പി.എസ്.ജിയെ തകർത്ത് ന്യൂകാസിൽ; ബാഴ്സക്കും മാഞ്ചസ്റ്റർ സിറ്റിക്കും ജയം
text_fieldsചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെ തകർത്തുവിട്ട് ന്യൂകാസിലിന്റെ പടയോട്ടം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രഞ്ച് വമ്പൻമാരെ ന്യൂകാസിൽ യുണൈറ്റഡ് കെട്ടുകെട്ടിച്ചത്. മറ്റ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണയും ജയിച്ച് കയറി.
17ാം മിനിറ്റിൽ മിഖായേൽ അൽമിറോണിലൂടെയാണ് ന്യൂകാസിൽ തുടങ്ങിയത്. ഇടവേളക്ക് ആറ് മിനിറ്റ് ബാക്കിയുള്ളപ്പോൾ ഡാൻ ബേൺ ന്യൂകാസിലിന്റെ രണ്ടാം ഗോളും കുറിച്ചു. 50ാം മിനിറ്റിൽ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ന്യൂകാസിലിന്റെ മൂന്നാം ഗോളും പിറന്നു. ഇക്കുറി സിയൻ ലോങ്സ്റ്റാഫിനായിരുന്നു നിയോഗം.
നിശബ്ദരായ പി.എസ്.ജി കാണികൾക്ക് ആശ്വാസം പകർന്ന് 56ാം മിനിറ്റിൽ ടീമിന്റെ ആദ്യ ഗോൾ വന്നു. ലുകാസ് ഹെർണാണ്ടസിലൂടെയായിരുന്നു സന്ദർശകരുടെ ആശ്വാസ ഗോൾ. എന്നാൽ, മൂന്ന് ഗോളിൽ നിർത്താൻ ന്യൂകാസിലിന് ഉദ്ദേശമുണ്ടായിരുന്നില്ല. ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിൽ ഒരു ഗോൾ കൂടി നേടി രാജകീയമായി തന്നെ മത്സരം ന്യൂകാസിൽ അവസാനിപ്പിച്ചു.
ആർ.ബി ലയിപ്സിഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. 25ാം മിനിറ്റിൽ ഫിൽ ഫോഡനിലൂടെ സിറ്റിയാണ് ആദ്യ ഗോൾ കുറിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലയിപ്സിഗ് ഗോൾ മടക്കി. 48ാം മിനിറ്റിൽ ലുയിസ് ഓപ്പൺഡയിലൂടെയായിരുന്നു തിരിച്ചടി. കളി സമനിലയിലായതിന് പിന്നാലെ ഗോളിലേക്കുള്ള സിറ്റിയുടെ ശ്രമങ്ങൾ ഫലം കണ്ടില്ല. ഫിൽ ഫോഡന്റെ ഫ്രീക്വിക്ക് ബാറിൽ തട്ടി തെറിച്ചപ്പോൾ എർലിങ് ഹാലണ്ട് നല്ലൊരവസരം പാഴാക്കി. എന്നാൽ, കളിയിലെ മേധാവിത്വം നിലനിർത്തിയ സിറ്റി 86ാം മിനിറ്റിൽ ലീഡ് നേടി. അൽവാരസിലൂടെയായിരുന്നു ഗോൾ. ഇഞ്ചുറി ടൈമിൽ ജെർമി ഡോകുവിലൂടെ സിറ്റി ഗോൾ പട്ടിക പൂർത്തിയാക്കി.
എഫ്.സി പോർട്ടോയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സലോണ തോൽപ്പിച്ചത്. തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച് ബാഴ്സലോണയെ സമ്മർദത്തിലാക്കുകയെന്ന തന്ത്രമാണ് എഫ്.സി പോർട്ടോ കളിക്കളത്തിൽ പയറ്റിയത്. ആദ്യ 20 മിനിറ്റിൽ ഒരു പരിധി വരെ ഈ തന്ത്രം അവർ വിജയകരമായി നടപ്പിലാക്കി. എന്നാൽ, പതിയെ ബാഴ്സ കളിയിലേക്ക് തിരിച്ചെത്തി.
പിന്നീട് ബാഴ്സ ആക്രമിച്ച് കളിച്ചുവെങ്കിലും നല്ലൊരവസരം തുറന്നെടുക്കാൻ സാധിച്ചില്ല. ഇതിനിടെ ഗോളടിവീരൻ റോബർട്ട് ലെവൻഡോസ്കിയെ പിൻവലിക്കേണ്ടി വന്നത് ബാഴ്സക്ക് തിരിച്ചടിയായി. പരിക്കേറ്റ് പുറത്ത് പോയ ലെവൻഡോസ്കിക്ക് പകരം ഫെറൻ ടോറസിനെയാണ് ബാഴ്സ ഇറക്കിയത്. ആദ്യ പകുതി കഴിയും മുമ്പ് തന്നെ ടീം തന്നിലർപ്പിച്ച വിശ്വാസത്തിന് ഫെറൻ മറുപടി നൽകി.
പോർട്ടോ മിഡ്ഫീൽഡർ റോമാരിയോ ബാരോയുടെ പിഴവ് ബാഴ്സക്ക് അനുഗ്രഹമായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ടോറസ് ബാഴ്സക്കായി ഗോൾ നേടി. രണ്ടാം പകുതിയിൽ കടുത്ത ആക്രമണമാണ് പോർട്ടോ അഴിച്ചുവിട്ടത്. നിരവധി ഗോൾശ്രമങ്ങൾ അവർ തുറന്നെടുത്തുവെങ്കിലും പന്ത് വലയിലെത്തിക്കാൻ സാധിച്ചില്ല. മത്സരത്തിനൊടുവിൽ മൂന്ന് പോയിന്റുമായി ബാഴ്സ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.