ലോകകപ്പ് യോഗ്യത: ജയിച്ചുകയറി ജർമനി, നെതർലൻഡ്സ്
text_fieldsബെർലിൻ: ഇത്തിരിക്കുഞ്ഞന്മാർക്കു മുന്നിൽ മുട്ടുവിറച്ച് കടന്നുകൂടി കരുത്തരായ ജർമനിയും നെതർലൻഡ്സും. ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിൽ ലാറ്റ്വിയയെ ഏകപക്ഷീയമായ ഒരു ഗോളിന് െനതർലൻഡ്സും റൊമാനിയയെ ഒന്നിനെതിരെ രണ്ടു ഗോളിന് ജർമനിയും വീഴ്ത്തി.
2017നു ശേഷം ആദ്യമായി തോമസ് മ്യൂളർ ദേശീയ ജഴ്സിയിൽ ഗോൾ കണ്ടെത്തിയ മത്സരത്തിൽ ആദ്യം ഗോൾ വഴങ്ങി പിന്നിൽനിന്ന ശേഷമാണ് ജർമനി ജയം പിടിച്ചത്. ജർമൻ പ്രതിരോധ മതിലിലെ മൂന്നുപേരെ കാഴ്ചക്കാരാക്കി ഒമ്പതാം മിനിറ്റിൽ ലാനിസ് ഹാഗിയാണ് റൊമാനിയയെ മുന്നിലെത്തിച്ചത്. അതോടെ ഉണർന്ന ജർമൻ പട പലവട്ടം ഗോൾമുഖത്ത് അപായമണി മുഴക്കിയതിനൊടുവിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു ഗോൾ മടങ്ങി. സെർജി നബ്റി പായിച്ച പൊള്ളുന്ന ഷോട്ട് റൊമാനിയൻ ഗോളിയെ കാഴ്ചക്കാരനാക്കി വല കുലുക്കുകയായിരുന്നു. പിന്നെയും ആക്രമണം നയിച്ച് പറന്നുനടന്ന ജർമൻ പട ഏതുനിമിഷവും സ്കോർ െചയ്യുമെന്ന് തോന്നിച്ചെങ്കിലും പ്രതിരോധവും നിർഭാഗ്യവും വഴിമുടക്കി.
81ാം മിനിറ്റിലാണ് മ്യൂളർ ജർമനിക്ക് വിലപ്പെട്ട വിജയം സമ്മാനിച്ച് ഗോൾ നേടുന്നത്. ലിയോൺ ഗോരെറ്റ്സ്കയുടെ കോർണർ കിക്ക് പോസ്റ്റിെൻറ ഇങ്ങേയറ്റത്തായിരുന്ന മ്യൂളർ 'കാലുവെച്ച്' ഗോളാക്കുകയായിരുന്നു. കളി ജയിച്ച ജർമനി ആറു പോയൻറ് ലീഡുമായി ലോകകപ്പ് യോഗ്യതക്ക് അരികെയെത്തി. തിങ്കളാഴ്ച നോർത്ത് മാസിഡോണിയക്കെതിരെ ജയിക്കാനായാൽ ഉറപ്പാക്കാം. തോമസ് മ്യൂളർ ജർമൻ ജഴ്സിയിൽ 2017 മാർച്ചിലാണ് അവസാനമായി ഗോളടിക്കുന്നത്. പുതിയ പരിശീലകനായി ഹാൻസി ഫ്ലിക് എത്തിയ ശേഷം ജർമനി കളിച്ച നാലു മത്സരങ്ങളിലും ജയവുമായി കുതിപ്പ് തുടരുകയാണ്.
ഗ്രൂപ് ജിയിൽ ഡാവി ക്ലാസെൻറ ഗോളിലാണ് നെതർലൻഡ്സ് ലാറ്റ്വിയയെ മറികടന്നത്. മെംഫിസ് ഡീപെയുടെ കോർണർ കിക്കിലായിരുന്നു കളി ജയിച്ച ഗോളിലേക്ക് ക്ലാസെൻറ മനോഹര ഗോൾ.മറ്റു മത്സരങ്ങളിൽ ചെക് റിപ്പബ്ലിക് വെയിൽസിനോട് രണ്ടു ഗോൾ വീതം അടിച്ചും തുർക്കി-നോർവേ മത്സരം 1-1നും സമനിലയിൽ പിരിഞ്ഞു. ക്രൊയേഷ്യ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് സൈപ്രസിനെ മുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.