയുടെ ക്രോസിലായിരുന്നു ഹോർട്ടയുടെ ഗോൾ.
സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലൻഡിന്റെ ഗോളിൽ നോർവേ 1-0ത്തിന് സെർബിയയെ തോൽപിച്ചപ്പോൾ ഗ്രീസ് അതേ സ്കോറിന് വടക്കൻ അയർലൻഡിനെ കീഴടക്കി. സ്വീഡൻ 2-0ത്തിന് സ്ലൊവീനിയയെ തോൽപിച്ചു. ഇസ്രായേലും ഐസ്ലൻഡും 2-2ന് സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.