കഷ്ടിച്ച് സമനില നേടി നെയ്മറിന്‍റെ അൽ -ഹിലാൽ; എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി അൽ -ഇത്തിഹാദ്
text_fieldsറിയാദ്: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ആദ്യ മത്സരത്തിൽ ഇൻജുറി ടൈമിലെ ഗോളിൽ കഷ്ടിച്ച് സമനില നേടി ബ്രസീൽ സൂപ്പർതാരം നെയ്മറിന്‍റെ അൽ -ഹിലാൽ. ഗ്രൂപ്പ് ഡിയിൽ ഇത്തിരികുഞ്ഞന്മാരായ ഉസ്ബെക്കിസ്ഥാൻ ക്ലബ് നവബഹോറാണ് സൗദി പ്രോ ലീഗിലെ കരുത്തരായ അൽ -ഹിലാലിനെ സമനിലയിൽ തളച്ചത്.
സൂപ്പർതാരം നെയ്മർ ആദ്യമായി പ്ലെയിങ് ഇലവനിൽ കളിക്കാനിറങ്ങിയ മത്സരത്തിലാണ് ടീമിന് സമനില കൊണ്ട് തൃപ്തിപെടേണ്ടി വന്നത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സമനില പിടിച്ചത്. അതേസമയം, ഗ്രൂപ്പ് സിയിൽ പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ -ഇത്തിഹാദ് ഉസ്ബെക്കിസ്ഥാൻ ക്ലബായ എഫ്.സി എ.ജി.എം.കെയെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്തു. കഴിഞ്ഞ വെള്ളിയാഴ്ച പ്രോ ലീഗിൽ അൽ റിയാദിനെതിരെയാണ് നെയ്മർ അരങ്ങേറ്റം കുറിച്ചത്.
മത്സരത്തിൽ വല കുലുക്കാനായില്ലെങ്കിലും ഗോളിന് വഴിയൊരുക്കുകയും മികച്ച നീക്കങ്ങളുമായി കളം നിറയുകയും ചെയ്തിരുന്നു. കിങ് ഫഹദ് ഇന്‍റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 52ാം മിനിറ്റിൽ ടോമ തബതാഡ്‌സെയുടെ കിടിലൻ ഫിനിഷിങ്ങിലൂടെ നവബഹോർ മുന്നിലെത്തി. 2022 ഉസ്ബെക്കിസ്ഥാൻ സൂപ്പർ ലീഗ് റണ്ണേഴ്സ് അപ്പായ നവബഹോർ ആദ്യമായാണ് എ.എഫ്.സി ചാമ്പ്യൻസ് ലീഗ് കളിക്കുന്നത്.
രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ (90+10) പ്രതിരോധ താരം അലി അൽബുലൈഹിയാണ് ആതിഥേയർക്ക് സമനില ഗോൾ സമ്മാനിച്ചത്. കോർണറിൽനിന്ന് ഉയർന്നുവന്ന പന്ത് ഹെഡറിലൂടെയാണ് താരം വലയിലാക്കിയത്. മത്സരത്തിൽ എതിർതാരത്തെ തള്ളിയിട്ടതിന് നെയ്മറിന് മഞ്ഞ കാർഡും ലഭിച്ചു. മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ അൽ -ഇത്തിഹാദ് അനായാസ ജയവുമായി വരവറിയിച്ചു.
2004, 2005 വർഷങ്ങളിൽ ചാമ്പ്യന്മാരായ ഇത്തിഹാദ് പരിക്കേറ്റ ഫ്രഞ്ച് സൂപ്പർതാരം കരീം ബെൻസേമ ഇല്ലാതെയാണ് കളിക്കാനിറങ്ങിയത്. താരത്തിന്‍റെ അഭാവത്തിൽ പ്ലെയിങ് ഇലവിൽ ഇടംനേടിയ സ്ട്രൈക്കർ ഹറൂൺ കാമറ 11ാം മിനിറ്റിൽ തന്നെ ടീമിനെ മുന്നിലെത്തിച്ചു. 15ാം മിനിറ്റിൽ ബ്രസീൽ താരം റൊമാറീനോ ആതിഥേയരുടെ ലീഡ് ഉയർത്തി. ആദ്യ പകുതി അവസാനിക്കാൻ മൂന്നു മിനിറ്റ് ബാക്കി നിൽക്കെ ഇത്തിഹാദിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൊമാറിനോ വീണ്ടും ലീഡ് ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.