അൽ ഹിലാൽ നെയ്മറിനൊപ്പം പുതിയ താരങ്ങളും
text_fieldsറിയാദ്: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന്റെ കൂടെ, മറ്റ് ലോക താരങ്ങളായ യാസിൻ ബൗണോ, മാൽകോം ഫിലിപ്പെ സിൽവ എന്നിവരെ കൂടി സൗദി ഫുട്ബാളിൽ അവതരിപ്പിച്ച് അൽ ഹിലാൽ. ശനിയാഴ്ച വൈകീട്ട് റിയാദ് ബംഗ്ലഫിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഗാലറികൾ നിറഞ്ഞുകവിഞ്ഞ 60,000 ത്തിലധികം അൽ ഹിലാൽ ആരാധകരെ സാക്ഷിനിർത്തി, വർണാഭമായ ലേസർ ഷോയുടെ അകമ്പടിയോടെയാണ് താരങ്ങളെ ക്ലബിന്റെ നീലക്കുപ്പായത്തിൽ അവതരിപ്പിച്ചത്.
വൈകീട്ട് 7.15 ന് ആരംഭിച്ച ചടങ്ങിൽ ആദ്യമെത്തിയ നെയ്മറിന് 10 നമ്പർ ജഴ്സി കൈമാറി. റഷ്യൻ ക്ലബായ സെനിറ്റ് സെൻറ് പീറ്റേഴ്സ്ബർഗ് വിട്ടാണ് നാല് വർഷത്തെ കരാറിൽ നെയ്മറിന്റെ ബ്രസീലിയൻ സഹതാരമായ മാൽകോം എത്തുന്നത്. റഷ്യൻ ക്ലബിനായി കഴിഞ്ഞ സീസണിൽ 27കളികളിൽ നിന്ന് 23 ഗോളുകൾ നേടിയ കരുത്തുമായാണ് സൗദിയിലേക്കെത്തുന്നത്. 2027 വരെയെങ്കിലും അൽ ഹിലാലിനോടൊപ്പം തുടരാൻ അനുവദിക്കുന്നതാണ് ഇരുപത്താറുകാരനായ മാൽകോമിന്റെ കരാർ.ഖത്തർ ലോകകപ്പിൽ മൊറോക്കോയെ ചരിത്രത്തിലാദ്യമായി സെമിയിലെത്തിച്ചതിൽ മുഖ്യപങ്കുവഹിച്ച ഗോൾകീപ്പർ യാസിൻ ബൗണോ സ്പാനിഷ് ക്ലബായ സെവിയ്യ വിട്ടാണ് അൽ ഹിലാലിലേക്ക് കൂടു മാറുന്നത്.
മൂന്ന് വർഷത്തെ കരാറിൽ അൽ ഹിലാലിലെത്തുന്ന ബൗണോ ടീമിലെ മുഖ്യതാരങ്ങളിലൊരാളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ സെർബിയൻ സ്ട്രൈക്കർ അലക്സാണ്ടർ മിട്രോവികും അൽ ഹിലാലിൽ ചേരാൻ കരാറൊപ്പിട്ടതായി ക്ലബ് അധികൃതർ ഞായറാഴ്ച അറിയിച്ചു. ഇംഗ്ലണ്ടിലെ പ്രശസ്ത ഫുട്ബാൾ ക്ലബായ ഫുൽഹാം വിട്ടാണ് മിട്രോവിക് സൗദിയിലേക്ക് കുടിയേറുന്നത്. 2026 വരെ അൽ ഹിലാലിനൊപ്പമുണ്ടാകുമെന്നാണ് കരാർ വ്യക്തമാക്കുന്നത്. നെയ്മറിന് ശേഷം അൽ ഹിലാലിന്റെ നീല ജഴ്സിയണിയുന്ന ലോകോത്തര ഫുട്ബാളറാണ് മിട്രോവിക്.
18 പ്രഫഷനൽ ലീഗ് കിരീടങ്ങൾ, 13 ക്രൗൺ പ്രിൻസ് കപ്പ് കിരീടങ്ങൾ, ഏഴ് സൗദി ഫെഡറേഷൻ കപ്പ് കിരീടങ്ങൾ, 10 കിങ് കപ്പ് കിരീടങ്ങൾ, മൂന്ന് സൂപ്പർ കപ്പ് കിരീടങ്ങൾ, കൂടാതെ സൗദി ഫൗണ്ടേഴ്സ് കപ്പ് ഏഷ്യയിൽ നാല് ചാമ്പ്യൻഷിപ്പുകളുമുള്ള സൗദി അറേബ്യയിലെ ഏറ്റവും വിജയകരമായ ക്ലബായ അൽ ഹിലാൽ, അന്താരാഷ്ട്രതലത്തിൽ എട്ട് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ട്രോഫികൾ നേടിയിട്ടുണ്ട്.
1991, 2000, 2019, 2021 വർഷങ്ങളിലെ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് കിരീടം, 1997 ലെയും 2002 ലെയും ഏഷ്യൻ കപ്പ് വിന്നേഴ്സ് കപ്പ്, 1997 ലെയും 2020 ലെയും ഏഷ്യൻ സൂപ്പർ കപ്പ് എന്നിവ സ്വന്തമാക്കിയ അൽ ഹിലാൽ ഐ.എഫ്.എഫ്.എച്ചിന്റെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഏഷ്യൻ ക്ലബിനുള്ള പുരസ്കാരത്തിനും അർഹമായി. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, എൻഗോളോ കാന്റെ, സാദിയോ മാനെ, റിയാദ് മഹ്റസ്, റോബർട്ടോ ഫിർമിന്യോ തുടങ്ങിയ സൂപ്പർ താരങ്ങളെ അണിനിരത്തുന്ന അൽ നസ്ർ, അൽ ഇത്തിഹാദ് മുതലായ ക്ലബുകൾക്ക് കടുത്ത വെല്ലുവിളി തീർക്കാൻ തന്നെയാണ് അൽ ഹിലാൽ മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.