56 വർഷത്തെ കാത്തിരിപ്പിന് അവസാനം; ലിവർപൂളിനെ അട്ടിമറിച്ച് ന്യൂകാസിലിന് കരബാവോ കപ്പ് കിരീടം
text_fieldsവെംബ്ലി: സീസണിൽ ട്രിപ്പ്ൾ കിരീടം സ്വപ്നം കണ്ടിരുന്ന ലിവർപൂൾ ആരാധകർക്ക് മറ്റൊരു ഷോക്ക്! ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്തായതിനു പിന്നാലെ കരബാവോ കപ്പ് ഫൈനലിലും ചെമ്പടക്ക് ഞെട്ടിക്കുന്ന തോൽവി. വെംബ്ലിയിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂകാസിൽ യുനൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആർനെ സ്ലോട്ടിനെയും സംഘത്തെയും വീഴ്ത്തിയത്.
56 വർഷത്തെ കിരീടവരൾച്ചക്ക് കൂടിയാണ് ന്യൂകാസിൽ വെംബ്ലിയിൽ അറുതി വരുത്തിയത്. ഡാൻ ബേൺ (45), അലക്‌സാണ്ടർ ഇസാക് (52) എന്നിവരാണ് ന്യൂകാസിലിനായി വലകുലുക്കിയത്. ലിവർപൂളിനായി ഫെഡറികോ കിയേസ ഇൻജുറി ടൈമിൽ (90+4) ആശ്വാസഗോൾ നേടി. 1969ൽ ഇന്‍റർ-സിറ്റീസ് ഫെയേഴ്സ് കപ്പ് നേടിയതിനുശേഷം ന്യൂകാസിൽ സ്വന്തമാക്കുന്ന ആദ്യ കിരീടമാണിത്. 1955ലെ എഫ്.എ കപ്പ് നേടിയതിനുശേഷം ഒരു ആഭ്യന്തര കിരീടത്തിൽ മുത്തമിടുന്നതും ആദ്യമാണ്.
ആർനെ സ്ലോട്ടിനു കീഴിൽ ആദ്യ കിരീടത്തിനായി ചെമ്പട ഇനിയും കാത്തിരിക്കണം. യുവേഫ ചാമ്പ്യൻസ് ലീഗിൽ തോൽവിയറിയാതെ കുതിച്ചിരുന്ന ലിവർപൂൾ, പ്രീക്വാർട്ടർ രണ്ടാംപാദത്തിൽ സ്വന്തം തട്ടകമായ ആൻഫീൽഡിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്ക് മുന്നിൽ വീണത്. ലിവർപൂളിന്‍റെ മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിച്ചും ലഭിച്ച അവസരങ്ങൾ വലയിലെത്തിച്ചുമാണ് ന്യൂകാസിൽ കിരീടം സ്വന്തമാക്കിയത്.
ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ന്യൂകാസിൽ ലീഡെടുത്തു. കിരിയൻ ട്രിപ്പയറിന്റെ കോർണർ മികച്ചൊരു ഹെഡ്ഡറിലൂടെ ഡാൻ ബേൺ വലയിലെത്തിച്ചു. ഇടവേളക്കുശേഷം ചെമ്പടയുടെ ഗോൾ മടക്കാനുള്ള ശ്രമങ്ങൾക്കിടെ എതിരാളികൾ വീണ്ടും വെടിപൊട്ടിച്ചു. ബോക്‌സിൽനിന്ന് ജേക്കർ മർഫി നൽകിയ പന്ത് ക്ലിനിക്കൽ ഫിനിഷിലൂടെ സ്വീഡിഷ് സ്‌ട്രൈക്കർ അലക്‌സാണ്ടർ ഇസാക് വലയിലാക്കി. രണ്ടാം പകുതിയിൽ ലിവർപൂളിന് തൊട്ടതെല്ലാം പിഴക്കുന്ന കാഴ്ചയാണ് വെംബ്ലി സ്റ്റേഡിയത്തിൽ കണ്ടത്.
ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ ന്യൂകാസിലിന്‍റെ പ്രതിരോധക്കോട്ട പൊളിച്ച് പകരക്കാരനായി ഇറങ്ങിയ ഫെഡറികോ കിയേസ ലിവർപൂളിനായി ഒരു ഗോൾ മടക്കിയെങ്കിലും ജയിക്കാൻ അതു മതിയായിരുന്നില്ല. ലിവർപൂളിനു മുന്നിൽ ഇനിയുള്ളത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടമാണ്. നിലവിൽ ലീഗിൽ 70 പോയന്‍റുമായി എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.