ഓഫ്സൈഡിന് പുതിയ സാങ്കേതിക വിദ്യ
text_fieldsജനീവ: ഫുട്ബാളിൽ എക്കാലവും വിവാദ മുനമ്പിലാണ് ഓഫ്സൈഡ്. നിയമം കൃത്യമാണെങ്കിലും അത് കണ്ടെത്തുന്ന രീതിയിലുള്ള നേരിയ കൃത്യതക്കുറവ് പോലും ഫുട്ബാൾ ലോകത്ത് വൻ ചർച്ചകൾക്കിടയാക്കാറുണ്ട്. വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) സംവിധാനം വന്നതോടെ ഓഫ്സൈഡ് അടക്കമുള്ള കാര്യങ്ങൾ കണ്ടെത്താൻ ഏറക്കുറെ കൃത്യമായ രീതികളുണ്ടെങ്കിലും അതൊന്നുകൂടി കുറ്റമറ്റതാക്കുകയും കാണികൾക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പുതിയ സാങ്കേതികവിദ്യയുമായി ഫിഫ എത്തുകയാണ്.
ഖത്തർ ലോകകപ്പിൽ പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെയാവും ഓഫ്സൈഡ് നിർണയിക്കുകയെന്ന് ഫിഫ വ്യക്തമാക്കി. അർധ യാന്ത്രിക ഓഫ്സൈഡ് സാങ്കേതികവിദ്യ (സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് ടെക്നോളജി) ആണ് നടപ്പാക്കുക. കളിക്കാരുടെ ചലനങ്ങൾ നിരവധി കാമറകൾകൊണ്ട് ഒപ്പിയെടുക്കുക, പന്തിനുള്ളിൽ സെൻസർ ഘടിപ്പിക്കുക, കാണികൾക്ക് മനസ്സിലാവുന്ന തരത്തിൽ സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ ത്രീഡി ചിത്രങ്ങൾ പ്രദർശിപ്പിക്കുക എന്നിവയടങ്ങിയതാണ് പുതിയ സാങ്കേതികവിദ്യയെന്ന് -ഫിഫ ഇന്നൊവേഷൻ ഡയറക്ടർ യൊഹാനസ് ഹോൾസ്മെല്ലർ അറിയിച്ചു.
കഴിഞ്ഞ ലോകകപ്പുകളിലും ഫിഫ പുതിയ സാങ്കേതിക വിദ്യകൾ കൊണ്ടുവന്നിരുന്നു. 2010 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ഫ്രാങ്ക് ലാംപാർഡിന്റെ ഷോട്ട് ഗോൾവര കടന്നിട്ടും ഗോൾ അനുവദിക്കാതിരുന്നത് വൻ വിവാദമായിരുന്നു. തുടർന്ന് 2014 ബ്രസീൽ ലോകകപ്പിൽ ഫിഫ പുതിയ ഗോൾലൈൻ സാങ്കേതികവിദ്യ അവതരിപ്പിച്ചു.
പന്ത് ഗോൾ വര കടന്നാൽ റഫറിയുടെ വാച്ചിൽ ഗോൾ എന്ന് തെളിയുന്ന ഈ സാങ്കേതിക വിദ്യ ഇപ്പോൾ പ്രധാന മത്സരങ്ങളിലെല്ലാം ഉപയോഗിക്കുന്നു. 2014 ലോകകപ്പിൽ ഓഫ്സൈഡ് വിവാദമുണ്ടായതിനെ തുടർന്ന് 2018 റഷ്യൻ ലോകകപ്പിൽ ഫിഫ വാർ സംവിധാനം കൊണ്ടുവന്നു. അതിനുപിറകെയാണിപ്പോൾ പുതിയ ഓഫ്സൈഡ് സാങ്കേതികവിദ്യ വരുന്നത്.
പുതിയ സാങ്കേതികവിദ്യ ഇങ്ങനെ
ഖത്തറിലെ സ്റ്റേഡിയങ്ങളിലെല്ലാം 12 കാമറകൾ ഇതിന് മാത്രമുണ്ടാവും. ഒരോ കളിക്കാരന്റെയും ശരീരത്തിലെ 29 ഡാറ്റ പോയന്റുകൾ സെക്കൻഡിൽ 50 തവണ എന്ന രീതിയിൽ ഈ കാമറകൾ ഒപ്പിയെടുക്കും. പന്തിനുള്ളിൽ ഘടിപ്പിക്കുന്ന സെൻസർ പന്തിൽ കളിക്കാരൻ സ്പർശിക്കുമ്പോഴുള്ള 'കിക്ക് പോയന്റ്' കൃത്യമായി രേഖപ്പെടുത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ത്രീഡി ഓഫ്സൈഡ് ലൈൻ രൂപപ്പെടുത്തുകയും അത് വാർ ഒഫീഷ്യൽസിനെ അറിയിക്കുകയും ചെയ്യും. തുടർന്ന് അതിവേഗം ഇത് അനലൈസ് ചെയ്ത് മുതിർന്ന വാർ ഒഫീഷ്യൽ റഫറിയെ അറിയിക്കും. നിലവിലെ വാർ സംവിധാനത്തിൽ ശരാശരി 70 സെക്കൻഡ് എടുക്കുന്ന പ്രക്രിയ പുതിയ സംവിധാനത്തിൽ 20-25 സെക്കൻഡുകൾക്കുള്ളിൽ തീരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.