മാഞ്ചസ്റ്റർ യുനൈറ്റഡിന് പുതുവർഷ ജയം; പോയിന്‍റ് പട്ടികയിൽ ലിവർപൂളിനൊപ്പം
text_fieldsമാഞ്ചസ്റ്റർ: പുതുവർഷ ദിനത്തിൽ ആസ്റ്റൺ വില്ലയെ തകർത്ത് മാഞ്ചസ്റ്റർ യുനൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്‍റ് പട്ടികയിൽ ലിവർപൂളിനൊപ്പം. 2-1നായിരുന്നു മാഞ്ചസ്റ്ററിന്‍റെ ജയം. ചെങ്കുപ്പായക്കാർക്കായി അന്തോണി മാർഷ്യൽ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരാണ് ലക്ഷ്യം കണ്ടത്. ബെർട്രാൻഡ് ട്രോർ വകയായിരുന്നു എതിരാളികളുടെ ആശ്വാസ ഗോൾ.
40ാം മിനുറ്റിൽ ഫ്രഞ്ച് താരം മാർഷലിന്‍റെ ഹെഡ്ഡറലൂടെയാണ് മാഞ്ചസ്റ്റർ മുന്നിലെത്തിയത്. എന്നാൽ, 58ാം മിനുറ്റിൽ ബെർട്രാൻഡ് ട്രോർ ആസ്റ്റൺ വില്ലയെ ഒപ്പമെത്തിച്ചു.
തിരിച്ചടിയേറ്റ ആതിഥേയർക്ക് വിജയ വഴിയിൽ എത്താൻ കൂടുതൽ സമയം വേണ്ടിവന്നില്ല. 61ാം മിനുറ്റിൽ പോഗ്ബയെ തള്ളിയിട്ടതിന് ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് ഗോളാക്കി മാറ്റി. ഈ സീസണിൽ ഫെർണാണ്ടസിന്‍റെ പതിനൊന്നാമത്തെ ലീഗ് ഗോളായിരുന്നവത്.
വെള്ളിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ വെസ്റ്റ്ഹാം യുനൈറ്റഡ് എവർട്ടണിനെ പരാജയപ്പെടുത്തി (1-0). നിലവിൽ 16 മത്സരങ്ങളിൽനിന്ന് ലിവർപൂളിനും മാഞ്ചസ്റ്റർ യുനൈറ്റഡിനും 33 പോയിന്‍റാണുള്ളത്. എന്നാൽ, ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള ലിവർപൂൾ തന്നെയാണ് പട്ടികയിൽ ഒന്നാമത്. 29 പോയിന്‍റ് വീതമുള്ള ലെസ്റ്ററും എവർട്ടണുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്. 26 പോയിന്‍റുമായി ചെൽസി അഞ്ചാം സ്ഥാനത്തുണ്ട്.
ഏറെ കാലങ്ങൾക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നത്. ലോകത്തെ ഏറ്റവും ആരാധകരും സമ്പത്തുമുള്ള ക്ലബെന്ന ഖ്യാതിയുണ്ടായിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന് കഴിഞ്ഞ ഏതാനും സീസണുകളായി കാര്യങ്ങൾ ഒട്ടും ശുഭകരമായിരുന്നില്ല.
അലക്സ് ഫെർഗൂസൺ പരിശീലക സ്ഥാനം ഒഴിഞ്ഞശേഷം ഓൾഡ് ട്രാഫോഡിൽ പ്രീമിയർ ലീഗ് കിരീടം എത്തിക്കാൻ പോയിട്ട് ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ പോലും പ്രതാപികൾക്കായില്ല.
തുടർതോൽവികളുമായി പുതുസീസൺ ആരംഭിച്ചതോടെ ഇക്കുറിയും കാര്യമായ മാറ്റമുണ്ടാകില്ലെന്ന് പലരും കരുതി. എന്നാൽ, അവിശ്വസനീയമായ രീതിയിൽ ചെങ്കുപ്പായക്കാർ തിരിച്ചുവരികയായിരുന്നു. യുനൈറ്റഡ് നിലവിലെ ഫോമിൽ പന്തുതട്ടിയാൽ കിരീടം നിലനിർത്താൻ ഇക്കുറി ലിവർപൂൾ പാടുപെടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.